TEMPLE FEST | മധൂരിലേക്ക് ഭക്ഷ്യവിഭവങ്ങളുടെ കലവറ പ്രവഹിക്കുന്നു; ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ മഹാമൃത്യുഞ്ജയ യാഗം നടന്നു

മധൂര്‍: ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലെ ബ്രഹ് മകലശോത്സവത്തിന്റെ രണ്ടാം ദിവസം സഞ് ജീവിനി മഹാമൃത്യുഞ് ജയ യാഗം നടന്നു. തന്ത്രി ശിവപ്രസാദ് ദേരെബൈലുവിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു അരണിയില്‍ അഗ്നിമഥനം. തുടര്‍ന്ന് ധാരാന്ത ബിംബശുദ്ധി പ്രക്രിയ, സാമാന്യ പ്രായശ്ചിത്തഹോമം, സാമാന്യ ശക്തിഹോമം എന്നിവ നടന്നു.

27ന് ആരംഭിച്ച ബ്രഹ് മകലശോത്സവത്തിന്റെയും മൂടപ്പസേവയുടെയും ഭാഗമായി വിവിധ പ്രദേശങ്ങളില്‍നിന്ന് ഭക്ഷ്യവിഭവങ്ങള്‍ കലവറയിലേക്ക് പ്രവഹിക്കുകയാണ്. ഇന്നലെയും ആയിരക്കണക്കിനാളുകള്‍ മദനന്തേശ്വര സന്നിധിയിലെത്തി. വൈകിട്ട് അഞ്ചിന് നടന്ന ദുര്‍ഗാ നമസ്‌കാര പൂജ, മണ്ഡപ സംസ്‌കാരം, അങ്കുരപൂജ എന്നിവയോടെ വൈദിക പരിപാടികള്‍ക്ക് സമാപനമായി. വൈകിട്ട് ധാര്‍മിക, സാംസ്‌കാരിക പരിപാടികള്‍ നടന്നു.

നാലിന് രാവിലെ അഞ്ചിന് 128 നാളികേര അഷ്ടദ്രവ്യ ഗണപതിയാഗവും മൂടപ്പ സേവയുടെ അരിമുഹൂര്‍ത്തം കുറിക്കുന്ന പ്രധാന ചടങ്ങ് നടക്കും. അഞ്ചിന് രാവിലെ ഒന്‍പതിന് മൂടപ്പസേവയുടെ അരികൊട്ടില്‍ മുഹൂര്‍ത്തം, ഉച്ചയ്ക്ക് ഉണ്ണിയപ്പമുണ്ടാക്കല്‍ തുടക്കം തുടങ്ങിയവ ഉണ്ടാവും.

ഇന്ന് രാവിലെ പൂര്‍ണ നവഗ്രഹഹോമം, അവഗാഹസേക ബിംബശുദ്ധി പ്രക്രിയ, വിശേഷാല്‍ പ്രായശ്ചിത്ത ഹോമം, വിശേഷ ശാന്തിഹോമം, അത്ഭുതശാന്തി ഹോമം തുടങ്ങിയവ നടന്നു. വൈകിട്ട് അഞ്ചിന് നവശക്തി ഹോമം, ജീവ കുംഭാധിവാസം, അഷ്ടബന്ധാധിവാസം, ഉപദേവതാ ഹംസ രൂപി സദാശിവ, കാശി വിശ്വനാഥ ലിംഗാധിവാസം, അധിവാസ ഹോമങ്ങള്‍ എന്നിവ നടക്കും.

ഇന്നും വിവിധ സാംസ്‌കാരിക പരിപാടികളും ധാര്‍മികസഭയും നടക്കുന്നുണ്ട്. രാവിലെ ഉഷാ ഈശ്വര്‍ ഭട്ടും സംഘവും അവതരിപ്പിക്കുന്ന സംഗീതക്കച്ചേരിയും തുടര്‍ന്ന് കൂഡ് ലു വിവേകാനന്ദ നഗര്‍മാതാ അമൃതാനന്ദമയി മഠം വേദവിദ്യാമൃത ചൈതന്യ സ്വാമിക്ക് പൂര്‍ണകുംഭ സ്വീകരണവും നടന്നു.

1.30ന് അഡൂര്‍ ദുര്‍ഗാവാഹിനി സംഘത്തിന്റെ നൃത്തവൈവിധ്യം. വൈകിട്ട് നാലിന് ഉഡുപ്പി ശിരൂര്‍ വേദവര്‍ധന തീര്‍ഥസ്വാമിക്ക് പൂര്‍ണകുംഭ വരവേല്‍പ്പ്. വൈകിട്ട് 7.30ന് ഡോ. പദ്മ സുബ്രഹ്‌മണ്യത്തിന്റെ ഭരതനാട്യം, 10.30ന് ഭക്തിരസമഞ്ജരി എന്നിവ നടക്കും.

Related Articles
Next Story
Share it