സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന് ശക്തി പകരാന്‍ ആശമാരുടെ രാപകല്‍ സമര യാത്ര മെയ് 5-ന് കാസര്‍കോട് നിന്നും ആരംഭിക്കും
ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറാകാത്ത സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

കാസര്‍കോട്: സെക്രട്ടേറിയറ്റിന് മുന്നില്‍ ദിവസങ്ങളായി നടന്നു വരുന്ന സമരത്തിന് പിന്നാലെ സംസ്ഥാനത്തെ ആശമാര്‍ രാപകല്‍ സമര യാത്രയും സംഘടിപ്പിക്കുന്നു. ആശമാരുടെ സംഘടന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പട്ടിണിയില്ലാതെ ജീവിക്കാന്‍ ആവശ്യമായ ഓണറേറിയം വര്‍ധിപ്പിക്കണമെന്നും വിരമിക്കല്‍ ആനുകൂല്യമായി ഒരു തുക പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ ദിവസങ്ങളായി സമരം നടന്നുവരികയാണ്.
ആശമാരുടെ രാപകല്‍ അതിജീവന സമരം 78 ദിവസവും അനിശ്ചിതകാല നിരാഹാരസമരം 40 ദിവസവും പിന്നിടുകയാണ്. എന്നാല്‍ ഇതിലൊന്നും സര്‍ക്കാര്‍ തെല്ലും വഴങ്ങിയിട്ടില്ല. സംസ്ഥാനത്തെ ഒരു സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ലാത്ത ജനാധിപത്യവിരുദ്ധ സമീപനമാണ് സമൂഹത്തിലെ ഏറ്റവും ദരിദ്രരായ സ്ത്രീ തൊഴിലാളികളുടെ ഈ സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംഘടനാ നേതാക്കള്‍ ആരോപിച്ചു.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പൊതുസമൂഹം ഒന്നടങ്കം ആശാസമരത്തിന്റെ ന്യായയുക്തതയെ പിന്തുണച്ചിട്ടും സര്‍ക്കാര്‍ ഈ മിനിമം ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. ഒരു തൊഴിലാളി സമരം ചെറിയ അളവില്‍ പോലും വിജയിക്കുന്നത് തടയുക എന്ന മുതലാളി വര്‍ഗ താല്‍പര്യം മാത്രമാണ് സര്‍ക്കാര്‍ ആശമാരുടെ ആവശ്യം അംഗീകരിക്കാത്തതിന്റെ കാരണം. സര്‍ക്കാര്‍ സമരങ്ങളോട് പുലര്‍ത്തുന്ന ധാര്‍ഷ്ട്യത്തിന്റെയും സങ്കുചിതത്വത്തിന്റെയും സമീപനം ജനാധിത്യപത്യ വ്യവസ്ഥക്ക് വെല്ലുവിളിയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
ഇത്തരം ഒരു സാഹചര്യത്തില്‍ ഈ സമരത്തെ പിന്തുണക്കുന്ന പൗര സമൂഹത്തിന്റെ പ്രത്യേകിച്ചും, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെ, അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് സെക്രട്ടേറിയറ്റിന് മുമ്പിലെ രാപകല്‍ അതിജീവന സമരത്തോടൊപ്പം, ഈ സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്ന വിധത്തില്‍ ആശമാരുടെ രാപകല്‍ സമര യാത്ര ആരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരവും സംഘടന അറിയിച്ചു.
മെയ് 5 മുതല്‍ കാസര്‍കോട് നിന്നും ആരംഭിച്ച് ജൂണ്‍ 17 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ഈ സമരയാത്ര സംസ്ഥാനത്തെ സ്ത്രീ തൊഴിലാളി മുന്നേറ്റങ്ങളില്‍ അഭൂതപൂര്‍വ്വമായ ഒന്നായിത്തീരും എന്നും സംഘടന പറഞ്ഞു. സ്ത്രീ തൊഴിലാളി സമരത്തിന്റെ ഉജ്ജ്വല മാതൃകയായി മാറിയ ആശാ സമരത്തിന്റെ നേതാവ്, കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദുവാണ് സമര യാത്രയുടെ ക്യാപ്റ്റന്‍. സര്‍വ്വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന സ്ത്രീ തൊഴിലാളി അവകാശ മെയ് ദിന റാലിയോടനുബന്ധിച്ച് സമര യാത്രയുടെ ഫ് ളാഗ് ഓഫ് നടക്കും.
