4ാം വാര്‍ഷികാഘോഷം: എല്‍.ഡി.എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ബഹുജന റാലി 21 ന് കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ് ഘാടനം ചെയ്യും

കാസര്‍കോട്: കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 21 ന് വൈകിട്ട് നാലുമണിക്ക് കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ എല്‍.ഡി.എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ബഹുജന റാലി സംഘടിപ്പിക്കും.

വാര്‍ത്താസമ്മേളനത്തില്‍ എല്‍.ഡി.എഫ് നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ് ഘാടനം ചെയ്യും. മന്ത്രിമാരായ കെ രാജന്‍, എ കെ ശശീന്ദ്രന്‍, മറ്റ് ഘടകക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിക്കും.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ തലത്തില്‍ 21 മുതല്‍ 27 വരെ കാലിക്കാവില്‍ സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയും 21 ന് 11.30 ന് പടന്നക്കാട് ബേക്കല്‍ ക്ലബ്ബ് ഹാളില്‍ നടക്കുന്ന ജില്ലയിലെ വിവിധ മേഖലയിലെ പ്രമുഖരുമായി മുഖ്യമന്ത്രി നടത്തുന്ന അഭിമുഖ പരിപാടിയും പ്രത്യേകമായി സംഘടിപ്പിക്കുന്നുണ്ട്. പരിപാടികള്‍ വിജയിപ്പിക്കാനുള്ള ഇടപെടലുകള്‍ എല്‍ഡിഎഫ് നടത്തുന്നുണ്ട്.

എല്‍.ഡി.എഫ് ഭരണത്തില്‍ കേരളത്തില്‍ വിവിധ മേഖലകളില്‍ നടപ്പിലാക്കിയ മാതൃകാപരമായ വികസന ക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് റാലി സംഘടിപ്പിക്കുന്നത്. കേന്ദ്ര ബിജെപി സര്‍ക്കാര്‍ കേരളത്തോട് സ്വീകരിക്കുന്ന രാഷ്ട്രീയ പ്രതികാരപരമായ കടുത്ത അവഗണനകള്‍ക്കിടയിലും, അതേ കേന്ദ്ര സര്‍ക്കാര്‍ സംവിധാനമായ നീതി ആയോഗിന്റെ നിരവധി പുരസ്‌ക്കാരങ്ങള്‍, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍, ക്രമസമാധാനപാലന മികവ്, ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പാര്‍പ്പിട നിര്‍മാണം, മത്സ്യമേഖലയിലെ ഇടപെടലുകള്‍, ശുചിത്വ പദ്ധതികള്‍, അതിദാരിദ്ര നിര്‍മാര്‍ജനം തുടങ്ങി വിവിധ മേഖലകളില്‍ നേട്ടം കൊയ്യാന്‍ കേരളത്തിന് കഴിഞ്ഞതില്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മാതൃകകള്‍ അടിവരയിടുന്നുണ്ട്.

ദേശീയപാത നിര്‍മാണത്തിലെ ഗെയില്‍ പൈപ്പ് ലൈന്‍ പൂര്‍ത്തീകരണത്തിലെ കേരളത്തിന്റെ ഇടപെടലുകളും പ്രശംസിക്കപ്പെട്ടു. കേരള ചരിത്രത്തില്‍ വികസനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ റെക്കോഡ് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞ കാലഘട്ടമാണ് 2016 -2024.

കാസര്‍കോട് ജില്ലയിലും എല്‍.ഡി.എഫ് ഭരണകാലത്ത് മികച്ച നിലയില്‍ വികസന പദ്ധതികള്‍ നേടിയെടുക്കാനായി. ഒമ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ 16,000 കോടി രൂപയുടെ പദ്ധതികള്‍ നേടിയെടുക്കാന്‍ കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമായ വിഹിതത്തിന് പുറമെയാണിത്.

