നാഥനില്ലാതെ പൊതു ലൈബ്രറി; പുസ്തകങ്ങള്‍ ചിതലരിച്ച് നശിക്കുന്നു

ബദിയടുക്ക: അറിവിന്റെ വെളിച്ചം പകരേണ്ട ലൈബ്രറി പുസ്തകങ്ങള്‍ ചിതലരിച്ച് നശിക്കുമ്പോള്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപം. ബദിയടുക്ക പഞ്ചായത്തിന് കീഴില്‍ അമ്പത് വര്‍ഷം മുമ്പ് ബേളയിലെ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ലൈബ്രറിയില്‍ ലൈബ്രേറിയന്റെ സേവനം വര്‍ഷങ്ങളോളം ഉണ്ടായിരുന്നു. ദിനേന ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറു വരെയായിരുന്നു പ്രവര്‍ത്തനം. എന്നാല്‍ ലൈബ്രേറിയന്‍ സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറിപോയതോടെ പകരം ആളെ നിയമിച്ചില്ല. വര്‍ഷങ്ങളോളം തുറക്കാതെ പൂട്ടി കിടന്നിരുന്ന ലൈബ്രറി കെട്ടിടം കാലപ്പഴക്കം മൂലം തകരുകയും […]

ബദിയടുക്ക: അറിവിന്റെ വെളിച്ചം പകരേണ്ട ലൈബ്രറി പുസ്തകങ്ങള്‍ ചിതലരിച്ച് നശിക്കുമ്പോള്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപം. ബദിയടുക്ക പഞ്ചായത്തിന് കീഴില്‍ അമ്പത് വര്‍ഷം മുമ്പ് ബേളയിലെ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ലൈബ്രറിയില്‍ ലൈബ്രേറിയന്റെ സേവനം വര്‍ഷങ്ങളോളം ഉണ്ടായിരുന്നു. ദിനേന ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറു വരെയായിരുന്നു പ്രവര്‍ത്തനം. എന്നാല്‍ ലൈബ്രേറിയന്‍ സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറിപോയതോടെ പകരം ആളെ നിയമിച്ചില്ല. വര്‍ഷങ്ങളോളം തുറക്കാതെ പൂട്ടി കിടന്നിരുന്ന ലൈബ്രറി കെട്ടിടം കാലപ്പഴക്കം മൂലം തകരുകയും 2004ല്‍ പൊളിച്ച് നീക്കുകയും ചെയ്തു. പിന്നീട് ലൈബ്രറി സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റി. നാഥനില്ലാത്തതിനെ തുടര്‍ന്ന് പുസ്തകങ്ങള്‍ ചിതലരിച്ച് നശിക്കാനും തുടങ്ങി. വായനക്കാരുടെ നിരന്തരമായ അപേക്ഷ പരിഗണിച്ച് അവശേഷിക്കുന്ന പുസ്തകങ്ങള്‍ പരേതനായ കന്നട കവി ഡോ. നാഡോജ കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ പേരില്‍ പഞ്ചായത്തിന് കീഴില്‍ ബോളുക്കട്ടയില്‍ തുടക്കം കുറിച്ച ലൈബ്രറിയിലേക്ക് മാറ്റി. ഇവിടെ മുന്‍ പഞ്ചായത്ത് ഭരണ സമിതി ദിവസ വേതനാടിസ്ഥാനത്തില്‍ ഒരാളെ നിയമിച്ചിരുന്നു. ചുരുക്കം ചില മാസങ്ങള്‍ സേവനം ഉണ്ടായെങ്കിലും വര്‍ഷങ്ങളായി ലൈബ്രറി തുറക്കാതെ ഫര്‍ണ്ണിച്ചറുകളും പുസ്തകങ്ങളും നശിക്കുമ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. ലൈബ്രറിയില്‍ പഞ്ചായത്ത് ഫണ്ടില്‍ നിന്നും കന്നഡ, മലയാള പത്രങ്ങള്‍ ലഭ്യമാണെങ്കിലും അവയും ലൈബ്രറി തുറക്കാത്തതോടെ പുറത്ത് കിടന്ന് നശിക്കുകയാണ്.
പുതിയ ഭരണ സമിതി അടിയന്തിര ശ്രദ്ധചെലുത്തി ലൈബ്രറി തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് വായനക്കാരുടെ ആവശ്യം.

Related Articles
Next Story
Share it