അഖിലേന്ത്യാ ആണവവിരുദ്ധ സമ്മേളനം ഏപ്രില്‍ 26, 27 തീയ്യതികളില്‍ ചീമേനിയില്‍

കണ്‍വെന്‍ഷന്‍ ചെര്‍ണോബില്‍ ഭിനത്തില്‍ ഏപ്രില്‍ 26ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പ്രശസ്ത ആണവ ശാസ്ത്രജ്ഞന്‍ ഡോ.സുരേന്ദ്ര ഗഡേക്കര്‍ ഉദ് ഘാടനം ചെയ്യും.

കാസര്‍കോട്: ഏപ്രില്‍ 26, 27 തീയതികളില്‍ ചെര്‍ണോബില്‍ ദിനത്തില്‍ ചീമേനിയില്‍ അഖിലേന്ത്യാ തലത്തിലുള്ള ആണവ വിരുദ്ധ പ്രവര്‍ത്തകര്‍ ഒത്തുകൂടി അഖിലേന്ത്യ ആണവവിരുദ്ധ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ചീമേനി ശ്രീധര്‍മ്മശാസ്ത ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ചെര്‍ണോബില്‍ ഭിനത്തില്‍ ഏപ്രില്‍ 26ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പ്രശസ്ത ആണവ ശാസ്ത്രജ്ഞന്‍ ഡോ.സുരേന്ദ്ര ഗഡേക്കര്‍ ഉദ് ഘാടനം ചെയ്യും.

രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനത്തെ ഡോ. സൗമ്യ ദത്ത, ഡോ.സാഗര്‍ ധാര, ഡോ.എസ്.പി ഉദയകുമാര്‍, മീര സംഗമിത്ര, മുന്‍ കേന്ദ്ര ഊര്‍ജ വകുപ്പ് സെക്രട്ടറി ഇ.എ.എസ് ശര്‍മ്മ, ഡോ.എം.വി രമണ, ഡോ: ശ്രീകുമാര്‍ എന്നിവര്‍ അഭിസംബോധന ചെയ്യും.

ചീമേനിയിലെ നിര്‍ദ്ദിഷ്ട ആണവ നിലയ പദ്ധതി ഉപേക്ഷിക്കുക, ആണവ അപകടബാധ്യതാനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം കേന്ദ്ര ഗവര്‍മെന്റ് ഉപേക്ഷിക്കുക, സ്വകാര്യ ആണവ നിലയ സ്ഥാപനത്തിനായി കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ച ബജറ്റ് വിഹിതം റദ്ദാക്കുക, കേരളത്തില്‍ ആണവനിലയം സ്ഥാപിക്കില്ലെന്ന് സംസ്ഥാന ഗവണ്‍മെന്റ് അസന്നിഗ്ധമായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ചീമേനിയില്‍ സമ്മേളനം നടക്കുന്നത്.

2023 ഡിസംബറില്‍ കേരള ഊര്‍ജ്ജ വകുപ്പിന്റെ ഉന്നതര്‍ ബാബ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബോംബെ ) സന്ദര്‍ശിക്കുകയും കെ.എസ്.ഇ.ബി ചെയര്‍മാനും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. കൂടിക്കാഴ്ചയില്‍ കേരളത്തിലെ ഒരു ആണവ നിലയ സ്ഥാപനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു എന്നതും വസ്തുതയാണ്.

കേരളം ആവശ്യമായ ഭൂമി നല്‍കുകയാണെങ്കില്‍ കേരളത്തില്‍ ഒരു ആണവനിലയം സ്ഥാപിക്കുന്നതിന് കേന്ദ്രം സന്നദ്ധമാണെന്നും ഏറ്റവും അനുയോജ്യമായ സ്ഥലം കാസര്‍കോട്ടെ ചീമേനിയാണ് എന്നും 2024 ഡിസംബര്‍ 21ന് കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി മനോഹര്‍ ഖട്ടര്‍ പ്രഖ്യാപിക്കുകയുണ്ടായി. കോവളത്ത് ഊര്‍ജ്ജ മേഖലയുമായും നഗര കാര്യങ്ങളുമായും ബന്ധപ്പെട്ട് നടന്ന ഒരു ഉന്നതല യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം പരസ്യമായി പറഞ്ഞത്.

കേരളത്തില്‍ ഒരു ആണവനിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നും ആണവ നിലയ സ്ഥാപനത്തിന് സജീവമായി പരിഗണിക്കപ്പെടുന്ന ഒരു ഇടമാണ് ചീമേനി എന്നും ഔദ്യോഗികമായി തന്നെ വെളിപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ ഒരു ആണവനിലയം സ്ഥാപിക്കില്ല എന്ന് അസന്നിഗ്ധമായി കേരള സര്‍ക്കാര്‍ പ്രഖ്യാപിക്കണം എന്നുള്ള ആവശ്യം ഉയര്‍ത്തുന്നത്.