കേരളം ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പുള്ള ദീര്‍ഘമായ ഒരു കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഭരണവും ജന്മി മേധാവിത്വവും സാധാരണ ജനങ്ങളുടെ ജീവിതത്തിനുനേരെ നടത്തിയ അടിച്ചമര്‍ത്തലുകള്‍ക്കും, മറ്റ് ഒട്ടനവധി സാമൂഹ്യ തിന്മകള്‍ക്കെതിരെ, നവോത്ഥാന -ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ നടത്തിയ ഐതിഹാസിക പോരാട്ടങ്ങളുടെ പൈതൃകം പിന്തുടര്‍ന്നുകൊണ്ട് കമ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വിവിധ തലങ്ങളില്‍ നടത്തിയ ജനകീയ സമരങ്ങളും, 1957 ല്‍ വിവിധ ഘട്ടങ്ങളില്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാറുകളുടെ നയങ്ങളും നിര്‍മാണങ്ങളുമാണ് കേരളീയ ജീവിതത്തെ പുരോഗമനപരമായി മാറ്റി തീര്‍ത്തതെന്ന ചരിത്ര യാഥാര്‍ത്ഥ്യം ബഹുജനങ്ങളിലും പ്രത്യേകിച്ച് പുതിയ തലമുറയിലുമെത്തിക്കുന്നതിനായി നാലാം വാര്‍ഷികത്തിന്റെ ഭാഗമായും വീട്ടുമുറ്റ കൂട്ടായ്മകള്‍ നടന്നു വരികയാണ്. തുടര്‍ന്നുമുള്ള ഘട്ടങ്ങളില്‍ എല്‍.ഡി.എഫ് ഈ ക്യാംപെയ് ന്‍ തുടരുമെന്നും നേതാക്കള്‍ അറിയിച്ചു.

ഇതോടൊപ്പം മനുഷ്യരെ ഭിന്നിപ്പിക്കുന്ന വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ കൊടുംവിഷം ജനമനസ്സില്‍ അടിച്ചേല്‍പ്പിക്കാന്‍ ബി.ജെ.പിയും- ആര്‍.എസ്.എസും കേരളത്തില്‍ നടത്തി വരുന്ന ഹീന ശ്രമങ്ങളോടൊപ്പം ന്യൂനപക്ഷ വര്‍ഗ്ഗീയ സംഘടനകളുടെ ഇടപെടലുകളും സാമൂഹ്യ വിപത്തായി കേരളം അഭിമുഖീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശ്രീ നാരായണഗുരു ഉള്‍പ്പെടെ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ പിന്തുടരുന്ന ഇടതു ജനാധിപത്യ പ്രസ്താനത്തെ ശക്തിപ്പെടുത്താനുളള വിവിധ പ്രവര്‍ത്തനങ്ങള്‍ എല്‍.ഡി.എഫ് സജീവമായി ഏറ്റെടുക്കും.

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ വികസന നേട്ടങ്ങളെ തമസ്‌ക്കരിക്കാനുള്ള ലക്ഷ്യത്തോടെ യുഡിഫും ബി.ജെ.പിയും നടത്തിവരുന്ന കളള പ്രചാരണങ്ങളെ തുറന്നുകാട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും നേതാക്കള്‍ അറിയിച്ചു. ബഹുജന റാലിയിലേക്ക് എല്ലാ ജനാധിപത്യവിശ്വാസികളെ നേതാക്കള്‍ സ്വാഗതം ചെയ്തു.

വാര്‍ത്താസമ്മേളനത്തില്‍ എല്‍.ഡി.എഫ് ജില്ലാകണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍, സി.പി.ഐ.എം ജില്ലാസെക്രട്ടറി എം രാജഗോപാലന്‍, കെ.വി കൃഷ്ണന്‍(സി.പി.ഐ), അസീസ് കടപ്പുറം(ഐ.എന്‍.എല്‍), ഷിനോജ് ചാക്കോ (കേരളാ കോണ്‍ഗ്രസ് എം), പി.പി രാജു (ജെ.ഡി.എസ്), സി. ബാലന്‍ (എന്‍.സി.പി.എസ്), അഹമ്മദലി കുമ്പള(ആര്‍.ജെ.ഡി), എം അനന്തന്‍ നമ്പ്യാര്‍ (കോണ്‍ഗ്രസ്. എസ്), പി.ടി നന്ദകുമാര്‍ (കേരളാ കോണ്‍ഗ്രസ് ബി), രതീഷ് പുതിയ പുരയില്‍ (കേരളാ കോണ്‍ഗ്രസ് എസ്) എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it