കുമ്പളയില്‍ ടോള്‍ ഗേറ്റ് സ്ഥാപിക്കാനുള്ള നീക്കം പ്രക്ഷോഭത്തിലൂടെ ചെറുക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി

നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ആക്ഷന്‍ കമ്മിറ്റി

കാസര്‍കോട്: നിലവില്‍ ദേശീയപാത 66ല്‍ തലപ്പാടിയില്‍ ടോള്‍ ഗേറ്റ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ 20 കി.മീ. ദൂരപരിധിയിലുള്ള കുമ്പളയില്‍ കൂടി ടോള്‍ ഗേറ്റ് സ്ഥാപിക്കാനുള്ള നീക്കം ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുക്കുമെന്ന് മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ് റഫും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും പത്രസമ്മേളനത്തില്‍ അറിയിച്ചു.

രണ്ട് ടോള്‍ ഗേറ്റുകള്‍ തമ്മില്‍ 60 കി.മീ ദൂരവ്യത്യാസം വേണമെന്നിരിക്കെ കുമ്പളയില്‍ ടോള്‍ ഈടാക്കുന്നത് അന്യായവും ജനങ്ങളെ ഭാരമേല്‍പിക്കുന്നതുമാണ്. 60 കി.മീറ്ററിനുള്ളില്‍ ടോള്‍ പിരിക്കില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതാണ്. ഇതിന് കടക വിരുദ്ധമായാണ് ദേശീയപാത അതോറിറ്റി കുമ്പളയില്‍ ടോള്‍ പിരിക്കാനിറങ്ങുന്നത്.

തലപ്പാടി-ചെങ്കള ആദ്യ റീച്ച് പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ടെന്നും സെക്കന്റ് റീച്ച് പ്രവൃത്തി പൂര്‍ത്തിയാകാത്തതിനാല്‍ താല്‍ക്കാലികമായിട്ടാണ് കുമ്പളയില്‍ ടോള്‍ പിരിക്കുന്നതെന്നുമാണ് അധികൃതര്‍ പറയുന്നത്. അന്യായമായ ടോള്‍ പിരിവിനെതിരെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യാപാരികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുത്ത് തോല്‍പിക്കുമെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അവര്‍ അറിയിച്ചു.

കുമ്പളയില്‍ ടോള്‍ ഗേറ്റ് സ്ഥാപിക്കുന്നതില്‍ അഭിപ്രായം ആരാഞ്ഞ് ദേശീയപാത അധികൃതര്‍ എം.എല്‍എക്കും ഗ്രാമപഞ്ചായത്തിനും അറിയിപ്പ് നല്‍കിയെന്ന പ്രചരണം വാസ്തവ വിരുദ്ധവും പൊതുജനങ്ങളില്‍ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും ഉണ്ടാക്കി സമരങ്ങളെ വഴിതിരിച്ച് വിടാനുള്ള തല്‍പരകക്ഷികളുടെ ഗൂഢാലോചനയാണെന്നും അവര്‍ പറഞ്ഞു.

കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ്, അഷ് റഫ് കര്‍ള, നാസര്‍ മൊഗ്രാല്‍, ബി.എ. റഹ്‌മാന്‍, സി.എ സുബൈര്‍, വി.വി രമേശന്‍, ലക്ഷ്മണ പ്രഭു, അഹമ്മദലി കുമ്പള, താജുദ്ദീന്‍ മൊഗ്രാല്‍, നാസര്‍ ബംബ്രാണ എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it