യുഎഇയില്‍ ദീപാവലിക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഇന്ത്യന്‍ സ്‌കൂളുകള്‍

കുടുംബങ്ങള്‍ക്ക് ഒരുമിച്ച് ദീപങ്ങളുടെ ഉത്സവം ആഘോഷിക്കാനുള്ള അവസരങ്ങളാണ് ലഭിച്ചിരിക്കുന്നത്.

ദുബായ്: യുഎഇയില്‍ ദീപാവലിക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഇന്ത്യന്‍ സ്‌കൂളുകള്‍. വെള്ളിയാഴ്ച മുതല്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. മറ്റ് ചില സ്‌കൂളുകള്‍ക്ക് ശനിയാഴ്ച മുതല്‍ നാല് ദിവസത്തെ അവധിയാണ്, ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം ബുധനാഴ്ച സ്‌കൂളുകള്‍ വീണ്ടും തുറക്കും.

മാതാപിതാക്കളും വിദ്യാര്‍ത്ഥികളും ഒരുപോലെ ഈ നീക്കത്തെ സ്വാഗതം ചെയ്തു, കുടുംബങ്ങള്‍ക്ക് ഒരുമിച്ച് ദീപങ്ങളുടെ ഉത്സവം ആഘോഷിക്കാനുള്ള അവസരങ്ങളാണ് ലഭിച്ചിരിക്കുന്നത്. വാരാന്ത്യത്തോടനുബന്ധിച്ചുള്ള ഈ അവധികള്‍ കുടുംബങ്ങള്‍ക്ക് യാത്ര, ക്ഷേത്ര സന്ദര്‍ശനം, ഉത്സവങ്ങള്‍ക്കായുള്ള ഒത്തുചേരലുകള്‍ എന്നിവയ്ക്കായി ഉപകരിക്കാം.

ദുബായിലെ ഔര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂള്‍ അവധി പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത് ഇങ്ങനെ: 'മുഴുവന്‍ OIS കുടുംബത്തിന്റെയും പേരില്‍, നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സന്തോഷകരമായ ദീപാവലി ആശംസകള്‍ നേരുന്നു. 2025 ഒക്ടോബര്‍ 17 വെള്ളിയാഴ്ചയും 2025 ഒക്ടോബര്‍ 20 തിങ്കളാഴ്ചയും ദീപാവലി ദിനത്തില്‍ സ്‌കൂള്‍ അടച്ചിരിക്കും. 2025 ഒക്ടോബര്‍ 21 ചൊവ്വാഴ്ച മുതല്‍ പതിവ് പോലെ സ്‌കൂള്‍ പ്രവൃത്തി സമയം പുനരാരംഭിക്കും.'

വിവിധ വിദ്യാഭ്യാസ ഗ്രൂപ്പുകള്‍ക്ക് കീഴിലുള്ള മറ്റ് നിരവധി ഇന്ത്യന്‍ സ്‌കൂളുകളും സമാനമായ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. യുഎഇയിലെ ഇന്ത്യന്‍ ഹിന്ദു സമൂഹത്തിന് ലോകമെമ്പാടുമുള്ള പോലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി. വിളക്കുകള്‍ കത്തിച്ചും പരമ്പരാഗത ആചാരങ്ങളോടും മധുരപലഹാരങ്ങളോടും കൂടിയാണ് ഇത് ആഘോഷിക്കുന്നത്.

ആഘോഷങ്ങളുടെ ഈ വേളയില്‍, സാംസ്‌കാരിക കാര്യങ്ങളില്‍ ശ്രദ്ധയൂന്നാനും കുടുംബബന്ധങ്ങള്‍ ദൃഢമാക്കാനും അവധി ഉപയോഗിക്കാനാണ് സ്‌കൂളുകള്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നത്. വുഡ്ലം പാര്‍ക്ക് സ്‌കൂള്‍ ദുബായ്, ക്രെഡന്‍സ് ഹൈസ്‌കൂള്‍, അബുദാബിയിലെ ഷൈനിങ് സ്റ്റാര്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ എന്നിവയും ഇതിനകം തന്നെ ദീപാവലി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles
Next Story
Share it