രണ്ടോ മൂന്നോ ദിവസങ്ങള്‍ ഓരോ ജില്ലകളിലും സഞ്ചരിക്കുന്ന ഈ സമരയാത്ര രാത്രികളില്‍ സെക്രട്ടറിയേറ്റിന് മുമ്പിലെ രാപകല്‍ സമരത്തിന് സമാനമായി തെരുവുകളില്‍ തന്നെ അന്തിയുറങ്ങും. മെയ് 5-ന് രാവിലെ 10 മണിക്ക് കാസര്‍കോട് ബസ് സ്റ്റാന്റില്‍ നിന്നും യാത്ര ആരംഭിക്കും.
ജില്ലയിലെ യാത്രാ റൂട്ട് വിവരങ്ങള്‍
മെയ് 5
കാസര്‍കോട് 10 AM
ബദിയടുക്ക 12 PM
കുറ്റിക്കോല്‍ 3 PM
കാഞ്ഞങ്ങാട് 5PM
മെയ് 6
പരപ്പ 9.30
നീലേശ്വരം 11.30
ചെറുവത്തൂര്‍ 3PM
കാലിക്കടവ് 5PM
അധ്വാനിക്കുന്നവരുടെ അവകാശങ്ങള്‍ പ്രത്യേകിച്ച്, സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും സ്ഥാപിച്ചെടുക്കാന്‍ ജനാധിപത്യവിരുദ്ധ സംസ്‌കാരം പ്രകടിപ്പിക്കുന്ന ഒരു സര്‍ക്കാരിന്റെ മുമ്പില്‍ നടത്തുന്ന ഈ സമരയാത്രയെ പൊതുസമൂഹം നിസ്സീമമായി സഹായിക്കും എന്ന് സംഘടന നേതാക്കള്‍ പറഞ്ഞു.
ഓരോ ജില്ലകളിലും ഞങ്ങളെ പിന്തുണയ്ക്കുന്ന നൂറുകണക്കിനുള്ള സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍, വ്യക്തികള്‍, മത-സമുദായിക വ്യക്തിത്വങ്ങള്‍, വിവിധ തലത്തിലുള്ള ജനപ്രതിനിധികള്‍, തൊഴിലാളികള്‍, യുവാക്കള്‍ തുടങ്ങിയവരൊക്കെ മുന്‍കൈയെടുത്തുകൊണ്ട് സമരയാത്രയെ സ്വീകരിക്കുവാന്‍ ജില്ലാതല സ്വാഗത സംഘങ്ങള്‍ രൂപീകരിക്കും എന്നും നേതാക്കള്‍ അറിയിച്ചു.
14 ജില്ലകളിലെയും വിവിധ നഗരങ്ങളില്‍ നടക്കുന്ന സ്വീകരണ സമ്മേളനങ്ങളില്‍ ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. 45 ദിവസങ്ങള്‍ യാത്ര ചെയ്ത് സമരയാത്ര ജൂണ്‍ 17ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പില്‍ എത്തിച്ചേരുമ്പോള്‍ സംസ്ഥാനത്തെ ആശാപ്രവര്‍ത്തകര്‍ ഒന്നടങ്കം ഈ സമരയാത്രയില്‍ അണിചേരും. സമരയാത്രയെ ജില്ലയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സ്വാഗത സംഘം 29 ന് 10 മണിക്ക് കാസര്‍കോട് വ്യാപാരഭവനില്‍ ചേരും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി, ഷീല.കെ.ജെ, റോസ് ലി ജോണ്‍ എന്നിവര്‍ സംബന്ധിച്ചു.