ഉപ്പള ഗേറ്റിന് സമീപം ദേശീയപാതയില്‍ അപകടം പതിവാകുമ്പോഴും അധികൃതര്‍ക്ക് മൗനം
ആറ് മാസത്തിനിടെ ഏഴ് പേരാണ് റോഡപകടത്തില്‍ പൊലിഞ്ഞത്

ഉപ്പള: ഉപ്പള ഗേറ്റിന് സമീപം ദേശീയപാതയില്‍ അപകടം പതിവാകുമ്പോഴും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധത്തിനിടയാക്കുന്നു. ആറ് മാസത്തിനിടെ ഏഴ് പേരാണ് റോഡപകടത്തില്‍ പൊലിഞ്ഞത്. 50ല്‍ പരം വാഹന യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച കാര്‍ സ്‌കൂട്ടറിന്റെ പിറകിലിടിച്ച് തലപ്പാടി സ്വദേശി മരിക്കുകയും സുഹൃത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച കാര്‍ നിയന്ത്രണം വിട്ട് സുരക്ഷാഭിത്തിയിലിടിച്ച് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച വൈകിട്ടും കാര്‍ നിയന്ത്രണം വിട്ട് സുരക്ഷാഭിത്തിയിലിടിച്ചു. തുടര്‍ന്ന് കാര്‍ മറിഞ്ഞ് യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. ആറ് മാസത്തിനിടെ ഉപ്പള റെയില്‍വെ ഗേറ്റിന് സമീപത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടങ്ങളില്‍ റോഡില്‍ പൊലിഞ്ഞു വീണത് ഏഴ് ജീവനുകളാണ്. ചെറുതും വലുതുമായ അപകടങ്ങളില്‍ 50ല്‍ പരം യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
റോഡിന്റെ മിനുസം കാരണം മഴയത്ത് പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിക്കുമ്പോഴും ദേശീയ പാതയില്‍ വാഹനങ്ങളോടിച്ച് മുന്‍ പരിചയമില്ലാത്തവരാണ് അപകടങ്ങളില്‍ പെടുന്നതെന്ന് അധികൃതര്‍ പറയുന്നു. അപകടങ്ങള്‍ കുറക്കാന്‍ നടപടി ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും കൈ മലര്‍ത്തുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.