RAMADAN | 27-ാം രാവും അവസാന വെള്ളിയാഴ്ച രാവും ഒന്നിച്ചെത്തി; പ്രാര്‍ത്ഥനാ നിരതരായി വിശ്വാസികള്‍

കാസര്‍കോട്: ലൈലത്തുല്‍ ഖദ്ര് പ്രതീക്ഷിക്കുന്ന 27-ാം രാവും റമദാനിലെ അവസാന വെള്ളിയാഴ്ച രാവും ഒന്നിച്ചെത്തിയതോടെ വിശ്വാസികള്‍ ഒരുപോള കണ്ണടക്കാതെ തസ് ബീഹ് നിസ്‌കാരവും ഖുര്‍ആന്‍ പാരായണവും ഖിയാമുല്ലൈലിയും കൊണ്ട് പള്ളികളും വീടുകളും ഭക്തിസാന്ദ്രമാക്കി. പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സിയാറത്തും നടന്നു. വഴിനീളെ ചായ സല്‍ക്കാരവും മധുരപാനീയവും പായസവും ഒരുക്കി വിവിധ സംഘടനകള്‍ വിശ്വാസികളെ വരവേറ്റു.
ആയിരം മാസങ്ങളേക്കാള്‍ പുണ്യമേറിയ ലൈലത്തുല്‍ ഖദ്ര് ഏറെ പ്രതീക്ഷിക്കുന്ന റമദാനിലെ 27ാം രാവ് ഇന്നലെയായിരുന്നു. റമദാനിലെ അവസാന വെള്ളിയാഴ്ച രാവും ഒന്നിച്ച് വന്നതോടെ നോമ്പ് തുറന്ന ശേഷം വിശ്വാസികള്‍ പള്ളികളിലേക്ക് ഒഴുകി. ഇശാ നിസ്‌കാരവും തറാവീഹ് നിസ്‌കാരവും കഴിഞ്ഞ് പള്ളികളില്‍ ഇഅ് ത്തിക്കാഫിരുന്ന് ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകിയ അവര്‍ പാതിരാത്രിയില്‍ ദീര്‍ഘനേരം നീളുന്ന തസ് ബീഹ് നിസ്‌കാരത്തിലും പങ്കെടുത്തു. പല പള്ളികളിലും ഏറെനേരം നീണ്ട ദുആയും ഉണ്ടായിരുന്നു.
തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. തസ്ബീഹ് നിസ്‌കാരത്തിനും കൂട്ടുപ്രാര്‍ത്ഥനക്കും ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി നേതൃത്വം നല്‍കി. ആയിരകണക്കിന് വിശ്വാസികള്‍ രാത്രി മുഴുവനും പ്രാര്‍ത്ഥനാ നിരതരായി പള്ളിയെ ജീവസുറ്റതാക്കി. മാലിക് ദീനാര്‍ പള്ളിയിലേക്ക് വിവിധ മഹല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലും വിവിധ പ്രദേശങ്ങളില്‍ നിന്നും സിയാറത്ത് യാത്രകളും ഉണ്ടായിരുന്നു. മാലിക് ദീനാര്‍ മഖ് ബറയില്‍ പുലര്‍ച്ചെ വരെ കൂട്ടുപ്രാര്‍ത്ഥനകള്‍ നടന്നു.
റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് ജുമുഅ ഖുത്തുബയില്‍ ഇമാമുമാര്‍ വിശുദ്ധ റമദാന് ഹൃദയവേദനയോടെ വിടചൊല്ലും. അനുഗ്രഹീതമായ വിശുദ്ധമാസം വിട പറയാന്‍ ഒരുങ്ങുന്നതിന്റെ വേദനയിലാണ് വിശ്വാസികള്‍.