തളങ്കരയ്ക്ക് ആഘാതമായി പള്ളിക്കുളത്തിലെ മരണം; ഫൈസാന്റെ മയ്യത്ത് ബെംഗളൂരുവിലേക്ക് കൊണ്ടുപോയി
കുടുംബം തളങ്കരയിലെത്തിയത് പ്രവാചകന്റെ കാലത്ത് മതപ്രബോധനവുമായി എത്തിയ ഒരു സ്വഹാബി മണ്മറഞ്ഞ് കിടപ്പുണ്ടെന്നും അത് സന്ദര്‍ശിക്കണമെന്നുമുള്ള ആഗ്രഹത്തോടെ

തളങ്കര: ബെംഗളൂരുവില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പം തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തി ബുധനാഴ്ച രാവിലെ തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്കുളത്തില്‍ വീണ് മരിച്ച ബെംഗളൂരു സ്വദേശിയായ ഫൈസാന്‍ എന്ന 22കാരന്റെ മരണം തളങ്കരയുടെ നോവായി.
ബെംഗളൂരു ഡിജെ ഹള്ളി പൊലീസ് സ്റ്റേഷന് പരിധിയിലെ താനി റോഡില്‍ താമസിക്കുന്ന മുജാഹിദും ഭാര്യ സക്കീനയും മക്കളായ ഫൈസാനും ഇളയ സഹോദരന് സക്ലിനും ഫൈസാന്റെ പ്രതിശ്രുത വധുവും അവരുടെ കുടുംബവും അടക്കം 15 അംഗ സംഘം ചൊവ്വാഴ്ച വൈകിട്ടാണ് തളങ്കരയിലെത്തിയത്. കര്‍ണാടകയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഉള്ളാള്‍ ദര്ഗയിലെത്തി അവിടെ നിന്ന് മടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാല്‍ കാസര്‍കോട് തളങ്കരയില്‍ പ്രവാചകന്റെ കാലത്ത് മതപ്രബോധനവുമായി എത്തിയ ഒരു സ്വഹാബി മണ്മറഞ്ഞ് കിടപ്പുണ്ടെന്നും അവിടെയും കൂടി സന്ദര്‍ശിച്ച് മടങ്ങാമെന്നും തീരുമാനിച്ചാണ് മുജാഹിദും കുടുംബവും തളങ്കരയിലെത്തിയത്. ചൊവ്വാഴ്ച രാത്രി തളങ്കരയില്‍ തങ്ങി ബുധനാഴ്ച രാവിലെ മടങ്ങാനായിരുന്നു തീരുമാനം. ഇതിനിടയില്‍ പള്ളിക്കുളം കണ്ടപ്പോള്‍ സക്ലിന് കുളത്തില്‍ ഇറങ്ങി കുളിക്കണമെന്ന് ആഗ്രഹം തോന്നി.
എന്നാല്‍ നീന്തല്‍ വശമില്ലാത്ത സക്ലിന് കുളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി വീണ് മുങ്ങിത്താഴുകയായിരുന്നു. മുജാഹിദും ഭാര്യയും മകന് ഫൈസാനും മറ്റു കുടുംബാംഗങ്ങളും ഈ സമയം കുളക്കടവില്‍ നില്ക്കുന്നുണ്ടായിരുന്നു. അനുജന് മുങ്ങിത്താഴുന്നത് കണ്ട് ഫൈസാന്‍ രക്ഷിക്കാനായി കുളത്തിലേക്ക് ചാടി. ഫൈസാനും നീന്തല്‍ വശമില്ലായിരുന്നു.
ബന്ധുക്കളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സക്ലിനെ ജീവനോടെ പുറത്തെടുത്തുവെങ്കിലും കുളത്തിന്റെ ആഴത്തിലേക്ക് മുങ്ങിയ ഫൈസാനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുളത്തില്‍ നിന്ന് പുറത്തെടുത്ത് തൊട്ടടുത്ത ആസ്പത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികളടക്കം പൂര്‍ത്തിയാക്കി മയ്യത്ത് പിന്നീട് ബെംഗളൂരുവിലേക്ക് കൊണ്ടുപോയി.