ഇസ്രായേലിന്റെ പാലസ്തീന്‍ കൂട്ടക്കുരുതിയില്‍ മൗനം വെടിഞ്ഞ് കായികലോകം; പ്രതികരിച്ച് കാഗിസോ റബാദ, ഡാരന്‍ സമ്മിയടക്കമുള്ള ക്രിക്കറ്റ് താരങ്ങളും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങളും

ലണ്ടന്‍: ഇസ്രായേലിന്റെ പാലസ്തീന്‍ കൂട്ടക്കുരുതിയില്‍ പ്രതികരിച്ച് കായിക താരങ്ങള്‍. മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ കൂട്ടക്കുരുതിയില്‍ തുടങ്ങിയ സംഘര്‍ഷം തുടരുന്നതിനിടെയാണ് മൗനം വെടിഞ്ഞ് കായികലോകത്തുനിന്നും നിരവധി താരങ്ങള്‍ രംഗത്തെത്തിയത്. പാലസ്തീന് പിന്തുണയുമായി വെസ്റ്റിന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ ഡാരന്‍ സമ്മി, ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍താരം കാഗിസോ റബാദ, ലോക ഏകദിന ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസം, പാക് താരങ്ങളായ ഷദാബ് ഖാന്‍, അസ്ഹര്‍ അലി, ഷാന്‍ മസൂദ്, അഫ്ഗാനിസ്താന്‍ താരം റാഷിദ് ഖാന്‍ അടക്കമുള്ള വലിയ താരനിര […]

ലണ്ടന്‍: ഇസ്രായേലിന്റെ പാലസ്തീന്‍ കൂട്ടക്കുരുതിയില്‍ പ്രതികരിച്ച് കായിക താരങ്ങള്‍. മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ കൂട്ടക്കുരുതിയില്‍ തുടങ്ങിയ സംഘര്‍ഷം തുടരുന്നതിനിടെയാണ് മൗനം വെടിഞ്ഞ് കായികലോകത്തുനിന്നും നിരവധി താരങ്ങള്‍ രംഗത്തെത്തിയത്. പാലസ്തീന് പിന്തുണയുമായി വെസ്റ്റിന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ ഡാരന്‍ സമ്മി, ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍താരം കാഗിസോ റബാദ, ലോക ഏകദിന ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസം, പാക് താരങ്ങളായ ഷദാബ് ഖാന്‍, അസ്ഹര്‍ അലി, ഷാന്‍ മസൂദ്, അഫ്ഗാനിസ്താന്‍ താരം റാഷിദ് ഖാന്‍ അടക്കമുള്ള വലിയ താരനിര ഫലസ്തീന്‍ അനുകൂല ക്യാമ്പയിനില്‍ അണിചേര്‍ന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങളായ ഈജിപ്ഷ്യന്‍ മുഹമ്മദ് സലാഹ്, റിയാദ് മെഹ്‌റസ് തുടങ്ങിയവരും പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

"മറ്റുള്ളവര്‍ നിങ്ങളെ എങ്ങനെ പരിഗണിക്കപ്പെടണമെന്ന് കരുതുന്നുവോ അതുപോലെ മറ്റുള്ളവരെ നിങ്ങളും പരിഗണിക്കാത്തതെന്താണ്. അതല്ലെങ്കില്‍ എല്ലാവരെയും എന്തുകൊണ്ട് മനുഷ്യന്‍മാരായി പരിഗണിച്ചുകൂടാ" -'പ്രേ ഫോര്‍ പാലസ്തീന്‍' ടാഗിനൊപ്പം സമ്മി ട്വീറ്റ് ചെയ്തു. "പാലസ്തീനികള്‍ക്കൊപ്പം തന്റെ പ്രാര്‍ഥനയുണ്ട്. മാനവികതക്കൊപ്പം നില്‍ക്കാന്‍ നമ്മള്‍ മനുഷ്യരാകണം"എന്നായിരുന്നു ബാബര്‍ അസമിന്റെ ട്വീറ്റ്. ഇസ്രായേല്‍ പാലസ്തീനെതിരെ നടത്തുന്ന തീവ്രവാദവും ക്രൂരതയും അംഗീകരിക്കാനാകില്ലെന്നാണ് അസ്ഹര്‍ അലി ട്വീറ്റ് ചെയ്തത്.

"ലോകത്തെല്ലായിടത്തും ക്രിക്കറ്റ് കളിക്കുന്ന താരമെന്ന നിലക്ക് യുദ്ധങ്ങളില്ലാത്ത ഒരു ലോകത്തിന് ഞാന്‍ ആഗ്രഹിക്കുന്നു. അഫ്ഗാനിസ്താനിലും പാലസ്തീനിലും ആളുകള്‍ കൊല്ലപ്പെടുന്നത് എനിക്ക് കണ്ടുനില്‍ക്കാനാകുന്നില്ല. ഒരു കുഞ്ഞിനെ കൊല്ലുന്നതിനേക്കാള്‍ വലിയ തെറ്റ് ഈ ലോകത്തില്ല. കുഞ്ഞുങ്ങള്‍ ബോംബിന്റെയല്ലാതെ കിളികളുടെ ശബ്ദം കേട്ടുണരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു"-റാഷിദ് ഖാന്‍ ട്വീറ്റ് ചെയ്തു. കഗിസോ റബാദ 'പ്രേ ഫോര്‍ പാലസ്തീന്‍' ടാഗ് പോസ്റ്റ് ചെയ്താണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍, പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി തുടങ്ങിയവര്‍ നേരത്തേ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ലിവര്‍പൂള്‍ താരം മുഹമ്മദ് സ്‌വലാഹ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ അല്‍ജീരിയന്‍ താരം റിയാദ് മെഹ്‌റസ്, സാദിയോ മാനെ
അടക്കമുള്ള ഫുട്ബാള്‍ താരങ്ങളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles
Next Story
Share it