വേനല്‍ ചൂടിന്റെ കാഠിന്യം വര്‍ധിച്ചു; ജലസ്രോതസുകള്‍ വറ്റി; കര്‍ഷകര്‍ പ്രതിസന്ധിയില്‍

പള്ളത്തടുക്കയിലെ ഒരു കര്‍ഷകന്റെ വിണ്ടുകീറിയ നെല്പാടം
ബദിയടുക്ക: വേനല്‍ ചൂടിന്റെ കാഠിന്യം വര്‍ധിച്ചതോടെ പുഴകളും തോടുകളും മറ്റ് ജലസ്രോതസുകളും വറ്റി വരണ്ടു. ഇതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. ജലസ്രോതസുകള്‍ വറ്റിയതോടെ ഏറെ പ്രതിസന്ധിയിലായത് നെല്‍കര്‍ഷകരാണ്. ജല ലഭ്യത കുറഞ്ഞതോടെ നെല്‍പാടങ്ങള്‍ വിണ്ടുകീറാന്‍ തുടങ്ങി. വിളകള്‍ വെയിലേറ്റ് കത്തിക്കരിയുന്നു.
കര്‍ഷകരില്‍ പലരും തങ്ങളുടെ ഉപജീവന മാര്‍ഗമായിരുന്ന കൃഷിയില്‍ നിന്നും പിന്തിരിയാന്‍ തുടങ്ങി. മുന്‍ കാലങ്ങളില്‍ ഏപ്രില്‍ അവസാനം വരെ പുഴകളില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്ത് കാര്‍ഷിക ആവശ്യത്തിന് വെള്ളമെടുത്തിരുന്ന കര്‍ഷകര്‍ക്ക് ഇത്തവണ മാര്‍ച്ച് പകുതി ആകുമ്പോഴേക്കും പുഴകളും മറ്റും വറ്റി വരണ്ടത് ദുരിതമായി.
വെള്ളത്തിന്റെ ലഭ്യത പാടെ കുറഞ്ഞു. ബദിയടുക്ക പഞ്ചായത്ത് പരിധിയിലെ പെരഡാല, പള്ളത്തടുക്ക, വിദ്യാഗിരി, മാന്യ വയല്‍, കുംബഡാജെ പഞ്ചായത്തിലെ ഏത്തടുക്ക, നാരംപാടി, ഗോസാഡ തുടങ്ങിയ പ്രദേശങ്ങളിലാണ് ജലസ്രോതസുകള്‍ വറ്റി വരണ്ടത്. ഇതോടെ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.