പാട്ടുപാടി വോട്ടര്‍മാരെ പാട്ടിലാക്കാന്‍ അസീസ് പുലിക്കുന്ന്

കാസര്‍കോട്: തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഗായകന്‍ അസീസ് പുലിക്കുന്നിനും തിരക്കാണ്. വോട്ടര്‍മാരെ ആവേശത്തിലാക്കാന്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രധാനമായും ആശ്രയിക്കുന്നത് മാപ്പിളപ്പാട്ടുകളെയാണ്. തങ്ങളുടെ മുന്നണിയേയും സ്ഥാനാര്‍ത്ഥിയേയും വര്‍ണിക്കുന്ന മാപ്പിളപ്പാട്ടുകളിലൂടെ പ്രചരണരംഗം കൊഴുപ്പിക്കാന്‍ സാധിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണ മാപ്പിളപ്പാട്ട് കാസറ്റുകള്‍ ഒരുക്കുന്ന തിരക്കിലാണ് കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിന് പിന്‍വശത്തുള്ള ആലിയ ലോഡ്ജിലെ കെ.എം ഓഡിയോ സ്റ്റുഡിയോയില്‍ അസീസ് പുലിക്കുന്ന് എന്ന മാപ്പിളപ്പാട്ട് ഗായകന്‍. 1982ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി സി.ടി അഹമ്മദലിക്ക് വേണ്ടിയാണ് അസീസ് പുലിക്കുന്ന് ആദ്യമായി കാസറ്റ് […]

കാസര്‍കോട്: തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഗായകന്‍ അസീസ് പുലിക്കുന്നിനും തിരക്കാണ്. വോട്ടര്‍മാരെ ആവേശത്തിലാക്കാന്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രധാനമായും ആശ്രയിക്കുന്നത് മാപ്പിളപ്പാട്ടുകളെയാണ്. തങ്ങളുടെ മുന്നണിയേയും സ്ഥാനാര്‍ത്ഥിയേയും വര്‍ണിക്കുന്ന മാപ്പിളപ്പാട്ടുകളിലൂടെ പ്രചരണരംഗം കൊഴുപ്പിക്കാന്‍ സാധിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണ മാപ്പിളപ്പാട്ട് കാസറ്റുകള്‍ ഒരുക്കുന്ന തിരക്കിലാണ് കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിന് പിന്‍വശത്തുള്ള ആലിയ ലോഡ്ജിലെ കെ.എം ഓഡിയോ സ്റ്റുഡിയോയില്‍ അസീസ് പുലിക്കുന്ന് എന്ന മാപ്പിളപ്പാട്ട് ഗായകന്‍.
1982ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി സി.ടി അഹമ്മദലിക്ക് വേണ്ടിയാണ് അസീസ് പുലിക്കുന്ന് ആദ്യമായി കാസറ്റ് ചിട്ടപ്പെടുത്തിയത്. ഇന്ന് എതിര്‍സ്ഥാനാര്‍ത്ഥികളെ ആക്ഷേപിക്കുന്നതിന് കടുത്ത നിയന്ത്രണമുണ്ടെങ്കിലും അന്ന് പ്രധാനമായും എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പോരായ്മകളെ വരച്ചുകാട്ടിയാണ് പലരും വോട്ട് പിടിച്ചിരുന്നത്. അക്കാലത്ത് സി.ടി അഹമ്മദലിക്ക് വേണ്ടി പാടിയ 'വട്ടാണ്, ഭട്ടിനാരും വോട്ടുകൊടുക്കല്ലെ' എന്ന ഈരടിയിലുള്ള ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും സ്ഥാനാര്‍ത്ഥികള്‍ അസീസിന്റെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ തേടിയെത്തും. പാട്ടില്‍ ഉള്‍പ്പെടുത്തേണ്ട പോയിന്റ്‌സുകള്‍ അവര്‍ എഴുതികൊടുക്കും. അവ അസീസ് സുഹൃത്തായ റിയാസ് നായന്മാര്‍മൂലക്ക് അയച്ചുകൊടുക്കും. മണിക്കൂറുകള്‍ക്കകം തന്നെ മനോഹരമായ പാട്ട് എഴുതി റിയാസ് തിരികെ അയക്കും. അസീസിന്റെ സ്റ്റുഡിയോയില്‍ അത് വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന പാട്ടായി ഉടന്‍ ചിട്ടപ്പെടും. മറ്റു ജില്ലകളില്‍ നിന്നുപോലും മാപ്പിളപ്പാട്ട് കാസറ്റ് തയ്യാറാക്കാന്‍ അസീസിനെ സ്ഥാനാര്‍ത്ഥികള്‍ ആശ്രയിക്കാറുണ്ട്. ഇത്തവണ തദ്ദേശതിരഞ്ഞെടുപ്പിന് ഇതിനകം തന്നെ 15 പേര്‍ക്ക് കാസറ്റ് തയ്യാറാക്കി നല്‍കികഴിഞ്ഞു. സോഷ്യല്‍ മീഡിയകള്‍ സജീവമായ ഇക്കാലത്ത് തിരഞ്ഞെടുപ്പ് പാട്ടുകള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്നു. വിവിധ വാര്‍ത്താമാധ്യമങ്ങള്‍ ഉപയോഗിക്കപ്പെടുന്നത് കൊണ്ട് ഞൊടിയിടയില്‍ തന്നെ പാട്ടുകള്‍ ലക്ഷക്കണക്കിന് ആളുകളിലേക്കെത്തുന്നു. കോവിഡ് കാലത്ത് സ്റ്റേജ് പോഗ്രാമുകള്‍ അടക്കം കുറഞ്ഞതിനാല്‍ മാപ്പിളപ്പാട്ട് കലാകാരന്‍മാര്‍ വിഷമമനുഭവിക്കുന്നതിനിടയിലാണ് തിരഞ്ഞെടുപ്പും അതോടനുബന്ധിച്ച് കാസറ്റ് റെക്കോര്‍ഡിംഗും വന്നത്. ഒരു ഗാനം ചിട്ടപ്പെടുത്തി കാസറ്റാക്കി നല്‍കിയാല്‍ 1000 രൂപ പ്രതിഫലം വാങ്ങും. അസീസിനോടൊപ്പം ഹനീഫ് ചെങ്കള, സുഹറ തൃക്കരിപ്പൂര്‍, ഷമീമ തൃക്കരിപ്പൂര്‍ എന്നിവരും കാസറ്റിന് വേണ്ടി പാടുന്നു.

Related Articles
Next Story
Share it