ഭാരിച്ച ചെലവ്, ഒരിക്കലും പ്രവചിക്കാന്‍ കഴിയാത്ത അപകടസാധ്യത, പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന വികിരണ ഭീഷണി ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍, ആണവ മാലിന്യങ്ങള്‍ എങ്ങനെ നിര്‍മാര്‍ജനം ചെയ്യും എന്നതിന് ഇപ്പോഴും സാങ്കേതിക വ്യക്തതയില്ലാത്ത സാഹചര്യം, ആണവ ഇന്ധന ചക്രത്തിന്റെ മുഴുവന്‍ ഘട്ടങ്ങളിലും മനുഷ്യനും പ്രകൃതിക്കും എതിരെ ഉയര്‍ത്തുന്ന കടുത്ത വെല്ലുവിളി, അപൂര്‍വ്വ വിഭവമായി മാറിക്കൊണ്ടിരിക്കുന്ന ജലത്തിന്റെയും വൈദ്യുതിയുടേയും അമിതമായ ഉപയോഗം ഇവയൊക്കെ ചേര്‍ന്ന് ഒറ്റനോട്ടത്തില്‍ തന്നെ തള്ളിക്കളയാവുന്ന ഒരു സാങ്കേതികവിദ്യയായി ലോകം ഇന്ന് ആണവ നിലയങ്ങളെ തിരിച്ചറിയുകയാണ്.

2001ല്‍ ലോകത്ത് 444 ആണവ നിലയങ്ങള്‍ പ്രവര്‍ത്തിച്ച സ്ഥാനത്ത് ഇന്ന് 400 ഓളം നിലയങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ലോകത്തെ മൊത്തം വൈദ്യുതോത്പാദനത്തിന്റെ 10% മാത്രമാണ് ഇപ്പോഴും ആണവ വിഹിതം. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഇതര വൈദ്യുതോത്പാദന മാര്‍ഗ്ഗങ്ങള്‍ വമ്പന്‍ വര്‍ധനവ് രേഖപ്പെടുത്തിയപ്പോഴും ആണവ റിയാക്ടറുകള്‍ 30 വര്‍ഷം മുമ്പുള്ള അതേ അവസ്ഥയില്‍ തന്നെ തുടരുകയാണ്.

ഇന്ത്യയുടെ മൊത്തം വൈദ്യുതോത്പാദനശേഷി 2024 ഡിസംബറിലെ കണക്കനുസരിച്ച് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് 237269 MW, ഫോസില്‍ ഇതര മാര്‍ഗങ്ങളില്‍ നിന്ന് 174322 MW എന്നിങ്ങനെയാണ്. ഫോസില്‍ ഇത്തരത്തില്‍ കാറ്റ്, സൗരം, ബയോമാസ് എന്നിവയില്‍ നിന്ന് 125692 MW, ജലവൈദ്യുതി 46850 Mw ആണവം 6780 Mw എന്നിങ്ങനെയാണ് വൈദ്യുതി വിഹിതം.

2014 ലെ 2500Mwല്‍ നിന്ന് 2024 നവംബര്‍ ആകുമ്പോഴേക്കും സൗരവൈദ്യുതിയുടെ വിഹിതം 94160 MW ആയി കുതിച്ചുയര്‍ന്നിരിക്കുന്നു. കാറ്റില്‍ നിന്നുള്ള വൈദ്യുതി 47360 MW ആയി കുതിച്ചുയര്‍ന്നിരിക്കുന്നു. കാല്‍ നൂറ്റാണ്ടു മുമ്പ് രാജ്യത്തില്ലാതിരുന്ന ശ്രോതസ്സുകളാണിവ. എന്നാല്‍ 1950 കള്‍ തൊട്ട് ഗവേഷണവും 69 തൊട്ട് ഉല്പാദനവുമുള്ള ആണവ വൈദ്യുതി ഇന്നും വെറും 6780 MW മാത്രമാണെന്നത് ഇന്ത്യന്‍ വിദ്യുച്ഛക്തി ഉല്പാദനത്തില്‍ ആണവ വൈദ്യുതിക്ക് കാര്യമായ പങ്കാന്നും ഇല്ല എന്നതിന് തെളിവാണ്.

ചീമേനിയില്‍ ഇപ്പോള്‍ തന്നെ CIAL ന്റ സോളാര്‍ വൈദ്യുത നിലയം പ്രവര്‍ത്തിക്കുന്നുണ്ട്. സൗരവൈദ്യുതി ഉല്‍പ്പാദനത്തിന് ഉള്ള സാധ്യത ഇനിയും നിലനില്‍ക്കുന്നുണ്ട്. അപകട സാധ്യത കുറഞ്ഞതും പരിസ്ഥിതി സൗഹൃദ പരമായതും ആഗോള താപനം തടയുന്നതുമായ വൈദ്യുതി പദ്ധതികള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആണവ വിരുദ്ധ പ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ഡി സുരേന്ദ്രനാഥ് (ചെയര്‍മാന്‍, ആണവ നിലയ വിരുദ്ധ ജനജാഗ്രതാ സമിതി), എന്‍.സുബ്രഹ്‌മണ്യന്‍ (കണ്‍വീനര്‍), കരിമ്പില്‍ കൃഷ്ണന്‍ (ചെയര്‍മാന്‍, സ്വാഗത സംഘം), ദാമോദരന്‍ കെ.എം (കണ്‍വീനര്‍), സുഭാഷ് ചീമേനി (പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍),വി.കെ രവീന്ദ്രന്‍, മേരീ എബ്രഹാം, അഡ്വ.ടി.വി രാജേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it