യുഎഇ വിസക്ക് അപേക്ഷിക്കുമ്പോള്‍ സന്ദര്‍ശകര്‍ ഇനി പാസ്പോര്‍ട്ട് കവര്‍ കോപ്പി കൂടി സമര്‍പ്പിക്കണം

അബുദാബി: യുഎഇ വിസക്ക് അപേക്ഷിക്കുമ്പോള്‍ സന്ദര്‍ശകര്‍ ഇനി പാസ്പോര്‍ട്ട് കവര്‍ കോപ്പി കൂടി സമര്‍പ്പിക്കണം. ദുബൈയിലെ ആമര്‍ സെന്ററുകളും, ദുബൈ, അബുദാബി എന്നിവിടങ്ങളിലെ ടൈപ്പിങ് സെന്ററുകളും ഇക്കാര്യം അറിയിച്ചു.
കഴിഞ്ഞ ആഴ്ച മുതലാണ് ഈ നിബന്ധന നിലവില്‍ വന്നതെന്നാണ് ഒരു അമേര്‍ സെന്റര്‍ പ്രതിനിധി അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ട്രാവല്‍ ഏജന്‍സികളില്‍ നിന്ന് അറിയിപ്പുകള്‍ ലഭിച്ചതായും ഇപ്പോള്‍ അപേക്ഷയോടൊപ്പം പുറം കവര്‍ പേജ് അപ്ലോഡ് ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഖലീജ് ടൈംസ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
എല്ലാ എന്‍ട്രി പെര്‍മിറ്റ് അപേക്ഷകള്‍ക്കും പാസ്പോര്‍ട്ട് പുറം കവര്‍ പേജ് അറ്റാച്ചുചെയ്യേണ്ടത് നിര്‍ബന്ധമാണ്, ഇത് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരും. ഇനി മുതല്‍, പ്രവേശന പെര്‍മിറ്റിന് അപേക്ഷിക്കുന്നവര്‍ അവരുടെ പാസ്പോര്‍ട്ട് പകര്‍പ്പ്, വ്യക്തമായ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഹോട്ടല്‍ ബുക്കിംഗ് സ്ഥിരീകരണം, റിട്ടേണ്‍ ടിക്കറ്റ് കോപ്പി, പാസ്പോര്‍ട്ട് പുറം പേജ് എന്നിവ സമര്‍പ്പിക്കണം എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആഴ്ച തന്റെ സ്ഥാപനത്തിന് ഇതേക്കുറിച്ച് അറിയിപ്പ് നല്‍കുന്ന ഒരു ഇമെയില്‍ ലഭിച്ചതായി മറ്റൊരു അമേര്‍ സെന്റര്‍ എക്‌സിക്യൂട്ടീവും സ്ഥിരീകരിച്ചു. ഇമെയില്‍ ലഭിച്ചതിനുശേഷം, സിസ്റ്റത്തിലെ എല്ലാ വിസിറ്റ് വിസകള്‍ക്കും മറ്റ് എന്‍ട്രി പെര്‍മിറ്റുകള്‍ക്കുമായി ഞങ്ങള്‍ പുറം പാസ്പോര്‍ട്ട് കവര്‍ പേജ് അപ്ലോഡ് ചെയ്തുവരികയാണെന്നും ഇപ്പോള്‍ ഇത് കൂടാതെ ഒരു എന്‍ട്രി പെര്‍മിറ്റും നേടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഭേദഗതിക്ക് പിന്നിലുള്ള കാരണം വ്യക്തമല്ലെങ്കിലും അധികാരികളുടെ ആശയക്കുഴപ്പം നീക്കാന്‍ ഇത് സഹായിക്കുമെന്നാണ് ചില യാത്രാ വിദഗ്ദ്ധര്‍ പറയുന്നത്.
'ചിലപ്പോള്‍, ചില അപേക്ഷകര്‍ തെറ്റായ ദേശീയതയാണ് നല്‍കുന്നത്,' എന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ട്രാവല്‍ ഏജന്റ് പറഞ്ഞു. 'ചില പാസ്പോര്‍ട്ടുകളില്‍ തീരെ ചെറിയ അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നതിനാല്‍ ദേശീയത ഉറപ്പാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. പാസ്പോര്‍ട്ടിന്റെ കവര്‍ പേജ് ഉണ്ടായിരിക്കുന്നത് അവ്യക്തതകള്‍ നീക്കം ചെയ്യുകയും അപേക്ഷകന്റെ ദേശീയത എളുപ്പത്തില്‍ കണ്ടെത്താന്‍ അധികാരികളെ സഹായിക്കുകയും ചെയ്യും' എന്നും അദ്ദേഹം പറഞ്ഞു.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി), ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) എന്നിവ ഇതുവരെ ഇതുസംബന്ധിച്ച പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.