നിര്‍ത്താതെ പെയ്ത് മഴ; 24 മണിക്കൂറിനകം റോഡില്‍ പൊലിഞ്ഞത് ഏഴ് ജീവനുകള്‍
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത് പത്തോളം പേര്‍

മഞ്ചേശ്വരം: നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്ന് 24 മണിക്കൂറിനകം റോഡില്‍ പൊലിഞ്ഞത് ഏഴ് ജീവനുകള്‍. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത് പത്തോളം പേര്‍. നാല് ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ വാഹനങ്ങള്‍ തെന്നി അപകടങ്ങള്‍ വര്‍ധിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ മഞ്ചേശ്വരം രാഗം ജംഷനില്‍ കാര്‍ റോഡില്‍ നിന്ന് തെന്നി ഡിവൈഡറിലിടിച്ച് കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഉപ്പളയില്‍ ടെമ്പോ തെന്നി മറ്റൊരു വാഹനത്തിന്റെ പിറകിലേക്കിടിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഏഴര മണിയോടെ കുമ്പള ഭാസ്‌ക്കര നഗറില്‍ കാര്‍ നിയന്ത്രണം വിട്ട് തെന്നിയതിന് ശേഷം കലുങ്കിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ക്ക് നിസാരമായി പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് ഉപ്പള ഗേറ്റിന് സമീപത്ത് കാര്‍ സ്‌കൂട്ടറിന് പിറകിലിടിച്ച് തലപ്പാടിയിലെ ഹമീദ് മരിക്കുകയും സുഹൃത്തിന് പരിക്കേല്‍ക്കുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെ ഹൊസങ്കടിയില്‍ ബൈക്ക് റോഡില്‍ നിന്ന് തെന്നി മറിഞ്ഞു രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് ഡിപ്പോയില്‍ നിന്ന് മംഗളൂരുവിലേക്ക് അമിത വേഗതയില്‍ പോകുകയായിരുന്ന കര്‍ണ്ണാടക ട്രാന്‍സ് പോര്‍ട്ട് ബസ് തലപ്പാടിയില്‍ എത്തിയപ്പോള്‍ എതിരെ വരികയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോ യാത്രക്കാരായ ആറുപേര്‍ മരിച്ചു. ദേശിയ പാതയിലെ മിനുസവും അമിത വേഗതയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് റോഡിനെ പറ്റിയുള്ള പരിചയക്കുറവുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്ന് അധികൃതര്‍ പറയുന്നു.