സ്വാദൂറും വിഭവങ്ങളുമായി റമദാന്‍ സ്റ്റാളുകള്‍ സജീവം

കാസര്‍കോട്: പേരുകള്‍ പോലും പറയാന്‍ പ്രയാസപ്പെടുന്ന നോമ്പുതുറ വിഭവങ്ങളുമായാണ് നഗരത്തിലെ റമദാന്‍ പലഹാര സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്. വിവിധ ഇനം സമൂസകള്‍ക്ക് പുറമെ കോഴിയട, ഇറച്ചിപ്പത്തിരി, കായ്‌പ്പോള, കല്ലുമ്മക്കായ, ഉന്നക്കായ, ചിക്കന്‍ബോണ്ട, ചിക്കന്റോള്‍, പഴം നുള്ളിയിട്ടത്, പോടി, ഉള്ളി ബജ, പള്ളിക്കെട്ട്, പള്ളിക്കറി എന്നു വേണ്ട പറയാന്‍ പോലും പ്രയാസപ്പെടുന്ന പുത്തന്‍ പേരുകളിലാണ് പുതിയ ഐറ്റംസുകള്‍ നഗരത്തിലെ റമദാന്‍ സ്റ്റാളുകളില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം പുതുതായി തിന്‍മേശയിലെത്തിയ ലാല്‍ കബാബ്, ലെമന്‍ കബാബ്, റഷ്യന്‍ കറ്റ്‌ലേറ്റ് എന്നിവക്കെല്ലാം ആവശ്യക്കാര്‍ […]

