GARBAGE | മാലിന്യമുക്ത കേരളം പ്രഖ്യാപനത്തിന് ഒരുങ്ങുമ്പോള്‍ പുത്തിഗെയില്‍ മാലിന്യക്കൂമ്പാരം

നീര്‍ച്ചാല്‍: മാലിന്യ മുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുമ്പോള്‍ പുത്തിഗെ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ മാലിന്യം കുമിഞ്ഞുകൂടുന്നതായി ആക്ഷേപം. ഇവിടെ ഹരിത കര്‍മ്മസേനാംഗങ്ങളുടെ പ്രവര്‍ത്തനമുണ്ടെങ്കിലും വെറും പ്രഹസനം മാത്രമാണെന്നാണ് പരാതി.

വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നതാകട്ടെ പാതയോരങ്ങളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ക്ക് അരികിലുമാണ്. പഞ്ചായത്ത് അധികൃതര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണത്രെ.

ഉറുമി മദ്രസ സുന്നി സെന്റര്‍ പരിസരം, ബസ്സ്റ്റാന്റ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത്. ദിവസവും നിരവധി കുട്ടികള്‍ മദ്രസയിലേക്ക് പോകുന്ന വഴിയോരത്തും ജനവാസ മേഖലയിലും മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടി കിടക്കുന്നത് നാട്ടുകാര്‍ക്ക് പ്രയാസം ഉണ്ടാക്കുന്നു.

ഇവിടെ നിന്ന് ദുര്‍ഗന്ധം ഉയരുന്നത് ചെറിയ കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നം ഉണ്ടാക്കുമെന്നും നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മാലിന്യമുക്ത കേരളം പ്രഖ്യാപനത്തിന് തയ്യാറെടുക്കുമ്പോഴാണ് പുത്തിഗെ പഞ്ചായത്തിലെ സീതാംഗോളി ടൗണ്‍, ഉറുമി അടക്കമുള്ള സ്ഥലങ്ങളില്‍ മാലിന്യക്കൂമ്പാരം ഉള്ളത്.

Related Articles
Next Story
Share it