Sky Dining | അവിസ്മരണീയമായ ആകാശ വിരുന്നൊരുക്കി ബേക്കല്‍ ബീച്ചില്‍ സ്‌കൈ ഡൈനിങ്; സംസ്ഥാനത്ത് ആദ്യം

കാസര്‍കോട്: പള്ളിക്കര ബേക്കല്‍ ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ ആകാശ വിരുന്നൊരുക്കി, സംസ്ഥാനത്ത് തന്നെ ആദ്യമായി സ്‌കൈ ഡൈനിങ് ആരംഭിച്ചു. 142 അടി ഉയരത്തില്‍ പ്രത്യേകം ഒരുക്കിയ ഇരിപ്പിടത്തിലിരുന്ന് ചുറ്റുവട്ട കാഴ്ചകള്‍ മനോഹരമായി ആസ്വദിക്കാനുള്ള സംവിധാനമാണ് സജ്ജമാക്കിയത്. പ്രത്യേക ക്രെയിന്‍ വഴിയാണ് ഒരേസമയം 12 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനും ചുറ്റുവട്ട കാഴ്ചകള്‍ ആസ്വദിക്കാനുമുള്ള സ്‌കൈ ഡൈനിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
പ്രാദേശിക വിനോദ സഞ്ചാരികള്‍, വ്യത്യസ്ത അനുഭവങ്ങള്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍, ബോര്‍ഡ് യോഗങ്ങള്‍ ചേരാനുള്ള സൗകര്യമെന്ന നിലയില്‍ കോര്‍പ്പറേറ്റ് കമ്പനികളേയും ആകര്‍ഷിക്കുന്നതിനും ഇതിന് പിന്നിലുള്ളവര്‍ ലക്ഷ്യമിടുന്നു. ജന്മദിനങ്ങള്‍ ആഘോഷിക്കാനും സ്‌കൈ ഡൈനിങ് സൗകര്യം അവസരമൊരുക്കുന്നു. ഒരു സീറ്റിന് 700 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ സീറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഇളവുകളും വാഗ്ദാനം ചെയ്യുന്നു.
എലിവേറ്റഡ് ഡൈനിങ് ഓപ്ഷന്‍ സാഹസികതയും മികച്ച ഡൈനിങും സന്ദര്‍ശകര്‍ക്ക് അസാധാരണ അനുഭവമായിരിക്കുമെന്ന് ബേക്കല്‍ ബീച്ച് പാര്‍ക്ക് ഡയറക്ടര്‍ അനസ് മുസ്തഫ പറയുന്നു. മഴക്കാലത്ത് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സ്‌കൈ ഡൈനിങ് പ്രവര്‍ത്തിക്കില്ല. വ്യത്യസ്തവും നൂതനവുമായ സ്‌കൈ ഡൈനിങ് അനുഭവിക്കാന്‍ നിരവധി പേരാണ് ബേക്കല്‍ ബീച്ച് പാര്‍ക്കിലെത്തുന്നത്.