കാസര്‍കോട്: പേരുകള്‍ പോലും പറയാന്‍ പ്രയാസപ്പെടുന്ന നോമ്പുതുറ വിഭവങ്ങളുമായാണ് നഗരത്തിലെ റമദാന്‍ പലഹാര സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്. വിവിധ ഇനം സമൂസകള്‍ക്ക് പുറമെ കോഴിയട, ഇറച്ചിപ്പത്തിരി, കായ്‌പ്പോള, കല്ലുമ്മക്കായ, ഉന്നക്കായ, ചിക്കന്‍ബോണ്ട, ചിക്കന്റോള്‍, പഴം നുള്ളിയിട്ടത്, പോടി, ഉള്ളി ബജ, പള്ളിക്കെട്ട്, പള്ളിക്കറി എന്നു വേണ്ട പറയാന്‍ പോലും പ്രയാസപ്പെടുന്ന പുത്തന്‍ പേരുകളിലാണ് പുതിയ ഐറ്റംസുകള്‍ നഗരത്തിലെ റമദാന്‍ സ്റ്റാളുകളില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം പുതുതായി തിന്‍മേശയിലെത്തിയ ലാല്‍ കബാബ്, ലെമന്‍ കബാബ്, റഷ്യന്‍ കറ്റ്‌ലേറ്റ് എന്നിവക്കെല്ലാം ആവശ്യക്കാര്‍ ഏറെയാണെന്ന് എം.എസ് ബേക്കറി സെയില്‍സ് ഇന്‍ചാര്‍ജ് അംസു മേനത്ത് പറഞ്ഞു.
നഗരത്തിലെ റമദാന്‍ സ്റ്റാളുകള്‍ക്ക് പുറമെ ഹോട്ടലുകളിലും ബേക്കറികളിലും റമദാന്‍ വിഭവങ്ങളുടെ വില്‍പന തകൃതിയാണ്. ഹൈദരബാദില്‍ ഏറെ പ്രശസ്തവും പരമ്പരാഗത നോമ്പുതുറ വിഭവങ്ങളില്‍ ഒഴിച്ചുകൂടനാവാത്തതുമായ ഹൈദരബാദ് ഹലീമാണ് ഈ വര്‍ഷം കാസര്‍കോട്ടുകാര്‍ അറിഞ്ഞ പുതിയരുചി. പുതിയ ബസ് സ്റ്റാന്റിലെ ഫാത്തിമ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന സീതാപാനി റസ്റ്റോറന്റാണ് ഈ ഹൈദരബാദി രുചിക്കൂട്ട് കാസര്‍കോടിന് പരിചയപ്പെടുത്തുന്നത്. മാംസം, ഗോതമ്പ്, ശുദ്ധമായ നെയ്യ്, പരിപ്പ് വര്‍ഗങ്ങള്‍, അണ്ടിപരിപ്പ് തുടങ്ങിയവയ അടങ്ങിയതാണ് ഹലീമിലെ പ്രധാന ചേരുവകള്‍. ഇത് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷ്യ വിഭവമായതിനാല്‍ അവശ്യക്കാര്‍ ഏറെയാണെന്ന് സീതാപാനി കാസര്‍കോട് ബ്രാഞ്ച് മാനേജര്‍ സിറാജ് കുണിയ പറഞ്ഞു. കൂടാതെ ഇവിടത്തെ ഹൈദരബാദി ബിരിയാണിക്കും അവശ്യക്കാര്‍ ഏറെയാണ്.
പുതുമയാര്‍ന്നതും വ്യത്യസ്തവുമായ വിഭവങ്ങളുടെ രുചിപ്പെരുമ നാവിന്‍ തുമ്പില്‍ തൊട്ടതോടെ ഒട്ടേറെ പേരാണ് പുതുമയുള്ള പലഹാരങ്ങള്‍ തേടി വൈകുന്നേരങ്ങളില്‍ നഗരത്തിലെത്തുന്നത്. കല്യാണ വീടുകളിലെ സ്‌പെഷ്യല്‍ സല്‍ക്കാരങ്ങളിലെ മേശകളില്‍ മാത്രം പ്രത്യക്ഷപ്പെടാറുള്ള മുട്ട മാല, അലീസയടക്കമുള്ള പല വിഭവങ്ങളും ഈ വര്‍ഷം നോമ്പുതുറ സ്റ്റാളുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഉച്ച മുതല്‍ തുടങ്ങുന്ന റമദാന്‍ പലഹാര കച്ചവടങ്ങള്‍ വൈകുന്നേരത്തോടെ ഏറെ സജീവമാകുകയാണ്.
നോമ്പുതുറ കഴിഞ്ഞാല്‍ സജീവമാകുന്ന സ്റ്റാളുകളാണ് എം.ജി. റോഡില്‍ ആനവാതുക്കല്‍ എസ്.ബി.ഐക്ക് മുന്‍വശമുള്ള ഫുഡ് കോര്‍ട്ടുകള്‍. ഇവിടങ്ങളിലേക്ക് സുഹൃത്തുക്കളുമായും കുടുംബങ്ങളുമായും രാത്രി സമയങ്ങളില്‍ എത്തുന്നവര്‍ ഏറെയാണ്.
കാസര്‍കോട് നഗരത്തിന്റെ അടയാളമായ ബദ്‌രിയ ഹോട്ടല്‍ പകല്‍ സമയങ്ങളില്‍ അടഞ്ഞുകിടക്കുമെങ്കിലും സന്ധ്യ മുതല്‍ പുലര്‍ച്ചെ അത്താഴ സമയം വരെ റമദാന്‍ സ്‌പെഷ്യല്‍ ഭക്ഷണ കൂട്ടുമായി സജീവമാണ്. വൈസ്രോയി, റോയല്‍ഡൈന്‍ അടക്കമുള്ള നഗരത്തിലെ പ്രമുഖ ഹോട്ടലുകളിലും നോമ്പുതുറ വിഭവങ്ങള്‍ സമൃദ്ധമാണ്.
ഇഫ്താര്‍ പാര്‍ട്ടികള്‍ക്ക് തനത് കാസര്‍കോടന്‍ രുചികളടങ്ങിയ പലഹാരങ്ങളും അറേബ്യന്‍ രുചിക്കൂട്ടുകളുടെ വ്യത്യസ്തമായ വിഭവങ്ങളും വിവിധ തരം ഫുഡിങ്ങുകളും ഒരുക്കി കാസര്‍കോട്ടെ റസീസ് കിച്ചണടക്കം മറ്റു കാറ്ററിംഗ് സര്‍വീസുകളും റമദാന്‍ മാര്‍ക്കറ്റില്‍ സജീവമാണ്.

റഹീം ചൂരി

Related Articles
Next Story
Share it