കവി ടി. ഉബൈദ് ദിനം; കാസര്‍കോട് സാഹിത്യ വേദിയുടെ ദ്വിദിന കലാജാഥക്ക് തുടക്കം

കാസര്‍കോട്: ഇരുട്ടത്ത് കത്തിജ്ജ്വലിച്ച വിളക്കാണ് കവി ടി. ഉബൈദ്. ആ വെളിച്ചത്തിന്റെ അരുപറ്റിയാണ് അനേകര്‍ അക്ഷരങ്ങള്‍ നുകര്‍ന്നത്. വിദ്യഭ്യാസ, സാംസ്‌കാരിക മേഖലകളുടെ മുന്നേറ്റത്തിനായി ടി. ഉബൈദ് അവിശ്രമം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കാസര്‍കോടിന് തുണയേകി. 1972 ഒക്ടോബര്‍ 3ന് തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ ഒരു ചടങ്ങില്‍ സംസാരിച്ചുകൊണ്ടിരിക്കെ അന്ത്യശ്വാസം വലിച്ച ടി. ഉബൈദിന്റെ 53-ാം വേര്‍പാട് വാര്‍ഷിക ദിനമാണ് ഇന്ന്. കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഉബൈദ് ദിനം ഇത്തവണ സമുചിതമായി ആചരിക്കുന്നു.

1939ല്‍ കാസര്‍കോട്ട് പ്രചരണജാഥ നടത്തി വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി കൈവരിക്കൂ എന്നുദ്‌ഘോഷിച്ച മഹാകവി 1942ല്‍ തളങ്കരയില്‍ വീണ്ടുമൊരു വിദ്യാഭ്യാസ പ്രചരണ ജാഥ നടത്തിയിരുന്നു. 1944ല്‍ ആളുകളില്‍ നിന്ന് പിരിവെടുത്ത് 15000 രൂപ സര്‍ക്കാറില്‍ കെട്ടിവെച്ചാണ് കാസര്‍കോട്ട് ഗവ. മുസ്ലിം ഹൈസ്‌കൂള്‍ സ്ഥാപിച്ചത്. സ്ത്രീകളുടെ മുന്നേറ്റത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും അദ്ദേഹം മുന്‍കൈയെടുത്തു.

മഹാകവിയുടെ ഓര്‍മകള്‍ പുതിയ തലമുറയ്ക്ക് കൈമാറാന്‍ വേറിട്ട രീതിയിലാണ് കാസര്‍കോട് സാഹിത്യവേദി ഇത്തവണ പരിപാടി ആവിഷ്‌കരിക്കുന്നത്. ഇന്ന് തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തില്‍ നിന്ന് ഉബൈദിന്റെ ഓര്‍മ്മകളുണര്‍ത്തി കലാജാഥ പുറപ്പെട്ടു. വെള്ളി, ശനി ദിവസങ്ങളിലായി കാസര്‍കോട് നഗര പ്രദേശങ്ങളിലും പ്രാന്തപ്രദേശങ്ങളിലെ സ്‌കൂളുകളിലും ഗ്രാമങ്ങളിലും കലാജാഥ പര്യടനം നടത്തും. തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ഉദ്ഘാടന സമ്മേളനം പ്രശസ്ത എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു.കവി പി.എസ്. ഹമീദ് അധ്യക്ഷത വഹിച്ചു. നിരൂപകനും എഴുത്തുകാരനുമായ റഫീഖ് ഇബ്രാഹിം ഉബൈദ് അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുകാര്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. കലാജാഥ ശനിയാഴ്ച വൈകീട്ട് 6.30ന് ഇശല്‍ ഗ്രാമമായ മൊഗ്രാലില്‍ സമാപിക്കും. സമാപന സമ്മേളനം അഡ്വ. ടി.വി. ഗംഗാധരന്റെ അധ്യക്ഷതയില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ റഹ്‌മാന്‍ തായലങ്ങാടി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരും കലാ-സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരും സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഗായകരായ ഇസ്മയില്‍ തളങ്കര, യൂസുഫ് കട്ടത്തടുക്ക, ടി.കെ. അന്‍വര്‍ തുടങ്ങിയവര്‍ ഉബൈദ് മാഷുടെ ഗാനങ്ങള്‍ പാടും. തളങ്കര, കാസര്‍കോട്, പുലിക്കുന്ന്, ചെമനാട്, പരവനടുക്കം, വിദ്യാനഗര്‍, ചൗക്കി, കുമ്പള, ആരിക്കാടി, മൊഗ്രാല്‍ എന്നിവടങ്ങളില്‍ കലാജാഥക്ക് സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it