പ്രവാസി മഹോത്സവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇനി വിരല്‍ തുമ്പില്‍; മൊബൈല്‍ ആപ്പ് പുറത്തിറക്കി ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി
മൊബൈല്‍ ആപ്പിന്റെ ഔദ്യോഗിക ലോഞ്ചിംഗ് കര്‍മ്മം ദുബൈ കെ.എം.സി.സി ഉപദേശകസമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്യദ്ദീന്‍ നിര്‍വഹിച്ചു

ദുബൈ: മൊബൈല്‍ ആപ്പ് പുറത്തിറക്കി ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി. പുതിയൊരു ഡിജിറ്റല്‍ ചുവടുവെപ്പായാണ് മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്. പ്രവാസികളുടെ ഐക്യത്തിന്റെയും സേവനവൃത്തിയുടെയും മഹാസംഗമമായ ഹലാ കാസ്രോട് ഗ്രാന്‍ഡ് ഫെസ്റ്റ് ഒക്ടോബര്‍ 26-ന് ദുബൈ ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടില്‍ അരങ്ങേറാനിരിക്കെയാണ് മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്.
ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമാകുന്ന ഈ മൊബൈല്‍ ആപ്പിലൂടെ പ്രവാസി മഹോത്സവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ കഴിയും. പരിപാടികളുടെ ഷെഡ്യൂള്‍, രജിസ്‌ട്രേഷന്‍, ലൈവ് അപ്ഡേറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് ആപ്പ്. 'ഹല കാസ്രോട് ' എന്ന പേരില്‍ സെര്‍ച് ചെയ്താല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.
മൊബൈല്‍ ആപ്പിന്റെ ഔദ്യോഗിക ലോഞ്ചിംഗ് കര്‍മ്മം ദുബൈ കെ.എം.സി.സി ഉപദേശകസമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്യദ്ദീന്‍ നിര്‍വഹിച്ചു.
'സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാനും ജനങ്ങളിലേക്ക് അടുത്തുകൊണ്ടുവരാനും സാങ്കേതികവിദ്യയുടെ സാധ്യതകളെ കെ.എം.സി.സി ഉചിതമായി പ്രയോജനപ്പെടുത്തുന്നു എന്നും ഡിജിറ്റല്‍ യുഗത്തില്‍ കെ.എം.സി.സിയുടെ ഈ മുന്നേറ്റം മാതൃകാപരമാണ് എന്നും ജോലിയുടെയും ബിസിനസ്സിന്റെയും തിരക്കുകള്‍ക്കിടയിലും ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ നിരന്തരം പ്രവര്‍ത്തിക്കുന്ന കെ.എം.സി.സി പ്രവര്‍ത്തനം പ്രശംസനീയമാണ് എന്നും ഷംസുദ്ദീന്‍ ബിന്‍ മുഹ്യദ്ദീന്‍ അഭിപ്രായപ്പെട്ടു.
ജി.എസ് കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷനായി. സി.ഡി.എ ഡയറക്ടര്‍ റാഷിദ് ബിന്‍ അസ്ലാം മുഖ്യ അതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍. സ്വാഗതം പറഞ്ഞു.
കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ തൊട്ടി, സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ജില്ലാ ഭാരവാഹികളായ ഇസ്മായില്‍ നാലാംവാതുക്കല്‍, കെ.പി. അബ്ബാസ് കളനാട്, സുബൈര്‍ അബ്ദുല്ല, റഫീഖ് പി.പി. പടന്ന, പി.ഡി. നൂറുദ്ദീന്‍, അഷ്റഫ് ബായാര്‍, ആസിഫ് ഹൊസങ്കടി എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ട്രഷറര്‍ ഡോ. ഇസ്മായില്‍ നന്ദി അറിയിച്ചു.