ന്യൂയോര്‍ക്ക്: പുകവലിക്കുന്നവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ മരണ സാധ്യത കൂടുതലെന്ന് പഠനം. പുകവലി ശീലമാക്കിയവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ അത് ഗുരുതരമാകാനും മരണത്തിനിടയാകാനും 50 ശതമാനം വരെ സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പുകവലി ഉപേക്ഷിക്കലാണ് അപകടസാധ്യത കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു.
ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനം ഇറക്കിയ പ്രസ്താവനയിലാണ് പുകവലിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. കോവിഡ് മൂലമുണ്ടാകുന്ന അപകടം കുറക്കാനും, അര്‍ബുദം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ രോഗം എന്നിവ തടയാനും ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം പുകവലി ഉപേക്ഷിക്കലാണെന്ന് പുകയില വിമുക്ത അന്തരീക്ഷത്തിനായുള്ള ഡബ്ല്യു.എച്ച്.ഒയുടെ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ടെഡ്രോസ് അദാനം പറഞ്ഞു.
‘പുകയില ഉപേക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധം’ എന്നതാണ് ഈ വര്‍ഷത്തെ ക്യാമ്പയിന് സന്ദേശം. സഹായം ആവശ്യമുള്ള ലക്ഷക്കണക്കിന് പുകയില ഉപയോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തിലാണ് ക്യാമ്പയിന് ആരംഭിച്ചതെന്നും പുകവലി ഉപേക്ഷിക്കുന്നവര്‍ക്ക് പിന്തുണയും സഹായങ്ങളും നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.