യുഎഇയില്‍ അടുത്ത ദിവസങ്ങളില്‍ താപനിലയില്‍ കുറവ് വരാന്‍ സാധ്യത!
നാല് മുതല്‍ അഞ്ച് ഡിഗ്രി വരെ കുറയുകയും പിന്നീട് വീണ്ടും ഉയരുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷരുടെ വിലയിരുത്തല്‍

യുഎഇ: അടുത്ത ദിവസങ്ങളില്‍ യുഎഇയില്‍ താപനിലയില്‍ കുറവുണ്ടാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് മുതല്‍ അഞ്ച് ഡിഗ്രി വരെ കുറയുകയും പിന്നീട് വീണ്ടും ഉയരുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷരുടെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസങ്ങളില്‍ അബുദാബിയിലെയും ദുബായിലും കനത്ത പൊടിക്കാറ്റ്, മൂടല്‍മഞ്ഞ്, ഇടയ്ക്കിടെയുള്ള മഴ, താപനിലയില്‍ ഗണ്യമായ കുറവ് എന്നിവ അനുഭവപ്പെട്ടിരുന്നു. ശക്തമായ കാറ്റുമൂലമുണ്ടായ പൊടിക്കാറ്റ് ഞായറാഴ്ചയും തിങ്കളാഴ്ചയും ഈ പ്രദേശങ്ങളില്‍ കാഴ്ചാപരിധി കുറയ്ക്കുകയും ചെയ്തു.
വടക്ക് പടിഞ്ഞാറന്‍ കാറ്റ് കാരണം ബുധനാഴ്ച താപനില 4-5 ഡിഗ്രി സെല്‍ഷ്യസ് കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷകന്‍ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു. പ്രത്യേകിച്ച് അബുദാബിയില്‍ ഇത് പ്രകടമാകും. തീരദേശ മേഖലകളിലെല്ലാം താപനില കുറയുമെങ്കിലും പടിഞ്ഞാറന്‍ മേഖലയിലും ദുബായ് ഉള്‍പ്പെടെയുള്ള മറ്റ് ഭാഗങ്ങളിലും ഇതിന്റെ സ്വാധീനം കൂടുതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ ആഴ്ച, ദുബായിലെ മര്‍ഗാം പ്രദേശത്തും, അബുദാബിയിലെ അല്‍ ദഫ്ര മേഖലയിലും, അല്‍ ഐനിലെ ഉം ഗഫ, അല്‍ ഫഖ, ഉം അല്‍ സുമൗള്‍, ഖത്ം അല്‍ ശിഖ്‌ല എന്നിവയുള്‍പ്പെടെ നിരവധി ഭാഗങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചില പ്രദേശങ്ങളില്‍ അധികൃതര്‍ ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു, അപകടകരമായ കാലാവസ്ഥയെക്കുറിച്ച് താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ജാഗ്രത പാലിക്കുകയും ചെയ്തു. അടുത്ത കുറച്ച് ദിവസങ്ങളില്‍ ഈ രീതികള്‍ ഇടയ്ക്കിടെ തുടരുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
'എല്ലാവര്‍ഷവും ഇതേസമയത്ത് ഈ പ്രതിഭാസം സംഭവിക്കാറുണ്ടെന്ന് ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു. 'ഇത് സാധാരണയായി ജൂലൈ പകുതി മുതല്‍ ഓഗസ്റ്റ് പകുതി വരെ സംഭവിക്കുന്നു, സജീവമായ കാലാവസ്ഥയും നേരിയതോ മഴയില്ലാത്തതോ ആയ ദിവസങ്ങള്‍ മാറിമാറി ഉണ്ടാകാറുണ്ട്.'
ഈ ആഴ്ചയുടെ അവസാനത്തോടെ യുഎഇയുടെ ഉള്‍പ്രദേശങ്ങളിലും ദഫ്റയുടെ തെക്കന്‍ ഭാഗങ്ങളിലും ശക്തമായ മഴയ്ക്കും ചിലപ്പോള്‍ ആലിപ്പഴത്തിനും സാധ്യതയുള്ള സംവഹന മേഘങ്ങള്‍ രൂപപ്പെടും. ദുബായിയുടെ പ്രാന്തപ്രദേശങ്ങളായ മര്‍മൂം, എക്‌സ്‌പോ സിറ്റിയുടെ ചില ഭാഗങ്ങള്‍, ലിവായുടെ തെക്കന്‍ ഭാഗങ്ങള്‍, അബുദാബിയിലെ അല്‍ ദഫ്റയുടെ വിദൂര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന വിവരം.