ഉദുമ പടിഞ്ഞാര്‍ അംബിക വായനശാല ആര്‍ട്ട് സ് & സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ സില്‍വര്‍ ജൂബിലി ആഘോഷം; ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമായി
ആസൂത്രണം ചെയ്തിരിക്കുന്നത് ജൈവ പച്ചക്കറി കൃഷി, കറി പൗഡര്‍ നിര്‍മാണം, വ്യായാമം, ഡാന്‍സ് മ്യൂസിക് തെറാപ്പി അടക്കമുള്ള നിരവധി പരിപാടികള്‍

കാസര്‍കോട്: ഉദുമ പടിഞ്ഞാര്‍ അംബിക വായനശാല ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട് സ് ക്ലബ്ബിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമായി. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
രക്തദാന ക്യാമ്പ്, സൗജന്യ കാഴ്ച-കേള്‍വി പരിശോധനാ ക്യാമ്പ്, ആരോഗ്യബോധവല്‍ക്കരണ ക്ലാസ്, പുസ്തക ചര്‍ച്ച, വായനാക്കൂട്ടം, വിഷരഹിത- ജൈവപച്ചക്കറി കൃഷി, വ്യായാമം ശീലമാക്കുന്നതിന് ഡാന്‍സ് മ്യൂസിക് തെറാപ്പി, ജില്ലാതല ഫുട് ബോള്‍ ടൂര്‍ണ്ണമെന്റ്, മായമില്ലാത്ത കറി പൗഡര്‍ നിര്‍മ്മാണം, ഒരു മാസം നീണ്ടുനില്‍ക്കുന്ന വാക്കിംഗ് ചാലഞ്ച്, ജില്ലാതല കബഡി ടൂര്‍ണ്ണമെന്റ്, വീടുകളിലേക്ക് ഒരു പുസ്തകം 'വായനാവസന്തം' പദ്ധതി, പുസ്തക രചന, വനിതാ ശാക്തീകരണ പരിപാടികള്‍, ജൈവവൈവിധ്യ സെമിനാര്‍, മാലിന്യമുക്ത -ഹരിത ഗ്രന്ഥാലയം, വായനയാണ് ലഹരി, ഫുട് ബോള്‍ കോച്ചിംഗ് ക്യാമ്പ് തുടങ്ങിയവ അവയില്‍ ചിലതാണ്.
വിഷരഹിത ജൈവ പച്ചക്കറികള്‍ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കി മാറ്റുന്നതിന് ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. വെണ്ട, വഴുതിന, പച്ചമുളക്, തക്കാളി, കക്കരിക്ക തുടങ്ങിയവയുടെ 750 തൈകളും ചീരവിത്തും പരിസരത്തുള്ള 50 ലധികം വീടുകളില്‍ സൗജന്യമായി വിതരണം ചെയ്തു. മത്സരാടിസ്ഥാനത്തിലായിരിക്കും കൃഷി ചെയ്യുന്നത്. രണ്ടാഴ്ചയിലൊരിക്കല്‍ കമ്മിറ്റി വീടുകള്‍ സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തും.
ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായവും നല്‍കും. മികച്ച രീതിയില്‍ കൃഷി ചെയ്യുന്ന മൂന്ന് പേര്‍ക്ക് സമ്മാനം നല്‍കും. മായം കലര്‍ന്ന കറി പൗഡറുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി മായമില്ലാത്ത കറി പൗഡറുകള്‍ എല്ലാ വീടുകളിലും സ്വയം നിര്‍മ്മിക്കുന്നതിനുള്ള പ്രോത്സാഹനം എന്ന നിലയില്‍ കറിപൗഡര്‍ നിര്‍മ്മാണ മത്സരം എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 4 മണിക്ക് സംഘടിപ്പിക്കും. ഏപ്രില്‍ 27 ന് രസം പൊടി, മെയ് 4 ന് ചിക്കന്‍ മസാല, മെയ് 11 ന് ഖരം മസാല, മെയ് 18 ന് സാമ്പാര്‍പൊടി എന്നിവയായിരിക്കും മത്സരാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുക.
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലര്‍ക്കും കൃത്യമായ വ്യായാമം ചെയ്യുന്നതിന് സമയം കിട്ടുന്നില്ല എന്നതാണ് പുതിയ തലമുറ നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇത് പരിഹരിക്കുന്നതിന് വീട്ടിലിരുന്ന് വ്യായാമം ചെയ്യുന്നതിനായി എല്ലാ ദിവസവും രാവിലെ സൂം പ്ലാറ്റ് ഫോമില്‍ ഓണ്‍ലൈനായി ഡാന്‍സ് മ്യൂസിക്ക് തെറാപ്പി ആരംഭിച്ചു. പാട്ടിന്റെ താളത്തിനനുസരിച്ച് ചുവട് വയ്ക്കുന്ന ഒരു വ്യായാമമുറയാണിത്. ദിവസേന നൂറിലധികം സ്ത്രീകള്‍ ഈ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു.
നടത്തം നമ്മുടെ ജീവിതത്തിന്റെ ഭാഗമല്ലാതായിത്തീര്‍ന്നുകൊണ്ടിരിക്കുകയാണല്ലോ. നടത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ഏപ്രില്‍ 28 മുതല്‍ മെയ് 28 വരെ വാക്കിംഗ് ചാലഞ്ച് എന്ന പേരില്‍ ഒരു പരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കും. സ്ട്രാവാ എന്ന ആപ്പാണ് ഇതിനായി ഉപയോഗിക്കുക. ലോകത്തെവിടെയുള്ള ആളിനും ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഈ ഒരു മാസത്തിനിടയില്‍ നൂറ് കിലോമീറ്റര്‍ നടന്ന് പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും പൊതുവേദിയില്‍ വെച്ച് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
ജനപ്രതിനിധികള്‍, വിദഗ്ദ്ധര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, സാംസ്‌കാരിക നായകന്മാര്‍, നാട്ടിലെ കലാകാരന്‍മാര്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടികളില്‍ സംബന്ധിക്കും. വ്യത്യസ്തവും സമൂഹത്തിന് ഗുണകരവുമായ പ്രവര്‍ ത്തനങ്ങളാണ് ക്ലബ്ബ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ നാടിന്റെ പൂര്‍ണ്ണമായ പങ്കാളിത്തവും സഹകരണവും പ്രതീക്ഷിക്കുന്നതായി ക്ലബ്ബിന്റെ ഭാരവാഹികള്‍ അറിയിച്ചു. വാക്കിംഗ് ചാലഞ്ച്, കറി പൗഡര്‍ നിര്‍മ്മാണ മത്സരം എന്നിവയ്ക്ക് പേര് നല്‍കാനാഗ്രഹിക്കുന്നവര് 6238741453, 8086005528 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സി.കെ.വേണു, കണ്‍വീനര്‍ പി.ടി.രജീഷ്, ട്രഷറര്‍ മധു.എന്‍, പ്രദീപ്.ബി, അഭിലാഷ്. കെ.വി, ബീന.ഇ, സുജാത ഗംഗാധരന്‍, ദേവന്‍.സി.കെ, ഉണ്ണികൃഷ്ണന്‍.സി.കെ, ശിവപ്രസാദ്. സി, പ്രസാദ് കുമാര്‍.ബി, മനോജ്.എന്‍ എന്നിവര്‍ സംബന്ധിച്ചു.