സാമ്പത്തിക തര്‍ക്കം: സൗദി അറേബ്യയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു; 2 എത്യോപ്യന്‍ പൗരന്‍മാര്‍ അറസ്റ്റില്‍
ജാര്‍ഖണ്ഡ് സ്വദേശി വിജയ് കുമാര്‍ മഹതോ ആണ് കൊല്ലപ്പെട്ടത്

റിയാദ്: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു. സൗദി ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. പര്‍വതപ്രദേശത്ത് നിയമവിരുദ്ധ വസ്തുക്കള്‍ വാങ്ങിയതിനെച്ചൊല്ലിയുണ്ടായ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യാക്കാരന്‍ കൊല ചെയ്യപ്പെട്ടതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
സൗദി അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചതിന് ജിദ്ദ പ്രവിശ്യ പൊലീസ് അറസ്റ്റ് ചെയ്ത എത്യോപ്യന്‍ പൗരത്വമുള്ള രണ്ട് വ്യക്തികളില്‍ ഒരാളാണ് കൊലയ്ക്ക് പിന്നില്‍. പരിക്കേറ്റ ഇന്ത്യാക്കാരനെ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ജാര്‍ഖണ്ഡ് സ്വദേശി വിജയ് കുമാര്‍ മഹതോ (27) ആണ് കൊല്ലപ്പെട്ടത്. ഗിരിഡി ജില്ലയിലെ ദുധാപാനിയ ഗ്രാമ സ്വദേശിയായ വിജയ്, ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ടവര്‍ ലൈന്‍ ഫിറ്ററായി ജോലി ചെയ്തുവരികയായിരുന്നു. ഒക്ടോബര്‍ 16നാണ് സംഭവം നടന്നത്. ജിദ്ദ ഗവര്‍ണറേറ്റിലെ ഒരു മലയോര മേഖലയില്‍ വെച്ച് നിയമവിരുദ്ധ വസ്തുക്കള്‍ വാങ്ങിയതിനെ ചൊല്ലിയുള്ള സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ഇവര്‍ വിജയിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ട് എത്യോപ്യന്‍ കുറ്റവാളികളും നിരോധിത വസ്തുക്കളും മയക്കുമരുന്നും കടത്തുന്നതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ഇരുവരെയും സൗദി പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കി നിയമനടപടികള്‍ സ്വീകരിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

