ഷാര്‍ജയിലെ വില്ലയില്‍ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് തീപിടുത്തം; ഒരാള്‍ക്ക് പൊള്ളലേറ്റു

യുഎഇ: ഷാര്‍ജയിലെ ഖോര്‍ ഫക്കാനിലെ വില്ലയില്‍ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു. വെള്ളിയാഴ്ച രാവിലെ ഖോര്‍ ഫക്കാനിലെ വില്ലയിലാണ് അപകടമുണ്ടായത്. ഷാര്‍ജ പൊലീസിന്റെയും ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റിയുടെയും പ്രത്യേക സംഘങ്ങള്‍ സംഭവസ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കി. അതിനാല്‍ കൂടുതല്‍ അപകടങ്ങളൊന്നും സംഭവിച്ചില്ല. പൊള്ളലേറ്റ 52 കാരനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ ആറ് മണിക്ക് അപകടം സംഭവിച്ച കുടുംബാംഗത്തില്‍ നിന്ന് കണ്‍ട്രോള്‍ റൂമിന് വിവരം ലഭിക്കുകയും ഉടന്‍ തന്നെ അപകടസ്ഥലത്തേക്ക് പ്രത്യേക സംഘങ്ങളെയും ആംബുലന്‍സിനെയും അയക്കുകയായിരുന്നുവെന്നും കിഴക്കന്‍ മേഖലയിലെ പൊലീസ് വകുപ്പ് ഡയറക്ടര്‍ കേണല്‍ വാലിദ് യമഹി പറഞ്ഞു.
ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റിയിലെ അഗ്‌നിശമന വിദഗ്ധരുടെ അഭിപ്രായത്തില്‍, വീടിന്റെ ആന്തരിക മലിനജല ശൃംഖലകളില്‍ നിന്ന് പുറന്തള്ളുന്ന വാതകങ്ങളുടെ പരിമിതമായ വാതക ചോര്‍ച്ചയാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
അഴുക്കുചാലിന്റെ സുരക്ഷയും വൃത്തിയും ഇടയ്ക്കിടെ ഉറപ്പാക്കണമെന്നും, കത്തുന്ന വാതകങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സുരക്ഷയും പ്രതിരോധ നടപടികളും പാലിക്കണമെന്നും, അത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈകാര്യം ചെയ്യുന്ന അധികൃതരെ കൊണ്ട് അവ കൃത്യമായി പരിശോധിക്കുകയും പരിപാലിക്കുകയും ചെയ്യണമെന്നും കിഴക്കന്‍ മേഖലയിലെ പൊലീസ് വകുപ്പ് ഡയറക്ടര്‍ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.