തീര്‍ഥാടകര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതില്‍ വീഴ്ച വരുത്തി; 4 ഉംറ സര്‍വീസ് കമ്പനികള്‍ക്ക് സസ്‌പെന്‍ഷന്‍
മറ്റ് നിരവധി കമ്പനികള്‍ക്ക് സാമ്പത്തിക പിഴ ചുമത്തുകയും ചെയ്തു

ദുബായ്: തീര്‍ഥാടകര്‍ക്ക് പുതിയ നിയമം അനുസരിച്ചുള്ള താമസ സൗകര്യം ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നാല് ഉംറ കമ്പനികളെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. മറ്റ് നിരവധി കമ്പനികള്‍ക്ക് സാമ്പത്തിക പിഴ ചുമത്തുകയും ചെയ്തു.
സേവനങ്ങള്‍ നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയതിനും നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചതിനുമാണ് ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തത്. ഈ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണ് ചെയ്തത്. മുന്‍ കരാറുകള്‍ ലംഘിച്ച് നിരവധി കമ്പനികള്‍ തീര്‍ത്ഥാടകര്‍ക്ക് വാഗ്ദാനം ചെയ്ത ഭവന മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതായും മന്ത്രാലയം കണ്ടെത്തി.
ടൂറിസം മന്ത്രാലയത്തിന്റെ ലൈസന്‍സ് നേടിയിട്ടുള്ള ഹോട്ടലുകള്‍, അപ്പാര്‍ട്ട് മെന്റുകള്‍, വില്ലകള്‍ തുടങ്ങിയ താമസകേന്ദ്രങ്ങളുമായി കരാറൊപ്പിട്ട രേഖകള്‍ മന്ത്രാലയത്തിന്റെ 'നുസുക് മസാര്‍' പ്ലാറ്റ് ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും അതനുസരിച്ചുള്ള താമസസൗകര്യം ഉംറ തീര്‍ഥാടകര്‍ക്ക് ഒരുക്കി നല്‍കാത്തതിനുമാണ് നാല് കമ്പനികളെ സസ്‌പെന്‍ഡ് ചെയ്തത്.
തീര്‍ഥാടകര്‍ക്ക് പൂര്‍ണ അവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഉയര്‍ന്ന നിലവാരത്തിലും പ്രൊഫഷനലിസത്തിലും സേവനങ്ങള്‍ നല്‍കാനും വീഴ്ചകള്‍ തടയാനുമുള്ള പ്രതിബദ്ധത ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. അംഗീകൃത ചട്ടങ്ങളും നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കണമെന്നും നിര്‍ദിഷ്ട ഷെഡ്യൂളുകള്‍ക്കനുസൃതമായി തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കണമെന്നും എല്ലാ ഉംറ കമ്പനികളോടും സ്ഥാപനങ്ങളോടും മന്ത്രാലയം ആഹ്വാനം ചെയ്തു.
'ഈ ലംഘനങ്ങള്‍ ദാതാക്കളുമായി സമ്മതിച്ച സേവന പ്രതിബദ്ധതകള്‍ക്ക് വിരുദ്ധമാണ്, കൂടാതെ തീര്‍ത്ഥാടകര്‍ക്കായി ഞങ്ങള്‍ പ്രതീക്ഷിക്കുന്ന മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നുമില്ല,'എന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 'തീര്‍ത്ഥാടകരുടെ സുഖം, സുരക്ഷ, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നത് ഞങ്ങളുടെ മുന്‍ഗണനയായി തുടരുന്നു'- എന്നും മന്ത്രാലയം വ്യക്തമാക്കി.
ഓരോ ലംഘനത്തിന്റെയും തീവ്രതയും ആവര്‍ത്തനവും അനുസരിച്ച് പിഴകള്‍ വ്യത്യാസപ്പെടുന്നു. നാല് സ്ഥാപനങ്ങളെ സസ്‌പെന്‍ഡ് ചെയ്തതിന് പുറമേ, മറ്റ് കമ്പനികള്‍ക്ക് പിഴ ചുമത്തി, എന്നിരുന്നാലും മന്ത്രാലയം കൃത്യമായ തുകകള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഹജ്ജ്, ഉംറ മന്ത്രാലയം മേഖലയിലുടനീളം കര്‍ശനമായ നിയമം നടപ്പിലാക്കുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചു. 'കരാര്‍ പ്രകാരമുള്ള കടമകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുകയോ അശ്രദ്ധ കാണിക്കുകയോ ചെയ്താല്‍ കടുത്ത നിയമപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും' - എന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.