അറുതിയില്ലാത്ത കര്‍ഷക ദുരിതങ്ങള്‍
ഏക്കര്‍ കണക്കിന് നെല്‍വയലുകള്‍ കൊണ്ട് സമ്പന്നമായിരുന്ന ജില്ലയിലെ കൃഷിയിടങ്ങളുടെ അവസ്ഥ ഇപ്പോള്‍ അതിദയനീയം തന്നെയാണ്.

കാസര്‍കോട് ജില്ലയില്‍ കാര്‍ഷികമേഖല കടുത്ത പ്രതിസന്ധിയിലാണ്. കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് അറുതിയുണ്ടാകുന്നില്ല. മാറിമാറിവരുന്ന പേമാരിയും ശക്തമായ കാറ്റും കൊടുംവരള്‍ച്ചയും മാത്രമല്ല ജില്ലയിലെ കാര്‍ഷികമേഖലയ്ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. വന്യമൃഗങ്ങളുടെയും പക്ഷികളുടെയും കീടങ്ങളുടെയും വന്‍ തോതിലുള്ള ശല്യം ജില്ലയിലെ പല ഭാഗങ്ങളിലും കൃഷിയുമായി മുന്നോട്ടുപോകാനാകാത്ത നിര്‍ബന്ധിതാവസ്ഥയില്‍ പല കര്‍ഷകരെയും എത്തിക്കുകയാണ്.
ഏക്കര്‍ കണക്കിന് നെല്‍വയലുകള്‍ കൊണ്ട് സമ്പന്നമായിരുന്ന ജില്ലയിലെ കൃഷിയിടങ്ങളുടെ അവസ്ഥ ഇപ്പോള്‍ അതിദയനീയം തന്നെയാണ്. നെല്‍കൃഷിയില്‍ നിന്ന് കര്‍ഷകര്‍ പിന്തിരിഞ്ഞുകൊണ്ടിരിക്കുന്നു. ഒരു ഭാഗത്ത് നെല്‍വയലുകള്‍ അടക്കമുള്ള ഭൂമി വാങ്ങുന്നവര്‍ വയലുകള്‍ മണ്ണിട്ട് നികത്തുന്നു. മറ്റൊരു ഭാഗത്ത് കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്നും പിന്‍വാങ്ങുകയാണ്.
ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലും മലയോര-ഗ്രാമ പ്രദേശങ്ങളിലും നെല്‍കൃഷിയുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. കാട്ടാനകളുടെയും കാട്ടുപന്നികളുടെയും മയിലുകളുടെയും ശല്യം നെല്‍കൃഷിയോട് മടുപ്പ് തോന്നാന്‍ കാരണമാകുന്നുണ്ട്. വന്യമൃഗശല്യവും തൊഴിലാളി ക്ഷാമവും ഒരു പോലെ പ്രതിസന്ധിയുണ്ടാക്കുമ്പോള്‍ എങ്ങനെ നെല്‍കൃഷി നടത്തുമെന്നാണ് കര്‍ഷകരുടെ ചോദ്യം.
ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങള്‍ ഒരു കാലഘട്ടത്തില്‍ നെല്‍കൃഷിയാല്‍ സമ്പന്നമായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി ഈ ഭാഗങ്ങളില്‍ വയലുകള്‍ കുറഞ്ഞുവരികയാണ്. 10 ഏക്കര്‍ വരുന്ന മുളിയാറിലെ നെല്‍വയലില്‍ ഇപ്പോള്‍ കൃഷി ചെയ്യുന്നത് ഒരേക്കര്‍ സ്ഥലത്ത് മാത്രമാണ്. പ്രതികൂലമായ കാലാവസ്ഥയോട് മല്ലടിച്ച് കൃഷി നിലനിര്‍ത്തിയാലും വന്യമൃഗശല്യത്തോട് പോരാടാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് ഇന്ന് കര്‍ഷകര്‍.
കാട്ടാനകളും പന്നികളും മയിലുകളും വന്ന് നെല്‍കൃഷിയും മറ്റ് കാര്‍ഷികവിളകളും നശിപ്പിക്കുമ്പോള്‍ കര്‍ഷകരുടെ ഉള്ള് നീറുകയാണ്. നാട്ടിലിറങ്ങുന്ന പന്നികളെ കൊല്ലാന്‍ നിയമമുണ്ടെങ്കിലും മുളിയാര്‍ പഞ്ചായത്തില്‍ അതിന് അനുവദിക്കുന്ന നടപടികളൊന്നും തുടങ്ങിയിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പന്നിയെ കൊല്ലാന്‍ അനുവദിച്ചാല്‍ തന്നെയും കാട്ടാനകളെയും മയിലുകളെയും എന്തുചെയ്യുമെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. വനാതിര്‍ത്തിയില്‍ നിന്നാണ് മയിലുകള്‍ കൂട്ടത്തോടെ കൃഷിയിടങ്ങളിലെത്തുന്നത്. നെല്‍മണികള്‍ മാത്രമല്ല പച്ചക്കറി വിളകളും മയിലുകള്‍ തിന്നൊടുക്കുന്നു. കാട്ടാനകള്‍ നെല്‍കൃഷിക്ക് മാത്രമല്ല, പച്ചക്കറി, തെങ്ങ്, കവുങ്ങ്, റബ്ബര്‍ തുടങ്ങിയവയ്ക്കെല്ലാം ഭീഷണിയാണ്.
നെല്‍കൃഷി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോഴാണ് ഉള്ള വയലുകളില്‍ തന്നെ കൃഷി ചെയ്യാന്‍ കഴിയാത്ത ദുരവസ്ഥയില്‍ ജില്ലയിലെ കര്‍ഷകരെത്തിയത്. വന്യമൃഗശല്യം തടയാനും നെല്‍കൃഷി അടക്കമുള്ള കാര്‍ഷികവിളകളെ സംരക്ഷിക്കാനും നടപടിയില്ലെങ്കില്‍ ജില്ലയില്‍ കാര്‍ഷികമേഖല പൂര്‍ണ്ണമായും തകര്‍ച്ചയിലെത്തും. അത് സംഭവിക്കുന്നതിന് മുമ്പ് അധികൃതരുടെ അടിയന്തിര ഇടപെടല്‍ അനിവാര്യമാണ്.