WARNING | കാഞ്ഞങ്ങാട് നഗരത്തിലെ ബസ് സ്റ്റാന്റ് അടച്ചിടല്‍; കടയടപ്പ് സമരം നടത്തുമെന്ന് വ്യാപാരികളുടെ മുന്നറിയിപ്പ്

കാഞ്ഞങ്ങാട്: പ്രതിസന്ധികള്‍ കാരണം അടച്ചുപൂട്ടലിന്റെ വക്കിലെത്തി നില്‍ക്കുന്ന തങ്ങളെ കോട്ടച്ചേരി ബസ് സ്റ്റാന്റ് അടച്ചിട്ടത് കൂടുതല്‍ ദുരിതത്തിലാക്കിയതായി വ്യാപാരികള്‍. റമദാന്‍ കഴിഞ്ഞ് വിഷുവിന്റെയും ഈസ്റ്ററിന്റെയും കച്ചവടം പ്രതീക്ഷിച്ചിരുന്ന വ്യാപാരികളെ ഇത് നിരാശയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ അടിയന്തര യോഗം ചൂണ്ടിക്കാട്ടി.

നൂറുകണക്കിന് ബസുകള്‍ കയറിയിറങ്ങുന്ന സ്റ്റാന്റ് മുന്നൊരുക്കങ്ങളില്ലാതെ അടച്ചിട്ടത് പാര്‍ക്കിങ് സൗകര്യം തീരെയില്ലാതെ വീര്‍പ്പുമുട്ടുന്ന നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കിയിരിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. വിഷുവും ഈസ്റ്ററും അടുപ്പിച്ചുവരുന്ന ഈ ഉത്സവകാലം കഴിഞ്ഞ് രണ്ടുമാസം കൊണ്ട് തന്നെ ബസ് സ്റ്റാന്റ് യാര്‍ഡ് പണി പൂര്‍ത്തിയാക്കണമെന്നും നഗരത്തില്‍ എത്രയും പെട്ടെന്ന് ട്രാഫിക് പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വ്യാപാരികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ നഗരത്തിലെ മുഴുവന്‍ വ്യാപാരികളും കടയടച്ചിട്ട് സമരം ചെയ്യാനും യോഗം തീരുമാനിച്ചു.

പ്രസിഡണ്ട് സി.കെ ആസിഫ് അധ്യക്ഷത വഹിച്ചു. ഐശ്വര്യ കുമാരന്‍, പി.വി അനില്‍, ആസിഫ് മെട്രോ, പി. മഹേഷ്, ഗിരീഷ് നായക്, അമൃത ബാബു, എച്ച്.ഇ സലാം, നിത്യാനന്ദന്‍ നായക്, സമീര്‍ ഡിസൈന്‍, ഷെറീക്ക് കമ്മാടം, ഷെരീഫ് ഫോട്ടോ ഫ്രെയിം, ഷറഫുദ്ദീന്‍, ഫൈസല്‍ സൂപ്പര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it