ഷാര്‍ജയില്‍ മലയാളി യുവതി വിപഞ്ചികയും മകളും മരിച്ച സംഭവം; ഭര്‍ത്താവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ഇക്കഴിഞ്ഞ ജൂലൈ 8 ന് ഷാര്‍ജയിലെ അല്‍ നഹ്ദ അപ്പാര്‍ട്ട്‌മെന്റിലാണ് ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവതി വിപഞ്ചികയും(32) ഒന്നരവയസുള്ള മകള്‍ വൈഭവിയും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇക്കഴിഞ്ഞ ജൂലൈ 8 ന് ഷാര്‍ജയിലെ അല്‍ നഹ്ദ അപ്പാര്‍ട്ട്‌മെന്റിലാണ് ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. യുഎഇയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തെയും ജന്മനാടായ കേരളത്തേയും ഒന്നടങ്കം ഇരുവരുടേയും മരണം നടുക്കിയിരുന്നു.
കേരള ക്രൈംബ്രാഞ്ച് പൊലീസാണ് വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷ് മോഹനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ യുഎഇയിലാണ് വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷ് മോഹന്‍. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്. പ്രതികള്‍ കേസില്‍ നിന്ന് രക്ഷപ്പെടുന്നത് തടയാനും കേരളത്തില്‍ ചോദ്യം ചെയ്യല്‍ നേരിടേണ്ടിവരുമെന്ന് ഉറപ്പാക്കാനുമാണ് ഈ നീക്കം.
ഷാര്‍ജയിലെ അധികാരികള്‍ നല്‍കിയ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ കുട്ടി ശ്വാസംമുട്ടി മരിച്ചതായും അമ്മ തൂങ്ങിമരിച്ചതായും സ്ഥിരീകരിച്ചു. വീട്ടുജോലിക്കാരി ഫ് ളാറ്റിലെത്തിയപ്പോള്‍ അകത്തു നിന്ന് പൂട്ടിയിരിക്കുന്ന നിലയിലായിരുന്നു. വിളിച്ചിട്ടും പ്രതികരിക്കാതിരുന്നതോടെ ഭര്‍ത്താവ് നിതീഷ് മോഹനെ വിളിച്ച് വിവരം പറയുകയായിരുന്നു. നിതീഷ് മോഹന്‍ വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കടന്ന് നോക്കിയപ്പോഴാണ് അമ്മയും മകളും മരിച്ചനിലയില്‍ കാണുന്നത്. ഇരുവരും കുറച്ച് നാളായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.
സംഭവവുമായി ബന്ധപ്പെട്ട് വിപഞ്ചികയുടെ ഭര്‍ത്താവും ഭര്‍തൃസഹോദരിയും കുടുംബാംഗങ്ങള്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ദീര്‍ഘകാലമായി വിപഞ്ചിക നേരിട്ടുവന്നിരുന്ന സ്ത്രീധനത്തിന്റെ പേരിലും ശാരീരിക മാനസിക രീതിയിലുള്ള ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കുമാണ് കേസ് എടുത്തിട്ടുള്ളത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും ശാരീരിക ഉപദ്രവങ്ങള്‍ നേരിട്ടിരുന്നുവെന്ന് ആറുപേജുള്ള ആത്മഹത്യാ കുറിപ്പില്‍ വിപഞ്ചിക വിശദമാക്കിയിരുന്നു. വിപഞ്ചികയുടെ രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് അന്വേഷണം വിപുലീകരിക്കാനാണ് കേരള പൊലീസിന്റെ നീക്കം.
വിപഞ്ചികയുടെ വീട്ടുജോലിക്കാരിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയതായും ഭര്‍ത്താവിനെ ചോദ്യം ചെയ്യുന്നതിനായി കേരളത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ ആസൂത്രണം ചെയ്യുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിപഞ്ചിക ഉപയോഗിച്ചിരുന്ന ലാപ് ടോപ്പിന്റെ ഫോറന്‍സിക് വിശകലനം നടത്താനും ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ട്. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ ഒറിജിനല്‍ പതിപ്പ് ഉള്‍പ്പെടെയുള്ള നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ ഇതില്‍ ഉണ്ടാകാമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കു കൂട്ടല്‍. വിപഞ്ചികയുടെ ഫേസ്ബുക്ക് കുറിപ്പ് നീക്കം ചെയ്തതായി കണ്ടെത്തിയിരുന്നു.
അതേസമയം ജൂലൈ 19 ന് 30-ാം ജന്മദിനത്തില്‍ ഷാര്‍ജയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കേരള യുവതി അതുല്യ ശേഖറിന്റെ കേസില്‍, യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ ഭര്‍ത്താവ് സതീഷ് ശിവശങ്കര പിള്ളയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗാര്‍ഹിക പീഡന ആരോപണത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ മുന്‍കൂര്‍ ജാമ്യത്തില്‍ വിട്ടെങ്കിലും കേസ് കേരള ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ്.