റാസ് അല്‍ ഖൈമയിലെ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; 5 മണിക്കൂറിനുള്ളില്‍ നിയന്ത്രണവിധേയമാക്കി

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല

യുഎഇ: റാസ് അല്‍ ഖൈമയിലെ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. തീപിടുത്തം റിപ്പോര്‍ട്ട് ചെയ്ത് 5 മണിക്കൂറിനുള്ളില്‍ തന്നെ ഉദ്യോഗസ്ഥരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായി തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു. തീപിടിത്തം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ റാസല്‍ഖൈമയിലെ സംയുക്ത എമര്‍ജന്‍സി പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുകയായിരുന്നു. തീപിടിത്തം നിയന്ത്രണവിധേയമാക്കാനും ശീതീകരണ, ഒഴിപ്പിക്കല്‍ നടപടികള്‍ക്കുമായി 16 പ്രാദേശിക, ഫെഡറല്‍ വിഭാഗങ്ങളാണ് ഒരുമിച്ച് പ്രവര്‍ത്തിച്ചത്.

അല്‍ ഹലീല വ്യാവസായിക മേഖലയിലെ ഒരു പ്രധാന ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ തീവ്രത വലുതാണെങ്കിലും ആര്‍ക്കും പരിക്കുകളൊന്നും ഇല്ലെന്നാണ് അധികൃതര്‍ നല്‍കിയ വിവരം. എമര്‍ജന്‍സി ടീമുകളുടെ ദ്രുതഗതിയിലുള്ള ഇടപെടല്‍ മൂലം സമീപത്തെ വെയര്‍ഹൗസുകളിലേക്കോ മറ്റ് ഇടങ്ങളിലേക്കോ തീ വ്യാപിക്കാതെ തടയാന്‍ കഴിഞ്ഞതായി റാസല്‍ഖൈമ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫും ലോക്കല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ ടീം മേധാവി മേജര്‍ ജനറല്‍ അലി അബ്ദുള്ള ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു.

തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ റാസ് അല്‍ ഖൈമയുടെ സംയുക്ത സംഘം അടിയന്തര പദ്ധതി സജീവമാക്കി. മറ്റ് എമിറേറ്റുകളില്‍ നിന്നുള്ള അഗ്‌നിശമന യൂണിറ്റുകളുടെയും പ്രത്യേക സാങ്കേതിക സംഘങ്ങളുടെയും പിന്തുണയോടെ സിവില്‍ ഡിഫന്‍സ് ടീമുകള്‍ തീയണയ്ക്കാന്‍ സ്ഥലത്തെത്തി.

തീപിടിത്തത്തിന് പിന്നാലെ ഫോറന്‍സിക്, ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘങ്ങള്‍ തെളിവ് ശേഖരണം ഉള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

Related Articles
Next Story
Share it