ഐ.വി ശശി എന്ന 'ഷോ മാന്‍' ഓര്‍മ്മയായിട്ട് ആറ് വര്‍ഷം...

മരണത്തിന് ഏതാനും ആഴ്ചകള്‍ മുമ്പായിരുന്നു അദ്ദേഹത്തിന് ജെ.സി ഡാനിയേല്‍ പുരസ്‌ക്കാരം തേടിയെത്തിയപ്പോള്‍ ഉത്തരദേശം സിനിമ പേജില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട് അഭിമുഖം നല്‍കിയിരുന്നു. സംസാരത്തിനിടയില്‍ അഭിമുഖം അയച്ച് തരാന്‍ ആവശ്യപെടുകയും അയക്കുകയുമായിരുന്നു. ഐ.വി ശശി എന്ന് പറയുമ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിഞ്ഞു വരുന്നത് 'അവളുടെ രാവുകള്‍' സിനിമയാണ്. സ്‌ക്രീനില്‍ ഐ.വി ശശി എന്ന പേര് തെളിയുമ്പോള്‍ ഒരു കാലത്ത്തിയേറ്ററുകളില്‍ കയ്യടിയുടെയും ആരവങ്ങളുടെയും പെരുമ്പറ മുഴങ്ങിയിരുന്നു. ഇരുപ്പം വീടു ശശിധരന്‍ എന്ന ഐ.വി ശശി മലയാള സിനിമയിലെ എക്കാലത്തേയും വലിയ […]

മരണത്തിന് ഏതാനും ആഴ്ചകള്‍ മുമ്പായിരുന്നു അദ്ദേഹത്തിന് ജെ.സി ഡാനിയേല്‍ പുരസ്‌ക്കാരം തേടിയെത്തിയപ്പോള്‍ ഉത്തരദേശം സിനിമ പേജില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട് അഭിമുഖം നല്‍കിയിരുന്നു. സംസാരത്തിനിടയില്‍ അഭിമുഖം അയച്ച് തരാന്‍ ആവശ്യപെടുകയും അയക്കുകയുമായിരുന്നു. ഐ.വി ശശി എന്ന് പറയുമ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിഞ്ഞു വരുന്നത് 'അവളുടെ രാവുകള്‍' സിനിമയാണ്. സ്‌ക്രീനില്‍ ഐ.വി ശശി എന്ന പേര് തെളിയുമ്പോള്‍ ഒരു കാലത്ത്തിയേറ്ററുകളില്‍ കയ്യടിയുടെയും ആരവങ്ങളുടെയും പെരുമ്പറ മുഴങ്ങിയിരുന്നു. ഇരുപ്പം വീടു ശശിധരന്‍ എന്ന ഐ.വി ശശി മലയാള സിനിമയിലെ എക്കാലത്തേയും വലിയ ഷോമാനായിരുന്നു. താരപദവി സ്വന്തമാക്കിയ സംവിധായകന്‍. വന്‍ വിജയങ്ങളുടെയും വലിയ പരാജയങ്ങളുടെയും കയറ്റിറക്കങ്ങള്‍ കടന്ന മൂന്നു പതിറ്റാണ്ടുകള്‍. അംഗീകാരങ്ങളുടെയും ജനപ്രീതിയുടെയും 'ഉത്സവകാലം'. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ ഒടുവിലും എണ്‍പതുകളിലുമായി യുവത്വം കടന്ന ഒരു തലമുറയുടെ സിനിമാനുഭവങ്ങളെ ആഘോഷമാക്കിയ മനുഷ്യന്‍. അക്കാലത്തെ ഏതൊരു താരത്തിനും കിട്ടാവുന്നിടത്തോളം ജനകീയത. മറ്റൊരു സംവിധായകനും ഒരു കാലത്തും ലഭ്യമായിട്ടില്ലാത്ത, പ്രതീക്ഷിക്കുവാനാകാത്ത താരപ്രഭ...അങ്ങനെയങ്ങനെ ഒരു സിനിമ പോലെ സംഘര്‍ഷങ്ങളും വഴിത്തിരിവുകളും നിറഞ്ഞതായിരുന്നു. 2017 ഒക്ടോബര്‍ 24ന് മരണപ്പെടും വരെയുള്ള ഐ.വി ശശിയുടെ 69 വര്‍ഷത്തെ ജീവിതം.
