കാസര്‍കോട്: യുദ്ധഭീകരതയുടെ കൊടിയ ദുരിതങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന യുക്രൈനില്‍ അവിടത്തെ ജനങ്ങളുടെ മുറിവുണക്കിയും ആശ്വസിപ്പിച്ചും രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് മംഗളുരു സ്വദേശിയും കാസര്‍കോടിന്റെ മരുമകനുമായ ഫഹദ് ഖാലിദ്.
ഹോങ്കോംഗില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ ഫഹദ് കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ നാട്ടിലെത്തിയതായിരുന്നു. കോവിഡിനെ തുടര്‍ന്ന് പലരും ദുരിമനുഭവിക്കുന്നതായറിഞ്ഞ് ഫഹദ് സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ മുഴുകി. കോവിഡ് ഭീതിയിലാഴ്ത്തിയ കഴിഞ്ഞ രണ്ട് വര്‍ഷക്കാലം വിവിധ ഭാഗങ്ങളിലുള്ള നിരവധി പേര്‍ക്കാണ് ഫഹദ് ആശ്വാസം പകര്‍ന്നത്. കോവിഡ് ഭീതി പതിയെ ഒഴിഞ്ഞതോടെ ഫഹദ് ഹോങ്കോംഗിലെ ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നു. അതിനിടെയാണ് യുക്രൈനിലെ സ്ഥിതിഗതികളെ കുറിച്ചറിയുന്നത്. ഒരു ജനത യുദ്ധ ഭീകരതയുടെ കൊടിയ ദുരിതമനുഭവിച്ച് കൊണ്ടിരിക്കുകയാണെന്നത് ഈ 36 കാരന്റെ മനസിനെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. അതിനിടെയാണ് യുക്രൈനിലെ യുദ്ധ ബാധിതരെ സഹായിക്കാന്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നതായി ഫഹദ് അറിഞ്ഞത്. സോഷ്യല്‍ മീഡിയ വഴി തിരഞ്ഞ് പിടിച്ച്, വളണ്ടിയറാവാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ച് അവരെ ബന്ധപ്പെട്ടു. പത്ത് ദിവസത്തെ വെരിഫിക്കേഷന് നടപടികള്‍ക്ക് ശേഷമാണ് അവര്‍ അനുമതി നല്‍കിയത്. എന്നാല്‍ രണ്ട് വെല്ലുവിളികള്‍ ഫഹദിന് മുന്നിലുണ്ടായിരുന്നു. കുടുംബത്തില്‍ നിന്നുള്ള അനുമതിയായിരുന്നു ഒന്നാമത്തേത്. രണ്ടാമത്തേത് വിസാ പ്രശ്നങ്ങളും. ബംഗളൂരുവില്‍ പീഡിയാട്രീഷ്യനായി ജോലി ചെയ്യുന്ന കാസര്‍കോട് സ്വദേശിനിയായ ഭാര്യ ഡോ. ഫെമീസ എരിയപ്പാടി ഉറച്ച പിന്തുണയോടെ ഒപ്പമുണ്ടായത് ആദ്യ കടമ്പ എളുപ്പമാക്കി. കുടുംബക്കാരൊക്കെ എല്ലാവിധ പിന്തുണയും നല്കി. തുടര്‍ന്ന് വിസാ നടപടികളും വലിയ പ്രശ്നമില്ലാതെ പൂര്‍ത്തീകരിച്ചു. അതിനിടെയാണ് പോളണ്ട്-യുക്രൈന് അതിര്‍ത്തിയില്‍വെച്ച് പാരാ മെഡിക്കല്‍ വളണ്ടിയര്‍ ടീമിനെ പരിചയപ്പെടുന്നത്. അവര്‍ വളണ്ടിയേഴ്സിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സംഘടനക്ക് ഇംഗ്ലണ്ടില്‍ നിന്നും നെതര്‍ലാണ്ടില്‍ നിന്നും മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ലഭിച്ചിരുന്നു. ഇവ യുക്രൈനില്‍ വിതരണം ചെയ്യുന്നതിനായാണ് വളണ്ടിയേഴ്സിനെ അന്വേഷിച്ചുകൊണ്ടിരുന്നത്. അങ്ങനെ ഫഹദ് ഇവരോടൊപ്പം ചേര്‍ന്നു. പാരാമെഡിക്കല്‍ പരിശീലനം നേരത്തെ ലഭിച്ചിരുന്ന ഫഹദിന് പ്രാഥമിക ശുശ്രൂഷ നല്‍കാനും അറിഞ്ഞിരുന്നു. യുക്രൈനിലെത്തിയതോടെ യുദ്ധത്തിന്റെ ദുരിതവുമായി വലയുന്ന നിരവധി പേരെ ഫഹദ് കണ്ടു. മുറിവേറ്റ ഒരുപാട് പേരെ പ്രാഥമിക ശുശ്രൂഷ നല്കി ഫഹദ് പരിചരിച്ചു. അപ്പോഴൊക്കെയും കൈകള്‍ വിറക്കുന്നുണ്ടായിരുന്നുവെന്നും പ്രത്യേകമായൊരു മനസ്സുറപ്പ് അന്നേരമുണ്ടായതായും ഫഹദ് പറയുന്നു. മുറിവേറ്റ കാലുമായി നടന്നുനീങ്ങി പലരേയും പരിചരിക്കുന്ന ഒരു പട്ടാളക്കാരനേയും അച്ഛനും അമ്മയും നഷ്ടപ്പെട്ട മൂന്നുവയസുകാരനേയും അവിടെ കണ്ടതായും അത് ഹൃദയം നുറുങ്ങുന്ന കാഴ്ചയായിരുന്നുവെന്നും ഫഹദ് പറയുന്നു. ഇനി ഒരാഴ്ചമാത്രമേ വിസ കാലാവധി തീരാന്‍ ബാക്കിയുള്ളു. യുദ്ധസാഹചര്യത്തിന് ചെറിയ മാറ്റമുണ്ടെങ്കിലും വളരെ ഭീതിയോടെ തന്നെയാണ് യുക്രൈന് ജനത കഴിയുന്നത്. സൈന്യത്തിന്റെ വലയത്തിലാണവര്‍. യുക്രൈനിലെത്താനായതിലും ദുരിതക്കയത്തില്‍ കഴിഞ്ഞിരുന്ന ഒരുപാടുപേരെ പരിചരണവും ചികിത്സയും നല്കി സഹായിക്കാനായതിലും വലിയ സന്തോഷമുണ്ടെന്ന് ഫഹദ് പറയുന്നു.
കോവിഡ് കാലത്തും ഇപ്പോള്‍ യുക്രൈനിലും സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ ഫഹദിനെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നുവെന്ന് ഫഹദിന്റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് കാസര്‍കോട് ചേരങ്കൈ സ്വദേശിയും ബംഗളൂരുവിലെ ബാങ്കില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനുമായ സനല്‍ ഉത്തരദേശത്തോട് പറഞ്ഞു. ഗള്‍ഫ് വ്യവസായി അബ്ദുല്ല ഇബ്രാഹിം എരിയപ്പാടിയുടെ മരുമകനാണ് ഫഹദ് ഖാലിദ്.