ജില്ലയിലെ ജല സുരക്ഷ; ജല ബജറ്റ് മാതൃകയാവുന്നു

കാസര്‍കോട്: ജില്ലയിലെ ജലക്ഷാമം തടയാനും ജലവിനിയോഗം ശാസ്ത്രീയമായി ക്രമപ്പെടുത്താനും രൂപം നല്‍കിയ ജലബജറ്റ് മികച്ച മാതൃകയാവുകയാണ്. ജില്ലയില്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ മഴക്കണക്കുകളും ജലലഭ്യതയും വിശദമായി വിശകലനം ചെയ്ത്, ജലോപയോഗം സുഗമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുക എന്നതാണ് ബജറ്റിന്റെ ലക്ഷ്യം.

ജലബജറ്റിലൂടെ ഒരോ സമയത്തും ജലത്തിന്റെ അളവ് മിച്ചമാണോ കുറവാണോ എന്നത് വിലയിരുത്തി, ജലക്ഷാമം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ രൂപപ്പെടുത്തുന്നു. വിവിധ ആവശ്യങ്ങള്‍ക്ക് ലഭ്യമായ വെള്ളം എത്രമാത്രം വിനിയോഗിക്കാമെന്നതിന്റെ കൃത്യമായ കണക്കുകൂട്ടലും ജല സ്രോതസ്സുകള്‍ സംരക്ഷിക്കാനുള്ള നടപടികളും പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്യുന്നു.

ജില്ലയിലെ 38 പഞ്ചായത്തുകളും മൂന്ന് നഗരസഭകളും ജലബജറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ ജല ബജറ്റുകളെ സംയോജിപ്പിച്ച് ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ജില്ലാ പഞ്ചായത്ത് തലത്തിലും സംസ്ഥാനത്ത് ആദ്യമായി ജില്ലാ പഞ്ചായത്തിന് നേതൃത്വത്തില്‍ ജലബജറ്റ് തയ്യാറാക്കുകയായിരുന്നു.

ജില്ലയിലെ നദികളുടെ നീരൊഴുക്ക് പ്രധാനമായും കാലവര്‍ഷത്തെ ആശ്രയിച്ചിട്ടുള്ളതാണ്. ജല ലഭ്യതയില്‍ സംസ്ഥാന ശരാശരിയിലും അധികമാണെങ്കിലും അതിരൂക്ഷമായ വരള്‍ച്ചയാണ് ജില്ല അഭിമുഖീകരിക്കുന്നത്. സംസ്ഥാനത്തുള്ള മൂന്ന് ക്രിട്ടിക്കല്‍ ബ്ലോക്കുകളില്‍ ഒന്ന് കാസര്‍കോട് ബ്ലോക്കാണ്. മഞ്ചേശ്വരം സെമി ക്രിട്ടിക്കല്‍ സോണിലാണ്.

കാലാവസ്ഥ വ്യതിയാനം ജല ലഭ്യതയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഇത് വരള്‍ച്ച രൂക്ഷമാകാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. സംസ്ഥാനതലത്തില്‍ കാലവര്‍ഷ മഴയളവും മഴ ദിനങ്ങളും കുറയുകയും തുലാവര്‍ഷത്തിലെ മഴ ദിനങ്ങള്‍ കൂടുകയും ചെയ്തപ്പോള്‍ ജില്ലയിലെ അവസ്ഥ തികച്ചും വിപരീതമാണ്.

ഹരിത കേരള മിഷന്‍ സാങ്കേതിക സമിതി ജല സുരക്ഷാ പ്ലാന്‍ തയ്യാറാക്കിയതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വനം വകുപ്പ്, കൃഷി വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഭൂജലവകുപ്പ്, മണ്ണുജല സംരക്ഷണ വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ വരുന്ന അഞ്ചുവര്‍ഷത്തേക്ക് ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ സമഗ്രമായ ജല സുരക്ഷാ പദ്ധതികള്‍ അനിവാര്യമാണെന്നാണ് അധികൃതര്‍ പറയുന്നത്.

Related Articles
Next Story
Share it