'ഐ.വി ശശി' എന്നതു മാത്രം അദ്ദേഹത്തിന്റെ സിനിമകളുടെ പരസ്യവാചകമായിരുന്ന കാലം. നായകനോ നായികയോ ആരുമാകട്ടേ, ശശിയുടെ സിനിമയെങ്കില്‍ തിയറ്ററുകളില്‍ ജനം കയറിയിരുന്നു. ഒരു വര്‍ഷം പത്തും പതിനഞ്ചും സിനിമകള്‍. ഒരേ സമയം ഒന്നിലധികം സിനിമകള്‍. അവയില്‍ ഭൂരിപക്ഷവും വന്‍ വിജയങ്ങളും. അക്കാലത്ത് താരങ്ങളുടെ ഡേറ്റിനു വേണ്ടിയായിരുന്നില്ല, ശശിയുടെ ഡേറ്റിനു വേണ്ടിയായിരുന്നു നിര്‍മ്മാതാക്കളുടെ ശ്രമം. മലയാള സിനിമ ഐ.വി ശശിയെന്ന പേരിലേക്കു ചുരുങ്ങിയ, ആര്‍ക്കും ഒന്നിനും ശശിക്കു പകരമാകുവാനാകാത്ത ഒരു യുഗം.
മലയാളത്തിലെ എക്കാലത്തേയും മികച്ച 10 സംവിധായകരെ തിരഞ്ഞെടുത്താല്‍ അതിലൊരാള്‍ ഐ.വി ശശിയാകും. 1975 ല്‍ 'ഉത്സവം' എന്ന ആദ്യ ചിത്രത്തിലൂടെ മലയാള സിനിമയുടെ നടപ്പു വഴികളെ നിരാകരിച്ചു കൊണ്ടായിരുന്നു തുടക്കം. പ്രതിനായക കഥാപാത്രങ്ങളില്‍ കുടുങ്ങിയ ഉമ്മറിനെയും രണ്ടാം നിരക്കാരായിരുന്ന സുധീറിനെയുമൊക്കെ നായകനിരയില്‍ ഉള്‍പ്പെടുത്തിയ 'ഉത്സവം' പ്രേം നസീര്‍ താരസിംഹാസനത്തില്‍ എതിരാളികളില്ലാതെ ഉറച്ചിരുന്ന കാലത്തെ ഏറ്റവും ധൈര്യമുള്ള പരീക്ഷണമായിരുന്നു. ആഖ്യാനത്തിലും ആശയത്തിലും 'ഉത്സവം' അക്കാലത്തെ സിനിമാഭാവങ്ങളെ നിരാകരിച്ചു. തുടര്‍ന്നു, അനുഭവവും ആലിംഗനവും അഭിനിവേശവും ആ നിമിഷവും ആനന്ദം പരമാനന്ദവും അന്തര്‍ ദാഹവും തുടങ്ങി 'അവളുടെ രാവുകള്‍' എന്ന ക്ലാസിക്കിേലക്കെത്തിയ ശശിയുടെ സിനിമാ സങ്കല്‍പ്പങ്ങള്‍ സ്വാഭാവികവും ശാന്തവുമായ പുരോഗതിയുടേതായിരുന്നു. 'അവളുടെ രാവുകള്‍' ലെ നായികയായെത്തിയ സീമ പിന്നീടു ശശിയുടെ ജീവിതസഖിയായി. സീമയുടെ കരിയറില്‍ ഏണ്ണം പറഞ്ഞ മികച്ച കഥാപാത്രങ്ങള്‍ ഐ.വി ശശിയുടെ സിനിമകളിലായിരുന്നു. 'അവളുടെ രാവുകള്‍' ലെ രാജി എന്ന വേശ്യ സീമയെ മലയാള സിനിമയുടെ പ്രിയങ്കരിയാക്കി. തുടര്‍ന്നു വന്ന കപട സദാചാര ബോധത്തിന്റെ നെറുകംതലയിലായിരുന്നു ഈ കഥാപാത്രത്തെ ഉപയോഗിച്ചുള്ള ശശിയുടെ അടി.
