കാസര്‍കോട്: മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണവ്യാപാരി രാഹുല്‍ മഹാദേവ് ജാവിറിനെ കാറില്‍ തട്ടിക്കൊണ്ടുപോയി 1.65 കോടി രൂപ കവര്‍ന്ന കേസിലെ രണ്ടാംപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് പുല്‍പ്പള്ളി പെരിക്കല്ലൂര്‍ ചക്കാലക്കാല് ഹൗസിലെ സുജിതിനെ(28)യാണ് കാസര്‍കോട് സി.ഐ പി. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട്ട് നിന്നാണ് സുജിതിനെ പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കേസിലെ പ്രധാനപ്രതി കണ്ണൂര്‍ സ്വദേശി സിനിലിനെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം തുടരുകയാണ്. 1.65 കോടി രൂപയില്‍ നിന്ന് 7 പവന് സ്വര്‍ണവും 30 ലക്ഷം രൂപയുമാണ് ഇതുവരെയായും കണ്ടെടുത്തത്. സുജിതിനെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. കവര്‍ച്ച ചെയ്ത പണത്തില്‍ നിന്ന് നല്ലൊരു തുക സുജിത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ ലഭിച്ച സൂചന.