കാസര്‍കോട് ജില്ലാ പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങള്‍ സവിശേഷതയുള്ളതെന്ന് മന്ത്രി ചിഞ്ചുറാണി
ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്തിന്റെ വികസന സെമിനാര്‍ 'പടവുകള്‍ 2025' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

കാസര്‍കോട്: സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വ്യത്യസ്തവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളാണ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്തിന്റെ വികസന സെമിനാര്‍ 'പടവുകള്‍ 2025' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം വികസന സദസ്സുകളായി ഉത്സവങ്ങള്‍ നടന്നു വരികയാണ്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികച്ചവയാണെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ പ്രവര്‍ത്തനങ്ങള്‍, സോളാര്‍ കളിസ്ഥലം തുടങ്ങി സമസ്ത മേഖലകളിലും വികസനം കൈവരിച്ച് ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ആദ്യ ജില്ലയായി മാറാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചെര്‍ക്കള ടൗണ്‍ മുതല്‍ ഓഡിറ്റോറിയം വരെ ഘോഷയാത്ര നടത്തി. കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ ആറോളം അവാര്‍ഡുകള്‍ നേടി ദേശീയ അന്തര്‍ദേശീയ ശ്രദ്ധ നേടി ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന ജില്ലാ പഞ്ചായത്തിനെ 'കാസര്‍കോട് പൗരാവലി' ആദരിച്ചു. മികച്ച സേവനത്തിന് ജില്ലയിലെ എം.എല്‍.എമാര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരവ് നല്‍കി.
എം.എല്‍.എമാരായ സി.എച്ച്. കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ അനുമോദനം ഏറ്റുവാങ്ങി. ജില്ലയെ അതിദരിദ്ര മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് ജില്ലയിലെ മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകള്‍, പഞ്ചായത്തുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍, എന്നിവര്‍ക്ക് ആദരവ് നല്‍കി.
ഡോക്ടറേറ്റ് നേടിയ കെ.സി.സി.പി.എല്‍ മാനേജിങ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണനെയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ശകുന്തള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എസ്.എന്‍ സരിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മനു, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ വിജയന്‍, നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ സജിത്ത്, ഫാത്തിമത്ത് ഷംന, ഷിനോജ് ചാക്കോ, ആസൂത്രണ സമിതി വൈസ് ചെയര്‍പേഴ്സണ്‍ കെ. ബാലകൃഷ്ണന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.രാജേഷ്, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ആര്‍. ഷൈനി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ സ്വാഗതവും ഫിനാന്‍സ് ഓഫീസര്‍ എ.ബി അനീഷ് നന്ദിയും പറഞ്ഞു.








