കാഞ്ഞങ്ങാട്ട് സര്‍വ്വീസ് റോഡ് പാര്‍ക്കിംഗ് റോഡായി

കെ.എസ്.ടി.പി റോഡില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വേണ്ടിയാണ് നഗരത്തില്‍ രണ്ട് ഭാഗങ്ങളിലും പ്രധാന കേന്ദ്രങ്ങളില്‍ സര്‍വ്വീസ് റോഡ് നിര്‍മ്മിച്ചത്

കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി നഗരത്തില്‍ ഒരുക്കിയ സര്‍വ്വീസ് റോഡുകള്‍ പാര്‍ക്കിങ്ങ് റോഡായി മാറി. കെ.എസ്.ടി.പി റോഡില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വേണ്ടിയാണ് നഗരത്തില്‍ രണ്ട് ഭാഗങ്ങളിലും പ്രധാന കേന്ദ്രങ്ങളില്‍ സര്‍വ്വീസ് റോഡ് നിര്‍മ്മിച്ചത്. എന്നാല്‍ ഇവ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന കേന്ദ്രമായി മാറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്. ഓട്ടോ സ്റ്റാന്റും സര്‍വ്വീസ് റോഡിലുണ്ട്. ഇന്റര്‍ലോക്കിട്ട് വെടിപ്പാക്കിയ റോഡാണ് പാര്‍ക്കിംഗ് റോഡായി മാറിയത്. സര്‍വ്വീസ് റോഡില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കിടയിലൂടെ ബുദ്ധിമുട്ടിയാണ് വാഹനങ്ങള്‍ പോകുന്നത്.

ഒരു ഭാഗത്തേക്ക് മാത്രം പോകുന്നതിന് പകരം ഇരുഭാഗത്തേക്കും വാഹനങ്ങള്‍ പോകുന്നതും ഇവിടെ കൂടുതല്‍ കുരുക്കുണ്ടാക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലും ഏറെ സ്ഥലമുള്ള പട്ടണമെന്ന പ്രത്യേകതയുള്ള കാഞ്ഞങ്ങാട് നഗരത്തില്‍ അധികൃതര്‍ നടപടി കര്‍ശനമാക്കാത്തതിനാലാണ് പതിവായി ഗതാഗതക്കുണ്ടാകുന്നത്. ഇടയ്ക്കിടെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ പേരില്‍ ഗതാഗത പരിഷ്‌കരണ അറിയിപ്പ് ഉണ്ടാകാറുണ്ടെങ്കിലും ഇവ ഒരിക്കലും നടപ്പാക്കാറില്ല. ഏറ്റവും ഒടുവിലായി അറ്റകുറ്റപ്പണിക്കായി കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് അടച്ചിട്ടതിന് പിന്നാലെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ബസുകള്‍ പുറപ്പെടുന്നതിനും ഈ കമ്മിറ്റിയുടേതായി നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതും പാലിക്കപ്പെട്ടില്ല.

ബസ് സ്റ്റാന്റ് പരിസരത്ത് ഉള്‍പ്പെടെ ഓട്ടോ സ്റ്റാന്റ് മാര്‍ക്ക് ചെയ്ത് എണ്ണം ചുരുക്കുന്ന നിര്‍ദ്ദേശവും നഗരസഭയും പൊലീസും നല്‍കിയിരുന്നുവെങ്കിലും ഇനിയും തീരുമാനമായിട്ടില്ല. ഓട്ടോ സ്റ്റാന്റുകളില്‍ പൊലീസും നഗരസഭ അധികൃതരും സന്ദര്‍ശിച്ചതിനുശേഷമാണ് നിര്‍ദ്ദേശം വന്നത്. നഗരത്തില്‍ എവിടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പുലര്‍ച്ചെ ട്രെയിനില്‍ പോകാനായി എത്തുന്നവരും തിരിച്ചെത്തുന്നതുവരെ നഗരത്തിലെ പല ഭാഗങ്ങളിലായാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

Related Articles
Next Story
Share it