ജയനും സോമനും സുകുമാരനും രതീഷും രവീന്ദ്രനും മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി ശശിയുടെ സിനിമകളിലൂടെ താരപദവി നേടിയെവരെത്രയോ. കാന്തവലയവും മീനും അങ്ങാടിയും കരിമ്പനയും ജയനെ താരബിംബമാക്കി. 1976 ല്‍ (മൃഗയ) സംസ്ഥാനത്തെ മികച്ച സംവിധായകനായും 1976 ല്‍ (അനുഭവം) മികച്ച കലാസംവിധായകനായും 1988 ല്‍ (1921) ജനപ്രിയ സിനിമയുടെ സംവിധായകനായും 1984 ല്‍ (ആള്‍ക്കൂട്ടത്തില്‍ തനിയെ) മികച്ച രണ്ടാമത്തെ സിനിമയുടെ സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ട ശശി, 1982ല്‍ (ആരൂഢം) മികച്ച ദേശീയോത്ഗ്രഥന ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കി. 1977ലും (ഇതാ ഇവിടെ വരെ) 1978ലും (ഈറ്റ) മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും 2015 ല്‍ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്മെന്റു അവാര്‍ഡും ശശിയെ തേടിയെത്തി. അതേ വര്‍ഷം (2015) കേരള സര്‍ക്കാരിന്റെ പരേമാന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡും ശശിയുടെ സിനിമാ ജീവിതത്തിനുള്ള അംഗീകാരമായി.
ഐ.വി ശശിയുടെ സിനിമകളെ 3 ഘട്ടങ്ങള്‍ ആയി തിരിക്കാം. ഉത്സവം മുതല്‍ ഇതാ ഇവിടെ വരെയും ഇതാ ഒരു മനുഷ്യനും വാടകയ്ക്ക് ഒരു ഹൃദയവും ഈറ്റയും അവളുടെ രാവുകളും അനുഭവങ്ങളേ നന്ദിയുമടക്കം അങ്ങാടി വരെ, അങ്ങാടി മുതല്‍ കാന്തവലയവും കരിമ്പനയും മീനും തുഷാരവും തൃഷ്ണയും ഈ നാടും ഇണയും ആരൂഢവും ഉയരങ്ങളിലും അതിരാത്രവും ആള്‍ക്കൂട്ടത്തില്‍ തനിയെയും അടിയൊഴുക്കുകളും കാണാമറയത്തും അങ്ങാടിക്കപ്പുറത്തും ഇടനിലങ്ങളും കരിമ്പിന്‍ പൂവിനക്കരയും വാര്‍ത്തയും ആവനാഴിയും അടിമകള്‍ ഉടമകളുമടക്കം അബ്കാരി വരെ, അബ്കാരി മുതല്‍ 1921 ഉും അക്ഷരത്തെറ്റും മൃഗയയും ഇന്‍സ്പക്ടര്‍ ബല്‍റാമും നീലഗിരിയും ദേവാസുരവും വര്‍ണ്ണപ്പകിട്ടുമടങ്ങുന്ന അവസാന ഘട്ടം വരെയും. ഇതില്‍ രണ്ടാം ഘട്ടമായിരുന്നു ശശിയുടെ പ്രഭാവ കാലം. ആലപ്പി ഷെരീഫും എം.ടി വാസുദേവന്‍ നായരും പി. പത്മരാജനും ടി. ദാമോദരനും ലോഹിതദാസുമുള്‍പ്പെടെ പ്രഗല്‍ഭരായ തിരക്കഥയെഴുത്തുകാര്‍ക്കൊപ്പം ശശി ചേര്‍ന്നു നിന്ന കാലം...
എന്നാല്‍ സിനിമയില്‍ സജീവമല്ലാതിരുന്ന, മരണം വരെയുള്ള പതിനെട്ടു വര്‍ഷവും ആ പേരും സാന്നിധ്യവും മലയാള സിനിമക്കൊപ്പമുണ്ടായിരുന്നു. മായാതെ മങ്ങാതെ ഇനിയുമതുണ്ടാകും...
ഐ.വി ശശി ഒരു അടയാളമാകുന്നു...


-ഷാഫി തെരുവത്ത്‌

Related Articles
Next Story
Share it