IFTAR I ഒഴുകിയെത്തിയത് പതിനായിരത്തോളം പേര്‍; ചരിത്രമായി തളങ്കരീയന്‍സ് ഗ്രാന്റ് ഇഫ്താര്‍

തളങ്കര: തളങ്കരീയന്‍സ് വാട്സ്ആപ്പ് കൂട്ടായ്മ കഴിഞ്ഞദിവസം ഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ ഗ്രാന്റ് ഇഫ്താര്‍ സംഗമത്തിന് എത്തിയത് പതിനായിരത്തോളം പേര്‍. ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേര്‍ ഒന്നിച്ച് ഇഫ്താര്‍ സംഗമത്തില്‍ അണിനിരക്കുന്നത്. ഇത് രണ്ടാംതവണയാണ് തളങ്കരീയന്‍സ് കൂട്ടായ്മ ഇഫ്താര്‍ സംഗമം ഒരുക്കുന്നത്.

കഴിഞ്ഞ വര്‍ഷം 5000ത്തിലേറെ പേര്‍ പങ്കെടുത്തിരുന്നു. ഇത്തവണ കൂടുതല്‍ ആളുകളെ പ്രതീക്ഷിച്ചാണ് പതിനായിരത്തോളം പേര്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കിയത്. വൈകിട്ട് 5മണിയോടെത്തന്നെ വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. ആറുമണിയോടെ കസേരകളെല്ലാം നിറഞ്ഞു. ഇരിപ്പിടം കിട്ടാതെയും പലരും ഗ്രൗണ്ടിന്റെ ഗ്യാലറിയിലാണ് ഇരിക്കാന്‍ ഇടം കണ്ടെത്തിയത്.

തളങ്കരീയന്‍സ് അഡ്മിന്‍ പാനലും തളങ്കരയിലെ ക്ലബ്ബുകളും കൈകോര്‍ത്തതോടെ ഇഫ്താര്‍ സംഗമം കാസര്‍കോട് ഇതുവരെ കണ്ട ഏറ്റവും വലിയ ഒരു സംഗമമായി മാറുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ആയിരങ്ങളുടെ സാന്നിധ്യം ഐക്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പ്രഖ്യാപനും കൂടിയായി മാറി.

നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ക്ക് പുറമെ എല്ലാവര്‍ക്കും ബിരിയാണിക്കിറ്റും നല്‍കി. അബ്ദുല്ല ബാങ്കോട്, അന്‍സാഫ്, ഖാദര്‍ വൈറ്റ്, അബ്ദുല്‍ഖാദര്‍ ഉമ്പു, ഹബീബ് ബാബ, മന ഖാസിലേന്‍, സുലൈഫ്, ത്വയീബ്, ജാഫര്‍ ഫോര്‍ട്ട് റോഡ്, നവാസ്, പൂസി ദീനാര്‍ നഗര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പലസ്തീനില്‍ കൊടിയ യാതനകള്‍ അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഇമാം ഹാഫിസ് ബാസിത്ത് മൗലവി പ്രാര്‍ത്ഥന നടത്തി. കാസര്‍കോട് ഡി.വൈ.എസ്.പി. സി.കെ. സുനില്‍ കുമാര്‍, തായലങ്ങാടി ചര്‍ച്ച് വികാരി ഫാദര്‍ ലൂയിസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. അഷ്റഫ് അഷ്റഫി, ഇബ്രാഹിം ബാങ്കോട്, ടി.ഇ. അന്‍വര്‍, മജീദ് തെരുവത്ത്, അന്‍വര്‍ സാദത്ത്, സുബൈര്‍ പള്ളിക്കാല്‍, ഫത്താഹ്, സിദ്ദിഖ് ഒമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it