കെ.എം.സി.ടി കാസര്‍കോട് ക്യാമ്പസ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കോളേജിന് എ.പി.ജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷനും എ.ഐ.സി.ടി.ഇയുടെ അംഗീകാരവുമുണ്ട്

കാസര്‍കോട്: കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളിലൊന്നായ കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഏഴാമത്തെ ക്യാമ്പസിന്റെയും, ക്യാമ്പസിലെ ആദ്യ കോളേജ്, കെഎംസിടി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റിന്റെയും ഉദ്ഘാടന കര്‍മ്മം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വക്കേറ്റ് പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കോളേജിന് എ.പി.ജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ (കെ.ടി.യു) അഫിലിയേഷനും എ.ഐ.സി.ടി.ഇയുടെ അംഗീകാരവുമുണ്ട്.

കാസര്‍കോട് ജില്ലയിലെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം മൂലം വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ക്ക് സമീപ ജില്ലകളിലെയും അയല്‍ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വന്ന സാഹചര്യം മാറ്റുകയും, പുതിയ ക്യാമ്പസിലൂടെ കാസര്‍കോട്ടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച വിദ്യാഭ്യാസം നല്‍കുകയും, അതുവഴി അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്കെത്തിച്ച് ലോകോത്തര തൊഴില്‍ അവസരങ്ങള്‍ നേടിക്കൊടുക്കുകയുമാണ് കാസര്‍കോട്ടെ പുതിയ ക്യാമ്പസിലൂടെ കെ.എം.സി.ടി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും അവരുടെ കഴിവുകള്‍ പരമാവധി വളര്‍ത്തിയെടുക്കാനും കേരള സര്‍ക്കാര്‍ ഒട്ടനവധി ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും, കെഎംസിടി, സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാധ്യതകള്‍ തിരിഞ്ഞറിഞ്ഞുള്ള ഇടപെടലുകളെ സജീവമായി പിന്തുണക്കുന്ന സ്ഥാപനമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കെഎംസിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡോ. നവാസ് കെ.എം. സ്വാഗതം പറഞ്ഞു. സ്ഥാപക ചെയര്‍മാന്‍ ഡോ.കെ.മൊയ്തു അധ്യക്ഷനായി. കാസര്‍കോട് ക്യാമ്പസിലെ പുതിയ അക്കാദമിക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്നും, ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കര്‍ണാടക സ്റ്റേറ്റ് അല്ലയ്ഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. യു. ടി. ഇഫ്തികാറും നിര്‍വഹിച്ചു.

ക്യാമ്പസിലെ ആദ്യ കോളേജിലെ വിവിധ ലാബുകളുടെയും ലൈബ്രറികളുടെയും ഉദ്ഘാടനം എം.എല്‍.എ.മാരായ ഇ.കെ. ചന്ദ്രശേഖരന്‍, എ.കെ.എം. അഷ്റഫ്, സി.എച്. കുഞ്ഞമ്പു, എം. രാജാഗോപാലന്‍, കെ.എം. സച്ചിന്‍ ദേവ്, എന്നിവര്‍ നിര്‍വഹിച്ചു. ഹരിപ്രസാദ് മയ്യിപ്പടി ജയസിംഹ വര്‍മ രാജ വിശിഷ്ടാതിഥിയായി.

ടി.എം. ഷാഹിദ് തെക്കില്‍, അഡ്വ. ഐ.സജു, ശാന്ത ബി, പി. എം. കേളുക്കുട്ടി, പ്രൊഫസര്‍ മുഹമ്മദ് അലി മുലിയാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മുഹമ്മദ് അന്‍ഷാദ് പി.വൈ. നന്ദി പറഞ്ഞു.

Related Articles
Next Story
Share it