എസ് പി സി ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു; ജില്ലാ പൊലീസ് മേധാവി ബി.വി. വിജയഭാരത് റെഡ്ഡി ഐ.പി.എസ് സല്യൂട്ട് സ്വീകരിച്ചു

അഡീഷണല്‍ എസ്.പി യും എസ് പി സി ജില്ലാ നോഡല്‍ ഓഫീസറുമായ ദേവദാസന്‍ സിഎം, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മധുസൂദനന്‍ ടി.വിഎന്നിവര്‍ മുഖ്യാതിഥിയായി

കാസര്‍കോട്: എസ് പി സി കാസര്‍കോട് ജില്ലാ കാര്യാലയം എസ് പി സി ദിനം വിവിധ പരിപാടികളോടെ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു. ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി, തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി, ചന്ദ്രഗിരി ഗവ: ഹയര്‍ സെക്കന്‍ഡറി എന്നീ സ്‌കൂളുകളിലെ സൂപ്പര്‍ സീനിയര്‍ കാഡറ്റുകളുടെ സംയുക്ത പാസ്സിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി ബി.വി. വിജയഭാരത് റെഡ്ഡി ഐ.പി.എസ് സല്യൂട്ട് സ്വീകരിച്ചു.


അഡീഷണല്‍ എസ്.പി യും എസ് പി സി ജില്ലാ നോഡല്‍ ഓഫീസറുമായ ദേവദാസന്‍ സിഎം, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മധുസൂദനന്‍ ടി.വിഎന്നിവര്‍ മുഖ്യാതിഥിയായി. ജനപ്രതിനിധികള്‍, പി.ടി.എ പ്രസിഡണ്ടുമാര്‍, പ്രധാനാധ്യാപകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എ.ഡി.എം.ഒ തമ്പാന്‍ ടി കാഡറ്റുകള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചന്ദ്രഗിരി സ്‌കൂളിലെ നിഷിത കെ കമാന്‍ഡറായും ചെമ്മനാട് ജമാഅത്ത് സ്‌കൂളിലെ ഹാദിയ റോഷനാര്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായും പരേഡിനെ നയിച്ചു.


മികച്ച ആണ്‍കുട്ടികളുടെ പ്ലട്ടൂണായി സി.ജെ.എച്ച്.എസ്.എസ് ചെമ്മനാടിനെയും മികച്ച പെണ്‍കുട്ടികളുടെ പ്ലട്ടൂണായി ടി. ഐ.എച്ച്.എസ്.എസ് നായ്മാര്‍മൂലയെയും തിരഞ്ഞെടുത്തു. മികച്ച പ്ലട്ടൂണുകള്‍ക്കും കാഡറ്റുകള്‍ക്കുമുള്ള ഉപഹാരങ്ങള്‍ ജില്ലാ പൊലീസ് മേധാവി വിതരണം ചെയ്തു. എസ് പി സി പദ്ധതിയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ സി.പി.ഒ മാര്‍ക്കും ഡി.ഐ മാര്‍ക്കുമുള്ള എസ് പി സി ജില്ലാ കാര്യാലയത്തിന്റെ ആദരവും ഉപഹാര സമര്‍പ്പണവും ബി.വി.വിജയഭാരത് റെഡ്ഡി ഐ.പി.എസ് നിര്‍വ്വഹിക്കുകയുണ്ടായി.

എസ് പി സി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ സ്‌കൂളുകളിലെ അധ്യാപകരും കാഡറ്റുകളും അണിനിരന്ന സംഗീതശില്പവും സി.ജെ.എച്ച്.എസ്.എസിലെ സീനിയര്‍ കാഡറ്റുകള്‍ അവതരിപ്പിച്ച ലഹരിക്കെതിരെയുള്ള സ്‌കിറ്റും അരങ്ങേറി.



തുടര്‍ന്ന് എസ് പി സി ദിനാഘോഷ വിളംബര ജാഥ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ചന്ദ്രഗിരിപ്പാലം വരെ സംഘടിപ്പിച്ചു. ജനപ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, കാഡറ്റുകള്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ തുടങ്ങി സമൂഹത്തിലെ നാനാതുറയിലുള്ള ആളുകള്‍ പങ്കെടുത്തു. നാടിനും നാട്ടാര്‍ക്കും ഇത് വേറിട്ട അനുഭവമായി.

Related Articles
Next Story
Share it