മൊഗ്രാല്‍ സ്‌കൂള്‍ കവാടത്തിന് മുന്നിലെ സ്ലാബ് തകര്‍ന്നത് ദുരിതമാകുന്നു

സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്കും ഇത് അപകടഭീഷണിയാകും.

മൊഗ്രാല്‍: നൂറുകണക്കിന് ആളുകള്‍ ദിനേന കാല്‍നടയാത്രയ്ക്കായി ഉപയോഗിക്കുന്ന മൊഗ്രാല്‍ സ്‌കൂളിന് മുന്‍വശമുള്ള നടപ്പാത ഓവുചാലിലെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുകിടക്കുന്നത് ഭീഷണിയാവുന്നു. സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്കും ഇത് അപകടഭീഷണിയാകും. തൊട്ടടുത്ത യൂനാനി ഡിസ്പെന്‍സറി, അംഗന്‍വാടി, ഭക്ഷ്യ പൊതുവിതരണ കേന്ദ്രം തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നടന്നുപോകാന്‍ പലരും ഉപയോഗിക്കുന്നത് സ്‌കൂളിന് മുന്നിലുള്ള ഈ നടപ്പാതയാണ്.

ഇതിന്റെ കോണ്‍ക്രീറ്റ് സ്ലാബാണ് രണ്ടുമാസമായി തകര്‍ന്നു കിടക്കുന്നത്. രാത്രി കാലങ്ങളില്‍ സ്ലാബ് തകര്‍ന്നത് കാണാനാകാതെ ഇതുവഴി പോകുന്ന കാല്‍നട യാത്രക്കാര്‍ക്ക് അപകടം സംഭവിച്ചതായും പ്രദേശവാസികള്‍ പറയുന്നുണ്ട്. സ്‌കൂളിന് മുന്നില്‍ എം.പി ഫണ്ട് ഉപയോഗപ്പെടുത്തി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ കഴിഞ്ഞ ഒരു മാസക്കാലമായി കത്തുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

വാഹനത്തിരക്ക് അനുഭവപ്പെടുന്ന മൊഗ്രാല്‍ സ്‌കൂള്‍ റോഡില്‍ വിദ്യാര്‍ത്ഥികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായിരുന്ന തുറന്നിട്ട ഓവുചാല്‍ സ്ലാബിട്ടു മൂടാന്‍ പി.ഡബ്ല്യു.ഡി 10 ലക്ഷം രൂപയാണ് 2022-23 വര്‍ഷത്തില്‍ അനുവദിച്ചിരുന്നത്. അതിന്റെ പ്രവൃത്തികള്‍ കഴിഞ്ഞവര്‍ഷം പകുതിയാകുമ്പോഴേക്കും പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സ്‌കൂള്‍ മതില്‍ നിര്‍മ്മാണത്തിനും നടപ്പാതയ്ക്ക് കൈവരിയും സ്‌കൂള്‍ മൈതാനത്തിന് കവാടവും നിര്‍മ്മിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും, അതിന്റെ നിര്‍മ്മാണ സമയത്ത് നിര്‍മ്മാണ സാമഗ്രികള്‍ സ്‌കൂള്‍ മൈതാനത്ത് ലോറികളില്‍ കൊണ്ടിറക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് സ്ലാബ് തകര്‍ന്നതെന്നാണ് സമീപവാസികള്‍ പറയുന്നത്.

സ്ലാബ് തകര്‍ന്ന ഭാഗത്ത് നാട്ടുകാര്‍ കല്ലുകൊണ്ട് മൂടിയ നിലയിലാണ്. സ്‌കൂളില്‍ അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പായി തകര്‍ന്ന സ്ലാബ് മാറ്റി സ്ഥാപിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. ഈ വിഷയം പി.ടി.എയും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.

Related Articles
Next Story
Share it