കളഞ്ഞു കിട്ടിയ പണവും എടിഎം കാര്‍ഡുകളുമടങ്ങുന്ന പേഴ് സ് ഉടമയ്ക്ക് കൈമാറി വിദ്യാര്‍ത്ഥിയുടെ സത്യസന്ധത

കേന്ദ്രീയ വിദ്യാലയത്തിലെ 9ാംതരം വിദ്യാര്‍ത്ഥി എം ദേവ് കിരണിന്റെ സത്യസന്ധതയില്‍ എടനീര്‍ മഠത്തിന് സമീപത്തെ എം അബ്ദുല്‍ ഖാദറിനാണ് നഷ്ടപ്പെട്ട പേഴ് സ് തിരിച്ചുകിട്ടിയത്

വിദ്യാനഗര്‍: പാതയോരത്ത് നിന്ന് കളഞ്ഞു കിട്ടിയ പണവും എടിഎം കാര്‍ഡുകളുമടങ്ങുന്ന പേഴ് സ് ഉടമയ്ക്ക് കൈമാറി വിദ്യാര്‍ത്ഥിയുടെ സത്യസന്ധത. വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥി എം.ദേവ് കിരണിന്റെ സത്യസന്ധതയില്‍ എടനീര്‍ മഠത്തിന് സമീപത്തെ എം.അബ്ദുല്‍ ഖാദറിനാണ് നഷ്ടപ്പെട്ട പേഴ് സ് തിരിച്ചുകിട്ടിയത്.

ശനിയാഴ്ച രാവിലെ ആറരയോടെ പടുവടക്കം പാതയോരത്ത് നിന്നാണ് 2850 രൂപയും മൂന്ന് എടിഎം കാര്‍ഡുകളും പാന്‍ കാര്‍ഡുകളും അടങ്ങുന്ന പേഴ് സ് ദേവ് കിരണിന് കിട്ടിയത്. ഉദയഗിരി സ്‌പോര്‍ട് സ് കൗണ്‍സില്‍ ഗ്രൗണ്ടില്‍ കളിക്കാന്‍ പോകുന്നതിനിടയിലാണ് പേഴ് സ് കിട്ടിയത്. തുറന്നു നോക്കിയപ്പോള്‍ പണവും എടിഎം കാര്‍ഡുകളുമുണ്ടെന്ന് മനസ്സിലായി. ഉടമയെ കണ്ടെത്തി നല്‍കുന്നതിന് സമീപവാസിയായ മാതൃഭൂമി ലേഖകന്‍ പി.കെ. വിനോദ് കുമാറിന് കൈമാറി. ആധാര്‍ കാര്‍ഡില്‍ നിന്ന് എടനീറിലുള്ള എം അബ്ദുല്‍ ഖാദറിന്റെ പേഴ് സാണ് അതെന്ന് തിരിച്ചറിഞ്ഞു. ചെങ്കള ഗ്രാമപഞ്ചായത്ത് അംഗം സലിം എടനീരുമായി ബന്ധപ്പെട്ട് ഉടമയെ തിരിച്ചറിയുകയും ചെയ്തു.

ഭക്ഷണം വീടുകളിലേക്ക് എത്തിച്ച് നല്‍കുന്ന കമ്പനിയിലെ ജീവനക്കാരനാണ് എം. അബ്ദുല്‍ ഖാദര്‍. വെള്ളിയാഴ്ച രാത്രി പത്തുമണിക്ക് കാസര്‍കോട് നിന്ന് പടുവടുക്കം ഫ്‌ളാറ്റില്‍ താമസിക്കുന്ന കുടുംബത്തിന് അബ്ദുല്‍ ഖാദര്‍ ഭക്ഷണം എത്തിച്ചിരുന്നു. ശനിയാഴ്ച മകന് സ്‌കൂള്‍ ആവശ്യത്തിന് പണം നല്‍കേണ്ടി വന്നപ്പോഴാണ് പേഴ് സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. പരിശോധിക്കുന്നതിനിടെയാണ് പേഴ് സ് കിട്ടിയ വിവരം അറിയിച്ചുകൊണ്ട് സലീം എടനീറിന്റെ ഫോണ്‍വിളി എത്തിയത്.

മുന്‍ പ്രവാസിയായിരുന്ന അബ്ദുല്‍ ഖാദറിന് 2007 ല്‍ നടന്ന ബൈക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. എടനീരില്‍ വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അടുത്ത ബന്ധുവായ ഗഫൂര്‍ മരിക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്നാണ് അബ്ദുല്‍ ഖാദറിന് പ്രവാസജീവിതം അവസാനിപ്പിക്കേണ്ടി വന്നത്.

ഫസ്റ്റ് ഗ്രേഡ് സര്‍വേയര്‍ പടുവടുക്കം മാസ് വ്യൂ കോളനിയിലേ മനോജ് മേലത്തിന്റെയും കുടുംബശ്രീ ജില്ലാ ഓഫീസിലെ അക്കൗണ്ടന്റ് മാവില സൗമ്യയുടെയും മകനാണ് ദേവ് കിരണ്‍.

ഞായറാഴ്ച രാവിലെ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് എസ്.ഐ വിജയന്‍ മേലത്തിന്റെ സാന്നിധ്യത്തില്‍ ദേവ് കിരണ്‍ ഉടമയായ എം അബ്ദുല്‍ ഖാദറിന് പേഴ് സ് കൈമാറി. മാതാവ് എം. സൗമ്യ, കേന്ദ്രീയ വിദ്യാലയത്തിലെ തന്നെ ആറാംതരം വിദ്യാര്‍ഥിനിയായ സഹോദരി എം. അമയ എന്നിവരും ദേവ് കിരണിന് ഒപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it