ന്യൂനമര്‍ദ്ദം: യുഎഇയില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം

ദുബായ്: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് യുഎഇയില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബുധനാഴ്ച മുതല്‍ രാജ്യത്ത് പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

യുഎഇയിലെങ്ങും കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് പൊടിക്കാറ്റ് അനുഭവപ്പെട്ടു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറ്റ് വീശുകയും ചെയ്തു. അബുദാബിയില്‍ രാവിലെയും കനത്ത മൂടല്‍മഞ്ഞ് റിപ്പോര്‍ട്ട് ചെയ്തു. ഇത് ദൃശ്യപരത കുറയാന്‍ കാരണമായി. തുടര്‍ന്ന് യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

പടിഞ്ഞാറന്‍ മേഖലയില്‍ മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 35 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും തീരപ്രദേശങ്ങളില്‍ ചൂടു കുറയുമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. ബുധനാഴ്ച രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലും മലയോര പ്രദേശങ്ങളിലും മഴയുണ്ടാകും. 45 കിലോ മീറ്റര്‍ വേഗത്തില്‍വരെ കാറ്റുവീശാനും ഇടയുണ്ട്. പടിഞ്ഞാറന്‍ മേഖലയില്‍ മൂടല്‍ മഞ്ഞിന് ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം, റാസല്‍ഖൈമയിലെ ജൈസ് പര്‍വതത്തില്‍ രാവിലെ 4:45 ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 25.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

Related Articles
Next Story
Share it