ജില്ലാ ആസ്പത്രിയിലെ ലിഫ്റ്റ് നിര്‍മ്മാണം പാതിവഴിയില്‍
ചാനല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എഞ്ചിനിയര്‍മാരും കരാറുകാരനും തമ്മിലുള്ള ഭിന്നതയാണ് നിര്‍മ്മാണം നീട്ടിക്കൊണ്ടുപോകുന്നത്

കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രിയിലെ ലിഫ്റ്റ് നിര്‍മ്മാണം പാതിവഴിയില്‍. അഞ്ചുനില കെട്ടിടത്തിന്റെ ലിഫ്റ്റ് നിര്‍മ്മാണമാണ് എങ്ങുമെത്താതെ നില്‍ക്കുന്നത്. ചാനല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എഞ്ചിനിയര്‍മാരും കരാറുകാരനും തമ്മിലുള്ള ഭിന്നതയാണ് നിര്‍മ്മാണം നീട്ടിക്കൊണ്ടുപോകുന്നത്. അഭിപ്രായ ഭിന്നത കാരണം ലിഫ്റ്റ് ചാനല്‍ പലപ്പോഴും പൊളിച്ച് വീണ്ടും പണിയേണ്ടി വരുന്നു. ഇത് പ്രവൃത്തിയെ ബാധിക്കുകയാണ്. ചാനല്‍ പൊളിച്ച് പണി തുടരുമ്പോള്‍ ദുരിതത്തിലാകുന്നത് നൂറുകണക്കിന് രോഗികളാണ്. ലിഫ്റ്റ് ചാനല്‍ നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ജില്ലാ പഞ്ചായത്തിലെ എഞ്ചിനീയര്‍മാരും കരാറുകാരും പരസ്പരം പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നു.
20 ലക്ഷത്തില്‍ പരം തുക ചെലവഴിച്ചുള്ള ലിഫ്റ്റ് നിര്‍മ്മാണത്തിനിടെ നാല് തവണ മാറ്റങ്ങള്‍ വരുത്തി. ലിഫ്റ്റിനായുള്ള കുഴിയുടെ വീതിയുടെ പോരായ്മ, ഉപയോഗിക്കുന്ന കമ്പിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവ പൊളിച്ചു പണിയുന്നതിന് കാരണങ്ങളായി മാറി. മാസങ്ങളായി പണി തുടരുമ്പോള്‍ ജനറല്‍ ഒ.പിയിലേക്ക് ഉള്‍പ്പെടെ പോകേണ്ട രോഗികള്‍ അഞ്ചുനില കെട്ടിടത്തിന്റെ പടികള്‍ കയറേണ്ട ദുരിതാവസ്ഥയിലാണ്. നിര്‍മ്മാണവും പൊളിക്കലും മുറപോലെ തുടരുമ്പോള്‍ ലിഫ്റ്റ് ചാനല്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ ഇനിയും തുക വേണ്ടിവരുമെന്നാണ് സൂചന. കരാറുകാരനും എഞ്ചിനീയര്‍മാരും തമ്മിലുള്ള അഭിപ്രായ ഭിന്നത തീര്‍ക്കാന്‍ ജില്ലാ അധികൃതര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.