നിത്യ വിസ്മയമായ സത്യന്‍

കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ നിത്യ വിസ്മയമായ സത്യന്‍ ഓര്‍മ്മയായിട്ട് ജൂണ്‍ 15ന് 52 വര്‍ഷം പിന്നിടുമ്പോഴും പുതിയ തലമുറ സത്യന്‍ ചിത്രങ്ങള്‍ ഇന്നും ആസ്വദിക്കുന്നു, ചര്‍ച്ച ചെയ്യുന്നു. ഒരു സിനിമാ നടന് അവശ്യം വേണമെന്നു നിഷ്‌കര്‍ഷിക്കപ്പെട്ടിരുന്ന താര സൗന്ദര്യത്തിന്റെ പരിവേഷമല്ലായിരുന്നു സത്യന്റേത്. ഇരുണ്ട നിറം, കുറഞ്ഞ ഉയരം, യുവത്വം ഏതാണ്ട് വിട വാങ്ങിയ ശേഷമുള്ള സിനിമാ പ്രവേശനം. എന്നിട്ടും ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ കടന്നു കൂടി. കഥാകൃത്തും സംവിധായകനും സങ്കല്‍പിച്ച കഥാപാത്രങ്ങള്‍ക്ക് അവരുടെ വീക്ഷണത്തിനപ്പുറത്തുള്ള മിഴിവുറ്റ ഒരു മാനം നല്‍കാന്‍ […]

കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ നിത്യ വിസ്മയമായ സത്യന്‍ ഓര്‍മ്മയായിട്ട് ജൂണ്‍ 15ന് 52 വര്‍ഷം പിന്നിടുമ്പോഴും പുതിയ തലമുറ സത്യന്‍ ചിത്രങ്ങള്‍ ഇന്നും ആസ്വദിക്കുന്നു, ചര്‍ച്ച ചെയ്യുന്നു. ഒരു സിനിമാ നടന് അവശ്യം വേണമെന്നു നിഷ്‌കര്‍ഷിക്കപ്പെട്ടിരുന്ന താര സൗന്ദര്യത്തിന്റെ പരിവേഷമല്ലായിരുന്നു സത്യന്റേത്. ഇരുണ്ട നിറം, കുറഞ്ഞ ഉയരം, യുവത്വം ഏതാണ്ട് വിട വാങ്ങിയ ശേഷമുള്ള സിനിമാ പ്രവേശനം. എന്നിട്ടും ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ കടന്നു കൂടി. കഥാകൃത്തും സംവിധായകനും സങ്കല്‍പിച്ച കഥാപാത്രങ്ങള്‍ക്ക് അവരുടെ വീക്ഷണത്തിനപ്പുറത്തുള്ള മിഴിവുറ്റ ഒരു മാനം നല്‍കാന്‍ ഈ അനുഗ്രഹീത കലാകാരന് കഴിഞ്ഞിരുന്നു.
കഥാപാത്രങ്ങളെ പഠിച്ച് ഉള്‍ക്കൊണ്ടു കഴിഞ്ഞാല്‍ ഒരു തരം പരകായപ്രവേശമാണത്രെ. പിന്നെ അവിടെ സത്യന്‍ എന്ന മനുഷ്യന്‍ അപ്രത്യക്ഷനാവുകയായി. രാജനും പളനിയും പപ്പുവും പരമുപിള്ളയും ശ്രീനിയും ചെല്ലപ്പനുമൊക്കെ അന്യോന്യബന്ധമില്ലാത്ത വ്യത്യസ്ത രൂപഭാവങ്ങളോടെ പ്രകാശിതമാവുകയായി.
ഒരു നോട്ടം-ഒരു മൂളല്‍-ഒരു ചിരി-ഒരു വാക്ക്. ഉജ്ജ്വല ഭാവങ്ങളുടെ തിരയിളക്കം അതോടെ ആ മുഖത്ത് പ്രത്യക്ഷമാവുകയായി. ചില കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷത പ്രകടമാക്കാന്‍ സംവിധായകന്റെ ഉത്തരവിനപ്പുറം സ്വകൃത സംഭവാന നല്‍കി അവ ശാശ്വതവത്ക്കരിക്കപ്പെട്ട ഉദാഹരണങ്ങളുണ്ട്. മുടിയനായ പുത്രനില്‍ കള്ളുഷാപ്പില്‍ നിന്ന് നന്നായി മിനുങ്ങി പുറത്ത് കടക്കുമ്പോള്‍ മുന്നില്‍ പെട്ട നായയെ തൊഴിച്ചു തെറിപ്പിക്കുന്നതും റിക്ഷാക്കാരന്‍ പപ്പു റിക്ഷയുടെ കൈത്തണ്ട് കാല്‍ക്കൊണ്ട് തട്ടി കൈയിലാക്കി ഓട്ടം തുടക്കുന്നതും ചെല്ലാന്‍ കള്ളു പാത്രം മോന്തും മുമ്പ് അതിന്റെ വക്കിലെ കരടും പതയും വിരല്‍ കൊണ്ടു തെറ്റിച്ച് കണ്ണടച്ച് കുടിക്കുന്നതുമൊക്കെ ജനം ആസ്വദിച്ച രംഗങ്ങള്‍. പൊലീസിന്റെയും പട്ടാളക്കാരന്റെയും വേഷങ്ങളില്‍ ഇന്നത്തെ സൂപ്പര്‍ സ്റ്റാറുകളും മെഗാസ്റ്റാറുകളുമൊക്കെ പട്ടാളച്ചിട്ടയ്ക്ക് വിപരീതമായി രണ്ടിഞ്ചും മൂന്നിഞ്ചും കനമുള്ള വെപ്പുമുടി വെച്ചാണല്ലോ വരാറ്. എന്നാല്‍ പൊലീസും പട്ടാളവും മുടി ശരിക്കും ക്രോപ് ചെയ്തു തന്നെ വരണമെന്ന് സത്യന് നിര്‍ബന്ധമുണ്ടായിരുന്നു.
'അന്വേഷിച്ചു കണ്ടെത്തിയില്ല' യിലെ ക്യാപ്റ്റന്‍ തോമസ് ഇതിനുദാഹരണമാണ്. അതൊക്കെ പോകട്ടെ, ഏതൊരു ഭാഷയിലെ നായകനടനാണ് വിമാനപകടത്തില്‍പ്പെട്ട് പൊള്ളലേറ്റ കഥാപാത്രത്തെ ജീവസ്സുറ്റതാക്കാന്‍ (ചിത്രം സ്‌നേഹസീമ) സ്വന്തം മുഖം ആസിഡ് ഒഴിച്ച് പൊള്ളിക്കാന്‍ ധൈര്യം കാട്ടുക!
തീരെ ദുര്‍ബലമായ തിരക്കഥകളോടു പൊരുതി കഥാപാത്രങ്ങളെ തന്നാലാവുംവിധം മിഴിവുറ്റതാക്കിയ ചിത്രങ്ങള്‍ പലതുണ്ടെങ്കിലും ശക്തമായ ചട്ടകൂടില്‍ വാര്‍ത്തെടുത്ത ലക്ഷണമൊത്ത തിരക്കഥയും ഭാവനാസമ്പന്നനായ സംവിധായകനുമുണ്ടെങ്കില്‍ കൃതഹസ്തനായ ഈ അഭിനയ ചക്രവര്‍ത്തിക്ക് പിന്നൊന്നും നോക്കേണ്ടിവരാറില്ല. മരണശേഷം മഹാ നടന് അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന്റെ നിത്യ സ്മാരകങ്ങള്‍.
നീലക്കുയില്‍, സ്‌നേഹസീമ, മുടിയനായ പുത്രന്‍, അരപ്പവാള്‍, ഭാര്യ, അമ്മയെ കാണാന്‍, ആദ്യ കിരണങ്ങള്‍, തച്ചോളി ഒതേനന്‍, ഓടയില്‍ നിന്ന്, ദാഹം, ചെമ്മീന്‍, കായംകുളം കൊച്ചുണ്ണി, അശ്വമേധം, യക്ഷി, മനസ്വിനി, അടിമകള്‍, കടല്‍പ്പാലം, കാട്ടുകുരങ്ങ്, വാഴ്വേമായം, ക്രോസ് ബെല്‍റ്റ്, വിവാഹിത, മൂലധനം, അരനാഴികനേരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കുട്ടേട്യത്തി, ഒരു പെണ്ണിന്റെ കഥ, ശരശയ്യ, കരകാണാ കടല്‍ ഇവയൊക്കെ സത്യന്റെ ഉത്കൃഷ്ടമായ ഭാവാഭിനയം കൊണ്ടു നുഗ്രഹീതമായ നിത്യ സ്മാരകങ്ങളായി വാഴ്ത്തപ്പെടും.
അഭിനയിക്കാന്‍ ആദ്യം ഒപ്പുവെച്ച ചിത്രം ഓടയില്‍ നിന്ന്. ആദ്യ ചിത്രമായ ത്യാഗസീമ പാതിവഴിയില്‍ നിര്‍മ്മാണം നിലച്ചു. ആദ്യം പുറത്ത് വന്ന ചിത്രം ആത്മസഖിയായിരുന്നു. ജി.ആര്‍ റാവുവാണ് ആദ്യ സംവിധായകന്‍. ബി.എസ് സരോജയാണ് ആദ്യ നായിക. ശാരദ 24 ചിത്രങ്ങളില്‍ നായികയായി. 21 ചിത്രങ്ങളില്‍ അംബികയും ഷീലയും നായികമാരായി. കൂടുതല്‍ ചിത്രങ്ങളുടെ സംവിധായകന്‍ സേതുമാധവനായിരുന്നു 24 ചിത്രങ്ങള്‍. 17 ചിത്രങ്ങള്‍ സംവിധാനം കുഞ്ചാക്കോ ചെയ്തു. തൊട്ടടുത്ത് 16 ചിത്രങ്ങളുമായി പി ഭാസ്‌ക്കരന്‍.
റിലീസായ നൂറാമത് ചിത്രമാണ് 1969 ലേ അടിമകള്‍.
അവസാന ചിത്രം 1974 ല്‍ റിലീസായെ ചെക്ക്‌പോസ്റ്റ്.
1971 ജൂണ്‍ 15ന് രക്താര്‍ബുദത്തേ തുടര്‍ന്ന് സത്യന്‍ വിട പറയുകയായിരുന്നു.


-ഷാഫി തെരുവത്ത്‌

Related Articles
Next Story
Share it