കാഞ്ഞങ്ങാട്: നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച. ബസ് സ്റ്റാന്റിന് സമീപത്തെ അനശ്വര കോംപ്ലക്സിലെ ചിത്ര സില്‍ക്സിലാണ് കവര്‍ച്ച നടന്നത്. 50,000 രൂപയും വില്‍പ്പനയ്ക്ക് വച്ച പാന്റ്സുകളും നഷ്ടപ്പെട്ടു.
കടയുടെ മുന്‍ വശത്തെ ചില്ലുവാതില്‍ ഷട്ടറിന്റെ അടിഭാഗം തകര്‍ത്താണ് അകത്ത് കയറിയത്. കൗണ്ടറില്‍ സൂക്ഷിച്ച പണമാണ് കവര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് സംഭവം. മൂന്നിന് അകത്തു കയറിയ മോഷ്ടാവ് രണ്ട് മണിക്കൂര്‍ അകത്ത് കഴിഞ്ഞതായി ടി.വി ക്യാമറാ ദൃശ്യത്തില്‍ തെളിഞ്ഞു. പിന്നീട് പുറത്തിറങ്ങി കടയുടെ തെക്കുഭാഗത്തു കൂടിയാണ് റോഡിലേക്ക് പോയത്. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി. പൊലീസ് നായയെയും സ്ഥലത്തു കൊണ്ടു വന്നു പരിശോധന നടത്തി. മോഷ്ടാവ് നടന്നു പോയ വഴിയിലൂടെ തന്നെയാണ് നായയും റോഡിലേക്കു പോയത്. പിന്നീട് ബസ് സ്റ്റാന്‍ഡ് പരിസരത്തു കൂടി കിഴക്കുഭാഗത്തേക്ക് പോയി.
ഉടമ കാഞ്ഞങ്ങാട് സൗത്തിലെ കെ.വി ചന്ദ്രന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. അതിനിടെ കോട്ടച്ചേരി കുന്നുമ്മല്‍ ക്ഷേത്രം, നഗരത്തിലെ വെള്ളിയാഭരണ വില്‍പ്പന കേന്ദ്രം എന്നിവിടങ്ങളിലും കവര്‍ച്ചാ ശ്രമം നടന്നു.
കവര്ച്ചയ്ക്കെത്തിയത് മുണ്ടും ഷര്‍ട്ടുമിട്ട്; മടക്കം പാന്റ്സില്‍
കാഞ്ഞങ്ങാട്: ചിത്രാ സില്‍ക്സില്‍ കവര്‍ച്ചയ്ക്കെത്തിയ യുവാവ് തിരിച്ചറിയാതിരിക്കാന്‍ കൃത്യം നിര്‍വഹിച്ച ശേഷം മടങ്ങിയത് വസ്ത്രം മാറി ധരിച്ച്. സ്ഥാപനത്തിനകത്തേക്ക് പോകുമ്പോള്‍ ഷര്‍ട്ടും മുണ്ടും ധരിച്ചിരുന്ന മോഷ്ടാവ് തിരിച്ചു പോയത് ഷര്‍ട്ടും പാന്റ്സും ധരിച്ചായിരുന്നു. കവര്‍ച്ച നടത്തിയതിന് ശേഷം പുതിയ വസ്ത്രമാണ് ധരിച്ചത്. കൈയ്യിലൊതുങ്ങുന്ന വസ്ത്രങ്ങളുമായാണ് ഇറങ്ങിയത്. ഒരാള്‍ മാത്രമാണ് കവര്‍ച്ച നടത്തിയത്. എന്നാല്‍ നിരീക്ഷിക്കാന്‍ കൂടുതല്‍ ആളുകള്‍ പരിസരത്തുണ്ടാകാനാണ് സാധ്യതയെന്നാണ് പൊലീസ് സംശയിക്കുന്നത്.