പാതിവഴിയില്‍ നിലച്ച ലൈഫ് ഭവന പദ്ധതിയിലെ വീടുകള്‍ കാട് കയറി നശിക്കുന്നു

ബദിയടുക്ക പഞ്ചായത്തിലെ ഏണിയര്‍പ്പ്, ചെടേക്കാല്‍, മാന്യ, മുണ്ടോട്, മജീര്‍പ്പള്ളക്കട്ട എന്നിവിടങ്ങളിലെ വീടുകളാണ് കാട് കയറി നശിക്കുന്നത്

ബദിയടുക്ക: നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച ലൈഫ് ഭവന പദ്ധതിയിലെ പല വീടുകളും ലൈഫില്ലാതെ കാടു കയറി നശിക്കുന്നു. അര്‍ഹരായവര്‍ക്ക് ഇന്നും വാടക മുറികളും ഷെഡ്ഡുകളും മാത്രമാണ് ആശ്രയം. ബദിയടുക്ക പഞ്ചായത്തിലെ ഏണിയര്‍പ്പ്, ചെടേക്കാല്‍, മാന്യ, മുണ്ടോട്, മജീര്‍പ്പള്ളക്കട്ട തുടങ്ങിയ സ്ഥലങ്ങളില്‍ ഭൂരഹിത കേരളം പദ്ധതി പ്രകാരം സ്ഥലം ലഭിച്ചവര്‍ക്ക് ലൈഫ് ഭവന പദ്ധതിയില്‍ ഭവന നിര്‍മ്മാണത്തിന് പഞ്ചായത്തില്‍ നിന്ന് ധനസഹായം ലഭിച്ചിരുന്നു. അതില്‍ ചിലര്‍ക്ക് ആദ്യഘട്ട ധനസഹായവും ചിലര്‍ക്ക് രണ്ടും മറ്റു ചിലര്‍ക്ക് പൂര്‍ണ്ണമായും ധനസഹായം ലഭിച്ചു.

അതില്‍ ചില ഗുണഭോക്താക്കള്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചെങ്കിലും മറ്റു ചിലര്‍ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനാവാതെ പാതിവഴിയില്‍ ഉപേക്ഷിച്ച മട്ടിലാണ്. ഇത്തരത്തില്‍ ഏണിയര്‍പ്പില്‍ മാത്രം പദ്ധതിയില്‍പ്പെട്ട ഇരുപതോളം വീടുകളാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാവാതെ കാട് കയറി നാശത്തിന്റെ വക്കില്‍ എത്തിനില്‍ക്കുന്നത്. സംസ്ഥാനത്ത് യു.ഡി.എഫ് ഭരണകാലത്ത് ഭൂരഹിത കേരളം പദ്ധതി പ്രകാരം അര്‍ഹരെ കണ്ടെത്തി സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമികളില്‍ മൂന്ന്, അഞ്ച് സെന്റ് എന്നിങ്ങനെ സ്ഥലം പതിച്ചു നല്‍കിയിരുന്നു.

പിന്നീട് എല്‍.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിയുടെ പേര് ലൈഫ് ഭവന പദ്ധതിയാക്കി മാറ്റുകയും ചെയ്തു. ഇതേ തുടര്‍ന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അര്‍ഹരെ കണ്ടെത്തുന്നതിന് വീണ്ടും അപേക്ഷ ക്ഷണിക്കുകയും മാനദണ്ഡങ്ങള്‍ പ്രകാരം സ്വന്തമായി ഭൂമിയും വാസയോഗ്യമല്ലാത്ത വീടുള്ളവരും വാടക മുറിയിലും ഷെഡ്ഡുകളിലും താമസിക്കുന്നവരെയും കണ്ടെത്തി അവരെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ പലരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും പഞ്ചായത്ത്, റവന്യു അധികൃതരെയും സ്വാധീനിച്ച് അര്‍ഹത മാനദണ്ഡങ്ങള്‍ മറി കടന്ന് പട്ടികയില്‍ ഇടം നേടുകയും സ്ഥലവും വീട് വെക്കാനുള്ള ധനസഹായവും കൈപറ്റിയെന്നുള്ള ആക്ഷേപവും ഉയര്‍ന്നിരുന്നു.

അത്തരം ആളുകളില്‍ പലരും സര്‍ക്കാര്‍ വീട് നിര്‍മ്മാണത്തിന് നിശ്ചയിച്ച വിസ്തീര്‍ണ്ണം പോലും മറികടന്ന് രണ്ട് നിലകളുള്ള വീടുകള്‍ പണിയുകയും ചെയ്തു. ലൈഫ് പദ്ധതിയില്‍ ധനസഹായം ലഭിച്ച പലരും വാടകക്ക് നല്‍കിയവരുമുണ്ട്. മറ്റു ചിലര്‍ രേഖയുണ്ടാക്കി മറിച്ച് വില്‍പ്പന നടത്തുകയും ചെയ്തുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അര്‍ഹതപ്പെട്ട നിര്‍ധന കുടുംബത്തില്‍പ്പെട്ടവര്‍ ധനസഹായം പൂര്‍ണ്ണമായും ലഭിക്കാത്തതിനാല്‍ വീട് നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച് ഇന്നും വാടക മുറികളിലും ഷെഡ്ഡുകളിലും കഴിയുകയാണ്.

Related Articles
Next Story
Share it