നാടിന്റെ വികസനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയം ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

കേരള കേന്ദ്ര സര്‍വകലാശാലയുടെ പുതിയ അക്കാദമിക് ബ്ലോക്കിന് കാസര്‍കോട് പെരിയ ക്യാമ്പസില്‍ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി

പെരിയ: നാടിന്റെ വികസനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയം ഒഴിവാക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍. കേരള കേന്ദ്ര സര്‍വകലാശാലയുടെ പുതിയ അക്കാദമിക് ബ്ലോക്കിന് കാസര്‍കോട് പെരിയ ക്യാമ്പസില്‍ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം അത്യന്താപേക്ഷിതമാണ്. എല്ലാ രാജ്യങ്ങളും വികസനത്തിനായാണ് മത്സരിക്കുന്നത്. വികസനത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒന്നാണ്. ഈ വിഷയത്തില്‍ ഒരേ ദിശയിലാണ് സഞ്ചരിക്കുന്നത്. വികസനത്തില്‍ ഒരുമിച്ചാകണം പ്രവര്‍ത്തനം. രാഷ്ട്രീയം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം (പി.എം.ജെ.വി.കെ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം അനുവദിച്ച 52.68 കോടി രൂപ ഉപയോഗിച്ചാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മിക്കുന്നത്. നിരവധി പദ്ധതികള്‍ കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ അധ്യക്ഷത വഹിച്ചു.

കലാകാരന്‍ ദീപക് പി.കെ, സി.പി.ഡബ്ല്യു.ഡി അസി. എഞ്ചിനീയര്‍ അഞ്ജന രഘു, സര്‍വകലാശാല എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീകാന്ത് വി.കെ. എന്നിവരെ മന്ത്രി ആദരിച്ചു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. ആര്‍. ജയപ്രകാശ് സ്വാഗതവും സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീന്‍ പ്രൊഫ. സജി ടി.ജി. നന്ദിയും പറഞ്ഞു. സര്‍വകലാശാലയുടെ കോര്‍ട്ട്, എക്‌സിക്യുട്ടീവ് കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it