സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ 30 ദിവസം കൂടി അനുവദിച്ച് സൗദി അറേബ്യ

ആഗസ്റ്റ് 26 വരെയാണ് പുതിയ കാലാവധി

ദുബായ്: സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ 30 ദിവസം കൂടി അനുവദിച്ച് സൗദി അറേബ്യ. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാ വിഭാഗം സന്ദര്‍ശക വിസകള്‍ക്കും ഇത് ബാധകമാണ്. ജൂലൈ 26 മുതല്‍ ഇളവ് പ്രാബല്യത്തില്‍ വന്നു. ആഗസ്റ്റ് 26 വരെയാണ് പുതിയ കാലാവധി. ഫീസും, പിഴകളും അടച്ചാല്‍ നിയമാനുസൃതമായി രാജ്യം വിടാന്‍ അവസരം ഒരുക്കുന്നതാണ് പുതിയ തീരുമാനം.

ജുലൈ 27 വരെയുള്ള ഒരുമാസത്തെ ഇളവാണ് കാലാവധി തീര്‍ന്ന സന്ദര്‍ശക വിസക്കാര്‍ക്ക് നല്‍കിയിരുന്നത്. ഇത് അവസാനിച്ചതോടെയാണ് 30 ദിവസത്തേക്ക് കൂടി കാലാവധി നീട്ടിനല്‍കിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ 'അബ്ഷര്‍' പ്ലാറ്റ് ഫോമിലെ 'തവാസുല്‍' സേവനത്തിലൂടെ യോഗ്യരായ വ്യക്തികള്‍ക്ക് വിസ ദീര്‍ഘിപ്പിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാമെന്ന് ഡയറക്ടറേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ രാജ്യം വിടാനുള്ള ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നതിനും കൂടുതല്‍ പിഴകള്‍ ഒഴിവാക്കുന്നതിനും സംവിധാനം ഉപയോഗിക്കണമെന്ന് ഉദ്യോഗസ്ഥര്‍ സന്ദര്‍ശകരോട് അഭ്യര്‍ത്ഥിച്ചു.

ജൂണില്‍ ആദ്യമായി അവതരിപ്പിച്ച ഈ സംരംഭം, എക്‌സിറ്റ് നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും രാജ്യത്തിന്റെ റെസിഡന്‍സി, ഇമിഗ്രേഷന്‍ നിയമങ്ങള്‍ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. ജൂണ്‍ 26 മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ നയം പ്രകാരം, വിസയുടെ തരം അല്ലെങ്കില്‍ വര്‍ഗ്ഗീകരണം പരിഗണിക്കാതെ, രാജ്യം വിടുന്നതിന് മുമ്പ് പിഴയും അഡ്മിനിസ്‌ട്രേറ്റീവ് ഫീസും അടയ്ക്കുന്നതിന് 30 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിരുന്നു.

വിസ കാലാവധി കഴിഞ്ഞശേഷം രാജ്യത്ത് തുടരുന്ന സന്ദര്‍ശകര്‍ക്ക് താമസം നിയന്ത്രിക്കുന്നതിനും സുഗമമായി രാജ്യം വിടാനുമുള്ള നടപടികള്‍ ഉറപ്പാക്കുന്നതിനുള്ള സൗദി അറേബ്യയുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് പുതിയ തീരുമാനം.

വിസ കാലാവധി അവസാനിച്ച് രാജ്യത്ത് തങ്ങുന്നവര്‍ക്കും ഇവരെ കൊണ്ടുവന്നവര്‍ക്കും ഏറെ ആശ്വാസകരമാണ് പുതിയ പ്രഖ്യാപനം.

Related Articles
Next Story
Share it