കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ മൂലമുള്ള അപകടങ്ങള്‍ പെരുകുന്നു; പരിശോധന നടത്താതെ മോട്ടോര്‍ വാഹന വകുപ്പ്
ചില ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നതായും പരാതി

മഞ്ചേശ്വരം: കാസര്‍കോട്- മംഗളൂരു റൂട്ടില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ മൂലമുള്ള അപകടങ്ങള്‍ പെരുകുന്നു. ബസുകളുടെ അമിത വേഗതയും തേയ്മാനം വന്ന ടയറുകളുമാണ് അപകടത്തിന് കാരണമാകുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് തലപ്പാടിയില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലിടിച്ച് ആറുപേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച ആരോപണങ്ങള്‍ ശക്തമാണ്. അപകടം വരുത്തിയ ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ നാല് ടയറുകള്‍ക്കും തേയ്മാനം സംഭവിച്ചിരുന്നു.
കൃത്യമായ പരിശോധന നടത്തിയിരുന്നുവെങ്കില്‍ ഇന്നലെ നടന്ന ദുരന്തം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മറ്റ് വാഹനങ്ങള്‍ പരിശോധിക്കാറുണ്ടെങ്കിലും കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകളെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. ചില ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നതായും പരാതിയുണ്ട്. ചില ട്രാന്‍സ്‌പോര്‍ട്ട് ബസ് ജീവനക്കാര്‍ പുകയില ഉല്‍പന്നങ്ങളും ഉപയോഗിക്കുന്നു. ഇതും അപകടങ്ങള്‍ക്ക് ഇടവരുത്തുന്നു. തലപ്പാടി മുതല്‍ കാസര്‍കോട് വരെ ഇത്തരം ബസുകള്‍ മൂലം അപകടങ്ങള്‍ സംഭവിക്കുകയാണ്.