കവരത്തി: കേന്ദ്ര ഇടപെടല്‍ മൂലം ശ്വാസം മുട്ടിയിരിക്കുന്ന ലക്ഷദ്വീപിനെ ചേര്ത്തുപിടിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. കേന്ദ്ര നീക്കത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
ലക്ഷദ്വീപില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കണമെന്നും ലക്ഷദ്വീപില്‍ നടക്കുന്നത് കേന്ദ്രസര്‍ക്കാറിന്റെ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കാനുള്ള സാംസ്കാരിക അധിനിവേശമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പ്രതിപക്ഷനേതാവിനും കത്ത് നല്‍കിയതായും അദ്ദേഹം അറിയിച്ചു.
ലക്ഷദ്വീപില്‍ നടക്കുന്നത് കേന്ദ്രസര്‍ക്കാറിന്റെ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കാനുള്ള സാംസ്കാരിക അധിനിവേശമാണ്. അതിന്റെ ഉപകരണം മാത്രമാണ് അഡ്മിനിസ്ട്രേറ്റര്‍. ലക്ഷദ്വീപ് ജനതക്ക് വേണ്ടി ശബ്ദമുയുര്ത്തേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും ഉത്തരവാദിത്വമാണെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
ലക്ഷദ്വീപിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെയും തൊഴില്‍, യാത്ര, ഭക്ഷണം, ജനാധിപത്യ പ്രക്രിയയിലെ പങ്കാളിത്തം തുടങ്ങിയ സര്‍വമേഖലയെയും തകര്‍ക്കുന്ന രീതിയിലാണ് സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നത്. ഇതിനെതിരെ ദ്വീപ് ജനത നടത്തുന്ന പോരാട്ടത്തിന് മലയാളി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം എന്ന നിലയില്‍ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം.